തണ്ണീര്‍ത്തട സംരക്ഷണം കര്‍ശനമാക്കും: താലൂക്ക് വികസന സമിതി
കണ്ണൂര്‍: കേരളത്തിലെ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും ജലസ്രോതസ്സുകളും സംരക്ഷിക്കുന്നതിനായി കേരള സര്‍ക്കാര്‍ കൊണ്ടുവന്ന 2008 ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പാക്കാന്‍ കണ്ണൂര്‍ താലൂക്ക് വികസന സമിതി യോഗം പ്രമേയത്തിലൂടെ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 2008 ആഗസ്ത് മാസത്തിനുശേഷം പരിവര്‍ത്തനം ചെയ്ത, ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട എല്ലാ ഭൂമികളും കണ്ടെത്തി ഭൂമി പൂര്‍വ്വസ്ഥിതിയിലാക്കിയതിന് ശേഷം മാത്രമേ വസ്തു ഉടമസ്ഥരില്‍ നിന്നു ഭൂനികുതി സ്വീകരിക്കുകയുളളൂ. ഇക്കാര്യം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ അറിയിക്കും. ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി മണ്ണിട്ട് നികത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ മണ്ണിടാനുപയോഗിക്കുന്ന വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതോടൊപ്പം വസ്തു ഉടമകള്‍ക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്നതിന് നടപടി സ്വീകരിക്കും. 2008 ന് ശേഷം പരിവര്‍ത്തനപ്പെടുത്തിയ ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാര്‍ തീരുമാനം വരെ താല്‍ക്കാലികമായി നിര്‍ത്തിവെക്കാനും യോഗം തീരുമാനിച്ചു. താലൂക്കിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് നിലവിലെ 112 വാട്ടര്‍ കിയോസ്‌ക്കുകള്‍ക്കൊപ്പം 5000 ലിറ്ററിന്റെ 54 എണ്ണം കൂടി സ്ഥാപിക്കും. താവക്കര ബസ് സ്റ്റാന്റിനു സമീപത്തെ ഖരമാലിന്യം നീക്കം ചെയ്യുന്നതിന് കോര്‍പറേഷന്‍ ഉടന്‍ നടപടികള്‍ സ്വീകരിക്കും. മാലിന്യം തള്ളിയ കെ.കെ ബില്‍ഡേഴ്‌സിനെതിരേ നടപടിയെടുക്കാനും യോഗം തീരുമാനിച്ചു. രാത്രികാലങ്ങളിലും ഒഴിവുദിനങ്ങളിലും അനധികൃതമായി ട്രിപ്പ് മുടക്കുന്ന ബസ്സുകളെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കാന്‍ പോലിസിനും ആര്‍.ടി.ഒക്കും നിര്‍ദേശം നല്‍കി. താലൂക്ക് ഓഫിസിനോടനുബന്ധിച്ച് സൗകര്യങ്ങളോടുകൂടിയ കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മിക്കുന്നതിന് യോഗത്തില്‍ സംസാരിച്ച തുറമുഖമന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സഹായം വാഗ്ദാനം ചെയ്തു. താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്തംഗം മഹിജ കെ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം അന്‍സാരി തില്ലങ്കേരി, പഞ്ചായത്ത് പ്രസിഡന്റുമാര്‍, എം.പിയുടെ പ്രതിനിധി, തഹസില്‍ദാര്‍ വി.എം സജീവന്‍, വികസന സമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."