കുളിരണിയിച്ച് വേനല്‍ മഴ
കോഴിക്കോട്: കടുത്ത ചൂടിന് ആശ്വാസമായി വേനല്‍ മഴ. ശനിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ തുടങ്ങിയ മഴ രാത്രി വൈകിയും തുടര്‍ന്നു. താമരശ്ശേരി, പുതുപ്പാടി, കോടഞ്ചേരി, കൊടുവള്ളി, ഉണ്ണികുളം, മാവൂര്‍, കുന്ദമംഗലം തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ ലഭിച്ചത്. അതിശക്തമായ ചൂടു കാരണം വെള്ളംപോലും ലഭിക്കാതെ പ്രയാസപ്പെടുമ്പോഴെത്തിയ മഴ ജനങ്ങള്‍ക്കും ജീവികള്‍ക്കും കര്‍ഷകര്‍ക്കും വലിയ ആശ്വാസമായി. ചൂട് കാരണം പുറത്തിറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥയായിരുന്നു കഴിഞ്ഞ ദിവസംവരെ.
വെള്ളത്തിന്റെ ദൗര്‍ലഭ്യം കാരണം ചില സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടേയും പ്രവര്‍ത്തനം തന്നെ താളം തെറ്റിയിരുന്നു. കുടിവെള്ളം എത്തിക്കാനായി മാസങ്ങളോളമായി വിവിധ സ്ഥലങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തകരും സംഘടനകളും സജീവമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. കിണറുകളില്‍ വെള്ളം വറ്റിയതു കാരണം മലയോര മേഖലയിലുള്ളവര്‍ സര്‍ക്കാര്‍ സംവിധാനങ്ങളെയാണ് ആശ്രയിച്ചു വരുന്നത്. കഴിഞ്ഞ ദിവസം പള്ളികളിലും മദ്‌റസകളിലും മഴക്കായി പ്രത്യേക പ്രാര്‍ഥനകള്‍ നടത്തിയിരുന്നു. തുടര്‍ ദിവസങ്ങളിലും മഴയെത്തുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."