കുത്തിയതോട് പാലം വീണ്ടും സംസ്ഥാന ബജറ്റില്‍
മാള: കുണ്ടൂര്‍ കുത്തിയതോട് പാലം വീണ്ടും സംസ്ഥാന ബജറ്റില്‍ ഇടംപിടിച്ചു. ധനമന്ത്രി തോമസ് ഐസക് ഇന്നലെ നിയമസഭയില്‍ അവതരിപ്പിച്ച പുതിയ പാലങ്ങളുടെ കൂട്ടത്തിലാണ് കുണ്ടൂര്‍ കുത്തിയതോട് പാലം വീണ്ടും ഇടംപിടിച്ചത്.
കഴിഞ്ഞ യു.ഡി.എഫ് മന്ത്രിസഭയുടെ കാലത്ത് അന്നത്തെ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റിലും ഈ പാലം ഉള്‍പ്പെട്ടിരുന്നു. എന്നാല്‍ പാലം നിര്‍മിക്കാനുള്ള സാഹചര്യം ഇതുവരെയുണ്ടായിട്ടില്ല. പാലത്തിന്റെ ഒരു ഭാഗത്തുമുള്ളവര്‍ പറയുന്ന രൂപരേഖയില്‍ പാലം പണിയാനായി സ്ഥലം വിട്ടുനല്‍കാന്‍ മറുഭാഗത്തുള്ളവര്‍ തയാറാകാത്തതാണ് നിര്‍മാണം നീണ്ടുപോകാന്‍ കാരണം.
രണ്ടു പ്രദേശത്തുമുള്ള ജനങ്ങള്‍ക്കിടയില്‍ പാലത്തിന്റെ കാര്യത്തില്‍ ധാരണയുണ്ടാക്കിയാല്‍ മാത്രമേ പാലം യാഥാര്‍ഥ്യമാകുകയുള്ളൂ. തൃശൂര്‍, എറണാകുളം ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന കടവാണിത്. മാളയില്‍ നിന്നു തൃശൂരിലേക്കു കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ യാത്ര തുടങ്ങുന്നത് കുണ്ടൂര്‍ കടവില്‍ നിന്നാണ്.
അരനൂറ്റാണ്ടിലധികമായി ഈ സര്‍വിസ് മുടങ്ങിയിട്ടില്ല. രാവിലെ 7.50നാണ് ട്രിപ്പിന് തുടക്കം. കുണ്ടൂര്‍ കടവില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ മാറി ജില്ലകള്‍ അതിര്‍ത്തി പങ്കിടുന്ന പായ്തുരുത്തിലേക്ക് എറണാകുളം ജില്ലയില്‍ നിന്നു കോണ്‍ക്രീറ്റ് പാലം നിര്‍മിച്ചിട്ടുണ്ട്.
നിലവില്‍ മറുകര കടക്കാന്‍ നാലു കിലോമീറ്റര്‍ കറങ്ങി കണക്കന്‍കടവ് റെഗുലേറ്റര്‍ കം ബ്രിഡ്ജിനെ ആശ്രയിക്കുകയാണ് യാത്രക്കാര്‍. നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഏറെ കഴിയുംമുന്പ് അഡ്വ. വി.ആര് സുനില്‍കുമാര്‍ എം.എല്‍.എ പദ്ധതി പ്രദേശത്തു സന്ദര്‍ശനം നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."