അരിവില വര്‍ധനക്കു പിന്നില്‍ ഗൂഢാലോചനയെന്ന് മന്ത്രി തിലോത്തമന്‍
കോട്ടയം: അരി വില വര്‍ധനക്കു പിന്നില്‍ വന്‍ ഗുഢാലോചനയെന്നും കൊല്ലം ലോബിയാണ് പ്രവര്‍ത്തിക്കുന്നതെന്നും സിവില്‍സപ്ലൈസ് വകുപ്പു മന്ത്രി പി.തിലോത്തമന്‍. കോട്ടയത്ത് സിവില്‍ സപ്ലൈസിന്റെ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ആരംഭിച്ച അരിക്കട ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം.
കഴിഞ്ഞ രണ്ടു മാസത്തിനിടെ ഒരു പ്രത്യേക തരം അരിക്ക് 11 രൂപ വര്‍ധിച്ചു. ഇതിനു പിന്നില്‍ ഗൂഢാലോചയുണ്ടെന്ന് മന്ത്രി പറഞ്ഞു. സാധരാണയായി ഓണക്കാലത്താണ് അരിവില വര്‍ധിക്കേണ്ടത്. അന്ന് വര്‍ധിച്ചില്ല. നവംബര്‍ മാസത്തോടെ സംസ്ഥാന സര്‍ക്കാര്‍ ഭക്ഷ്യ ഭദ്രതാ നിയമം നടപ്പാക്കി. ഇതോടെ അരിവിതരണം താറുമാറായി. ഈ സമയം ആന്ധ്രാ അരിക്ക് വില വര്‍ധിപ്പിച്ചുവെന്നും അദേഹം പറഞ്ഞു.
പൊതു വിപണിയില്‍ ജയ അരിയുടെ വില വര്‍ധിപ്പിക്കാനും ലഭ്യത കുറവ് ഉണ്ടെന്ന വ്യാജ പ്രചരണത്തിനും അരിക്കച്ചവട ഇടനിലക്കാര്‍ നടത്തുന്ന ഗൂഢ ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ ചുട്ട മറുപടിതന്നെ നല്‍കും. ജയ അരിയുടെ ചോറിനോട് ജനങ്ങള്‍ക്കുളള താത്പര്യം മുതലെടുത്ത് ചില ഏജന്റുമാരാണ് അരി വില വര്‍ധനയ്ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
ഇതിനെ പ്രതിരോധിക്കുന്നതിന് ആന്ധ്രാ, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നേരിട്ട് അരിയെടുത്താണ് അരിക്കടയിലൂടെ ന്യായവിലയ്ക്ക് ലഭ്യമാക്കുന്നത്. ജയഅരി സബ്‌സീഡി നിരക്കില്‍ 25 രൂപയ്ക്കും സബ്‌സിഡി ഇല്ലാതെ 37.95 രൂപയ്ക്കും ലഭിക്കും. കൂടാതെ മാവേലി മട്ട 24 രൂപ, മാവേലി പച്ചരി 23, ഐ.ആര്‍.എട്ട് പച്ചരി 28.75 രൂപ,കുട്ടനാടന്‍ മട്ട അരി 33 രൂപ, ഡയമണ്ട് പവിഴം പച്ചരി 31.20, പുഴുക്കലരി 25 രൂപ, ജയ മിനി 32.40 രൂപ എന്നീ നിരക്കിലും അരിക്കടയില്‍ ലഭിക്കും.
ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. സണ്ണി തെക്കേടം, എസ്.ഗോപകുമാര്‍, സി.കെ.ശശിധരന്‍, പി.കെ.ആനന്ദക്കുട്ടന്‍, ഡിഎസ്ഒ കെ.എം.ഗിരീഷ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."