കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷം, മുല്ലപ്പള്ളിക്കെതിരേ ഗ്രൂപ്പുകള്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: ഗ്രൂപ്പുകള്‍ക്കു പുറത്തുള്ള കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരേ എ, ഐ ഗ്രൂപ്പുകള്‍ ശക്തമായി രംഗത്ത്. ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസമായതും ഗ്രൂപ്പുകള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന എണ്ണം പറഞ്ഞുള്ള പരിഗണനകള്‍ ഇല്ലാതാക്കുന്നതുമാണ് മുല്ലപ്പള്ളിക്കെതിരേ ഒത്തുചേര്‍ന്ന് നീക്കങ്ങള്‍ നടത്തുന്നതിന് എ,ഐ ഗ്രൂപ്പുകളെ പ്രേരിപ്പിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി മുല്ലപ്പള്ളിക്കെതിരായി പാര്‍ട്ടിക്കുള്ളിലെ ആക്രമണം എ, ഐ ഗ്രൂപ്പുകള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. വി.എം.സുധീരനെ പ്രസിഡന്റു സ്ഥാനത്തുനിന്ന് പുറത്താക്കിയതുപോലെ പരമാവധി സമ്മര്‍ദം സൃഷ്ടിച്ച് മുല്ലപ്പള്ളിയേയും പുറത്താക്കുകയാണ് ഗ്രൂപ്പുകളുടെ ലക്ഷ്യം. പക്ഷേ ഹൈക്കമാന്‍ഡുമായി മുല്ലപ്പള്ളിക്ക് നേരിട്ടുള്ള വളരെ അടുത്ത ബന്ധം ഗ്രൂപ്പുകളുടെ നീക്കങ്ങള്‍ക്ക് വിഘാതമാകുന്നുണ്ട്. മാത്രമല്ല ഗ്രൂപ്പുകള്‍ക്കതീതനായി കെ.സി വേണുഗോപാല്‍ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായുള്ളതും ഗ്രൂപ്പുകള്‍ക്ക് തടസമാകുന്നുണ്ട്.
തനിക്കെതിരായ നീക്കങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വയം പ്രതിരോധമെന്ന നിലയിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കേണ്ടെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചാല്‍ മാത്രം യോഗമെന്നുമുള്ള തീരുമാനത്തിലേക്ക് മുല്ലപ്പള്ളി എത്തിച്ചേര്‍ന്നത്.
രാഷ്ട്രീയകാര്യ സമിതി യോഗം ചേരുകയും അതില്‍ രൂക്ഷമായ വിമര്‍ശനമുന്നയിച്ച ശേഷം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കുകയും ചെയ്തത് ഗ്രൂപ്പുകാര്‍ ആണെന്ന് മുല്ലപ്പള്ളിക്ക് ബോധ്യമായിട്ടുണ്ട്.
തന്നെ ചെളിവാരിയെറിയാന്‍ രാഷ്ട്രീകാര്യ സമിതി യോഗം വിളിച്ച് ഇനിയും അവസരം നല്‍കേണ്ടതില്ലെന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു അടുത്ത എട്ടിന് ചേരാനിരുന്ന യോഗം മുല്ലപ്പള്ളി ഏകപക്ഷീയമായി ഉപേക്ഷിച്ചത്.
മുല്ലപ്പള്ളിയുടെ കടുംപിടുത്തം കാരണം ഭാരവാഹി നിര്‍ണയം പോലും നീണ്ടു. കെ.പി.സി.സി ഭാരവാഹി പട്ടികയില്‍ നിന്നും ഗ്രൂപ്പ് നേതാക്കള്‍ നിര്‍ദേശിച്ച പ്രമുഖരെ ഉള്‍പ്പെടെ ഒഴിവാക്കിയതും ഇരട്ടപ്പദവി ഒഴിവാക്കാന്‍ എം.പിമാരെയും എം.എല്‍.എമാരെയും പാര്‍ട്ടി ഭാരവാഹിത്തത്തില്‍നിന്നും ഒഴിവാക്കണമെന്ന ശക്തമായ നിലപാടെടുത്തതുമെല്ലാം മുല്ലപ്പള്ളിയോടുള്ള ഗ്രൂപ്പുകളുടെ അതൃപ്തിക്ക് കാരണമായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തില്‍ ഗ്രൂപ്പുകള്‍ മുല്ലപ്പള്ളിക്കെതിരേ പടയൊരുക്കം നടത്തുകയായിരുന്നു. അതാണ് രാഷ്ട്രീയകാര്യ സമിതിയില്‍ പരസ്പരം പോര്‍വിളിയിലേക്കുവരെ എത്തുന്ന തരത്തില്‍ കാര്യങ്ങള്‍ കൈവിട്ടുപോയത്.
കോണ്‍ഗ്രസിലെ ആഭ്യന്തര കലാപം രൂക്ഷമായതോടെ മുന്നണിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ആളില്ലാതായിട്ടുണ്ട്. കേരള കോണ്‍ഗ്രസ് മാണി, ജേക്കബ് വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കാന്‍ കഴിയാത്ത അവസ്ഥയാണ് കോണ്‍ഗ്രസിനുള്ളത്.
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും കോണ്‍ഗ്രസിന്റെ ഉള്‍പ്പോരിനൊപ്പമായതിനാല്‍ അവര്‍ക്ക് കാര്യമായ ഇടപെടല്‍ നടത്താനുമാകുന്നില്ല. മുന്നണിയെന്ന നിലയില്‍ മുല്ലപ്പള്ളിയെ ഇവര്‍ യു.ഡി.എഫിലേക്ക് അടുപ്പിക്കാത്ത സാഹചര്യവും പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."