പാറമ്പുഴ കൂട്ടക്കൊല കേസ്; വിചാരണ പൂര്‍ത്തിയായി,വിധി നാളെ
കോട്ടയം: കോളിളക്കം സൃഷ്ടിച്ച പാറമ്പുഴ കൂട്ടക്കൊല കേസില്‍ വിചാരണ പൂര്‍ത്തിയായി. വിധി പറയുന്നതിനായി കേസ് നാളെത്തേക്ക് മാറ്റി.
പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജി ശാന്തകുമാരി മുമ്പാകെയാണ് വിചാരണ പൂര്‍ത്തിയായത്.പാറമ്പുഴ മൂലേപ്പറമ്പില്‍ ലാലസന്‍ (71), ഭാര്യ പ്രസന്നകുമാരി (62), മകന്‍ പ്രവീണ്‍ ലാല്‍ (28) എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ ഫിറോസാബാദ് നരേന്ദ്ര കുമാര്‍ (26) ആണ് പ്രതി. 2015 മെയ് 16നായിരുന്നു കേസിനാസ്പദമായ സംഭവം. കുറ്റകൃത്യത്തിന് ശേഷം മുങ്ങിയ പ്രതിയെ 22ന് പാമ്പാടി സി.ഐ സാജു വര്‍ഗീസിന്റെ നേതൃത്വത്തില്‍ കോട്ടയത്തുനിന്നു പോയ ഏഴംഗ പൊലിസ് സംഘമാണ് അറസ്റ്റു ചെയ്തത്.
ഓഗസ്റ്റ് 10ന് അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പ്രോസിക്യൂഷന്‍ 53 സാക്ഷികളെ വിസ്തരിച്ചു. 100 പ്രമാണങ്ങളും 40 തൊണ്ടി സാധനങ്ങളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി രഞ്ജിത് ജോണും പ്രതിക്കു വേണ്ടി കോടതി നിയോഗിച്ച ജിതേഷ് ബാബുവുമാണ് കോടതിയില്‍ ഹാജരായത്.
പണത്തിനു വേണ്ടിയാണ് കൊല നടത്തിയത്. കൊലയ്ക്കു ശേഷം പ്രതി കൈവശപ്പെടുത്തിയ മൊബൈല്‍ ഫോണുകളും പ്രസന്നകുമാരിയുടെ ആഭരണങ്ങളും അലക്കുകടയില്‍നിന്നും കൈവശപ്പെടുത്തിയ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതിയുടെ പക്കല്‍ നിന്ന് കണ്ടെടുത്തു. പ്രസന്നകുമാരിയുടെ വള, മാല എന്നിവ മാത്രമല്ല മുറിച്ചെടുത്ത കാതുള്‍പ്പെടെ കമ്മലും പ്രതിയുടെ ബാഗിലുണ്ടായിരുന്നു.മൂന്നു പേരെയും കഴുത്തറുത്തും തലയില്‍ വെട്ടിയും പിന്നീടു വൈദ്യുതാഘാതം ഏല്‍പ്പിച്ചുമാണു കൊലപ്പെടുത്തിയത്.
ലാലസന്റെയും പ്രസന്നകുമാരിയുടെയും ശരീരത്തില്‍ ആസിഡ് ഒഴിച്ചിട്ടുമുണ്ടായിരുന്നു.കൊലയ്ക്കുപയോഗിച്ച് കോടാലിയും കത്തിയും കൃത്യം നടന്ന മുറിയില്‍നിന്നു കണ്ടെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."