വടക്കാഞ്ചേരി റെയില്‍വേ സ്റ്റേഷന്‍ കാളവണ്ടി യുഗത്തില്‍ തന്നെ പ്രഖ്യാപനങ്ങള്‍ മാത്രം ബാക്കി
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് ആസ്ഥാനവും, നഗരസഭയുമായ വടക്കാഞ്ചേരിയിലെ റെയില്‍വേ സ്റ്റേഷന്റെ സമഗ്ര വികസനം ഉറപ്പാക്കുമെന്ന അധികൃതരുടെ പ്രഖ്യാപനം കടലാസിലൊതുങ്ങുന്നു.
ഓരോ തെരഞ്ഞെടുപ്പു കാലത്തും വോട്ട് തട്ടാനുള്ള മാര്‍ഗമായി മാറുകയാണ് രാഷ്ട്രീയ കക്ഷികള്‍ക്ക് റെയില്‍വേ സ്റ്റേഷന്‍. വികസനം ഷൊര്‍ണൂര്‍ എറണാകുളം റെയില്‍വേ പാത ആരംഭിച്ചപ്പോള്‍ നടന്ന വികസനമല്ലാതെ പുതിയതായി എന്ത് നേടി എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോള്‍ വര്‍ഷങ്ങള്‍ പതിറ്റാണ്ടുകളുടെ ചരിത്രം പറയുമെങ്കിലും വികസനം കൈവിരലുകളില്‍ ഒതുങ്ങുന്നതാണ് അവസ്ഥ. ഏതാനും വര്‍ഷം മുന്‍പ് ആദര്‍ശ് റെയില്‍വേ സ്റ്റേഷനുകളുടെ പട്ടികയില്‍ വടക്കാഞ്ചേരിയേയും ഉള്‍പ്പെടുത്തിയതായി ബജറ്റില്‍ പ്രഖ്യാപനമുണ്ടായെങ്കിലും പിന്നീടൊന്നും നടന്നില്ല.
പി.കെ ബിജു എം.പി ഇതിന് വേണ്ടി പലവട്ടം ശ്രമം നടത്തിയെങ്കിലും ഒന്നും ഫലവത്തായില്ല. എം.പിയുടെ ഇടപെടല്‍ കാര്യക്ഷമമായിരുന്നില്ലെന്ന ആരോപണവും ശക്തമായി. വലിയ പ്രതിഷേധമുയര്‍ന്നപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്‌ഫോം അറ്റകുറ്റപണി നടത്തുകയും ഉയരം കൂട്ടി ടൈല്‍സ് വിരിച്ച് മനോഹരമാക്കുകയും ചെയ്തു. ഇതോടെ അവസാനിച്ചു റെയില്‍വേ സ്റ്റേഷന്‍ വികസനം രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോം ഇപ്പോഴും ജന ദുരിതത്തിന്റെ കേന്ദ്രമാണ്.
ട്രെയിനില്‍ കയറണമെങ്കിലും ഇറങ്ങണമെങ്കിലും ഒപ്പം കോണി കരുതണമെന്നതാണ് സ്ഥിതി. ഇതുമൂലം വയോധികരും ശാരീരിക അവശതയനുഭവിക്കുന്നവരും അനുഭവിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. ട്രെയിനില്‍ നിന്ന് വന്‍ താഴ്ചയിലേക്ക് ഇറങ്ങേണ്ടി വരുമ്പോള്‍ അപകടവും നിത്യസംഭവമാണ്.
പാളത്തിലെ വിടവിലേക്ക് കാല്‍ വഴുതി വീണ് മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്. മഴ കാലമായാല്‍ പ്ലാറ്റ് ഫോമില്‍ മഴ കൊള്ളാതെ നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണ്. തെരഞ്ഞെടുപ്പ് കാലമെത്തുമ്പോള്‍ മാത്രം റെയില്‍വേ സ്റ്റേഷന്‍ വികസനത്തെ കുറിച്ച് ഓര്‍മ്മ വരുന്ന രാഷ്ട്രീയ പാര്‍ട്ടികളുടേയും ജനപ്രതിനിധികളുടേയും നിലപാട് തിരുത്തണമെന്നാണ് നാട്ടുകാരുടേയും, റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്റെയും ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."