ആശങ്ക ഒഴിഞ്ഞു; തൊഴിലുറപ്പില്‍ സോഷ്യല്‍ ഓഡിറ്റിങ് പുനരാരംഭിച്ചു
ഈ മാസം 17മുതല്‍ ഓഡിറ്റിങ് തുടങ്ങി
കോഴിക്കോട്: അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ് പുനരാരംഭിച്ചു. ഈ മാസം 17 മുതലാണ് ഓഡിറ്റിങ് വീണ്ടും തുടങ്ങിയത്. തൊഴിലുറപ്പ് സോഷ്യല്‍ ഓഡിറ്റിങ് ഡയറക്ടറെ മാറ്റിയ സര്‍ക്കാര്‍ നടപടി കോടതി പുനപ്പരിശോധിച്ചതോടെയാണ് പ്രശ്‌നത്തിന് പരിഹാരമായത്. 2018 ഒക്ടോബര്‍ മുതല്‍ 2019 ഏപ്രില്‍ വരെയുള്ള തൊഴിലുറപ്പ് പണികളുടെ ഓഡിറ്റിങാണ് നിലവില്‍ നടത്തുന്നത്. ഈ ടേമിലെ പ്രവര്‍ത്തനത്തിനായി ഏഴു കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. ഈ തുക 15 ദിവസത്തിനകം സംസ്ഥാന സര്‍ക്കാര്‍ സൊസെറ്റിക്ക് കൈമാറണം.
തൊഴിലുറപ്പ് പ്രവൃത്തികള്‍ ഓഡിറ്റ് ചെയ്യാനായി വിളിച്ചു ചേര്‍ക്കുന്ന പ്രത്യേക ഗ്രാമസഭകള്‍ ഫണ്ടില്ലാത്തതിന്റെ പേരില്‍ മുടങ്ങിയിരുന്നു. കൂടാതെ ക്രമക്കേടുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓഡിറ്റിങ് ഡയറക്ടര്‍ ഡോ. എബി ജോര്‍ജ്ജിനെ സര്‍ക്കാര്‍ മാറ്റുകയും ചെയ്തു. ഇക്കാരണങ്ങള്‍ കൊണ്ട് 2019 നവംബര്‍ 26 മുതല്‍ ഓഡിറ്റിങ് മുടങ്ങിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഉത്തരവിനെതിരേ എബി ജോര്‍ജ്ജ് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ചു. തുടര്‍ന്നാണ് ഓഡിറ്റിങ് പുനരാരംഭിച്ചത്.
തൊഴിലുറപ്പ് പദ്ധതിയില്‍ സോഷ്യല്‍ ഓഡിറ്റിങ് വിഭാഗം നടത്തിയ പരിശോധനയില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. 2700ലേറെ വാര്‍ഡുകളില്‍ നടന്ന ക്രമക്കേടുകളാണ് കണ്ടെത്തിയത്. ഇതുമൂലം മിക്കയിടങ്ങളിലും തൊഴില്‍ തടസപ്പെട്ടു. ഓഡിറ്റിങ് നടത്തിയില്ലെങ്കില്‍ തൊഴിലുറപ്പിനായി കേന്ദ്രത്തില്‍ നിന്ന് ഫണ്ട് ലഭിക്കില്ല. ഇത് തൊഴിലാളികളുടെ വേതനം വൈകുന്നതിനും കാരണമാകും. എന്നാല്‍ ഓഡിറ്റിങ് പുനരാരംഭിച്ചതോടെ തൊഴിലാളികളുടെ ആശങ്കയ്ക്ക് പരിഹാരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."