ആദ്യം ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചവശനാക്കി; പിന്നാലെ പൊലിസിന്റെ ക്രൂരപീഡനം: ചെയ്ത തെറ്റെന്തെന്നറിയാതെ നൗഷാദ് മുഹമ്മദ്
റോഹ്ത്തക്: ഹരിയാനയില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍നിന്ന് രക്ഷപ്പെടുത്തിയ ശേഷം യുവാവിന് പൊലിസ് സ്റ്റേഷനില്‍ ക്രൂരപീഡനം. റോഹ്ത്തക്കിലെ ബഹ്ലൂത്ത് എന്ന ഗ്രാമത്തില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. കന്നുകാലിക്കടത്ത് ആരോപിച്ച് ഉത്തര്‍പ്രദേശ് സ്വദേശി 24കാരനായ നൗഷാദ് മുഹമ്മദിനെയാണ് 200ല്‍ അധികം ഗോരക്ഷാ ഗുണ്ടകള്‍ ആക്രമിച്ചത്.
ആക്രമണത്തിനിടെ പൊലിസെത്തി യുവാവിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്റ്റേഷനിലേക്കു മാറ്റിയ നൗഷാദിനെ പൊലിസ് ക്രൂരമായി പീഡിപ്പിച്ചു. സ്റ്റേഷനില്‍ ചങ്ങലയില്‍ ബന്ധിപ്പിച്ച് ഒരു ദിവസത്തോളം ഭക്ഷണമോ ആവശ്യമായ ചികിത്സയൊ നല്‍കാതെ പീഡിപ്പിച്ചെന്ന് നൗഷാദ് മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ ഇദ്ദേഹത്തിനെതിരേ പൊലിസ് കന്നുകാലി കടത്ത് ആരോപിച്ച് കേസെടുത്തു.
മൂന്ന് പോത്തുകളുമായി വരുമ്പോള്‍ ബഹ്ലൂത്തില്വച്ച് ആള്‍ക്കൂട്ടം പിടികൂടി ആക്രമിക്കുകയായിരുന്നെന്ന് നൗഷാദ് മുഹമ്മദ് പറഞ്ഞു. നഗ്നനാക്കി സിഗരറ്റ് ഉപയോഗിച്ച് ചുണ്ടിലും ചെവിയിലും പൊള്ളിച്ചു.
റോഡിലൂടെ വലിച്ചിഴച്ച് സമീപത്തെ തൂണില്‍ ബന്ധിച്ചു. വടിയും ചെരുപ്പും ഉപയോഗിച്ച് അടിച്ചു. കൈയിലുണ്ടായിരുന്ന 2000 രൂപ ആള്‍ക്കൂട്ടം മോഷ്ടിച്ചു. രണ്ടു മണിക്കൂറുകള്‍ക്കു ശേഷം എത്തിയ പൊലിസ് രക്ഷപ്പെടുത്തി സ്റ്റേഷനില്‍ കെട്ടിയിട്ടു. യാതാരു സഹായവും പൊലിസില്‍ നിന്ന് ലഭിച്ചില്ല. 16 മണിക്കൂറിന് ശേഷമാണ് ചായ ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. സന്നദ്ധ പ്രവര്‍ത്തകരുടെ ഇടപെടല്‍ മൂലമാണ് അടുത്ത ദിവസം നൗഷാദ് മുഹമ്മദിനെ മോചിപ്പിച്ചത്.
ആള്‍ക്കൂട്ട ആക്രമണത്തില്‍ കണ്ടാലറിയുന്ന 12 പേര്‍ക്കെതിരേ പൊലിസ് കേസെടുത്തു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ബിഹാറില്‍ ജനുവരി മൂന്നിന് കാബൂള്‍ മിയാന്‍ എന്ന 55കാരനെ ഗോ രക്ഷാ ഗുണ്ടകള്‍ ആക്രമിച്ച് കൊല്ലപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."