ലീഗിന് അതൃപ്തി; നേതാക്കള്‍ കൂടിക്കാഴ്ച നടത്തി
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും നേരില്‍ കണ്ട് യു.ഡി.എഫ് യോഗത്തിന് മുന്നോടിയായി ചര്‍ച്ച നടത്തി.
യു.ഡി.എഫിന്റെയും കോണ്‍ഗ്രസിന്റെയും ഇപ്പോഴത്തെ പോക്കില്‍ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചതായിട്ടാണ് സൂചന.
പൗരത്വവിഷയത്തില്‍ ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ടുപോകേണ്ട സാഹചര്യത്തില്‍ തമ്മിലടിക്കുന്ന കക്ഷികള്‍ യു.ഡി.എഫിന്റെ കെട്ടുറപ്പ് നഷ്ടപ്പെടുത്തിയെന്നാണ് ലീഗ് നേതൃത്വം പ്രധാനമായും ഉന്നയിക്കുന്ന വിമര്‍ശനം. ഇടതുമുന്നണിയും സി.പി.എമ്മും പൗരത്വവിഷയത്തില്‍ ഒറ്റയ്ക്കും കൂട്ടായും പ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകുമ്പോള്‍ യു.ഡി.എഫിന് ശക്തമായ നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചു മുന്നോട്ടു പോകാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
പൗരത്വവിഷയത്തിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടര്‍പട്ടികയുടെ കാര്യത്തിലും മുസ്ലിം ലീഗിന് നിയമപോരാട്ടം ഉള്‍പ്പടെ നടത്തി മുന്നോട്ട് പോകാന്‍ കഴിഞ്ഞെങ്കിലും യു.ഡി.എഫ് സംവിധാനമെന്ന നിലയില്‍ ഇക്കാര്യങ്ങളില്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ലെന്നും ലീഗ് നേതൃത്വം ചൂണ്ടികാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."