പൊക്കിള്‍ക്കൊടിക്ക് ഒരു ഓര്‍മ്മക്കുറിപ്പ്
മാതാപിതാക്കള്‍, അവരാണ് വേരുകള്‍. നമ്മെ വിരിയിച്ച പൂമൊട്ടുകള്‍. നമ്മളില്ലാത്ത ഒരു കാലവും ലോകവും ഉണ്ടായിരുന്നു. മാതൃമേനിയുടെ ഉള്ളറകളില്‍ നിന്നും പാകപ്പെട്ട് രൂപംപൂണ്ട ഘട്ടങ്ങള്‍ ഒന്നാലോചിച്ചു നോക്കൂ; ഒരു രക്തകണമായി തുടക്കം. പിന്നീട് നാരുകള്‍ ചേര്‍ന്നു മാംസപിണ്ഡമാകുന്നു. എല്ലുകള്‍ കൂടിച്ചേര്‍ന്ന് ആകൃതിപ്പെടുന്നു. മാതാവിന്റെ ഗര്‍ഭഗൃഹത്തിലാണ് മഹാത്ഭുതങ്ങള്‍ അരങ്ങേറിയത്. ചന്തവും ചമയവും ചമല്‍ക്കാരങ്ങളും ചേര്‍ത്ത് ആറ്റുപോറ്റി നടക്കുന്ന നമ്മുടെ ശരീരം വിടര്‍ന്നു വികസിച്ചുവന്ന വഴികളിലേക്ക് ഓര്‍മകള്‍ തിരിഞ്ഞു നടക്കട്ടെ.
ത്യാഗത്തിന്റെ മരുഭൂമി
മാതാവിന്റെ ഗര്‍ഭഗൃഹത്തില്‍ നാലുമാസം പ്രായമായപ്പോഴാണ് ജീവനൂതാന്‍ സ്രഷ്ടാവ് മാലാഖയെ പറഞ്ഞയച്ചത്. അതിനു ശേഷമാണ് നാം സ്പന്ദിച്ച് തുടങ്ങുന്നത്. ആദ്യമായി വച്ച കാലടി ചെന്നുകൊണ്ടത് മാതാവിന്റെ അടിപ്പള്ളയുടെ അകഭിത്തിയിലാണ്. സ്വപ്നക്കനിക്ക് ജീവന്‍വച്ചതറിഞ്ഞ് അന്നു രാത്രി ഉറങ്ങാതെ കാവലിരുന്നു അവര്‍.
രാജകുമാരനെയും രാജകുമാരിയെയും പോറ്റിപുലര്‍ത്തുന്നത് പോലെയല്ലേ നമ്മെ അവര്‍ പരിപാലിച്ചത്? സ്വന്തത്തെ മറന്നും അവര്‍ ഊട്ടി, ഉറക്കി, ഉടയാടകളില്‍ വര്‍ണങ്ങള്‍ നെയ്തു കൊഞ്ചിച്ചു, ലാളിച്ചു.
ആദ്യാക്ഷരം കുറിക്കാനും പള്ളിക്കൂടത്തില്‍ കാലുവച്ച് തുടങ്ങാനും എത്തിയപ്പോള്‍ ഉള്ളം കുളിര്‍ത്തതും പ്രാര്‍ഥനകള്‍കൊണ്ട് വഴിതെറ്റാതെ കാത്തതും അവരാണ്.
നനഞ്ഞു കുതിര്‍ന്ന് കയറിവരുമ്പോള്‍ നെഞ്ചിലേക്കു ചേര്‍ത്തി തലത്തട്ടം കൊണ്ട് അമര്‍ത്തിയുരച്ച് ചൂടു പകര്‍ന്ന പെറ്റമ്മയെ ഓര്‍മയില്ലേ... പനിയും വേദനയും ഉറക്കം നഷ്ടപ്പെടുത്തിയ പാതിരാത്രികളെ തരളിതമായ അവരുടെ കൈപ്പള്ള കൊണ്ട് നെറ്റി തടവി കത്തിയൊലിച്ച അവരുടെ ഉള്‍ത്താപം കാണാന്‍ മറന്നുപോയോ...? മാതാവ്, സ്വര്‍ഗത്തില്‍ നിന്നു നമുക്കു വന്ന ഒരുത്തരമാണ്. പുണ്യത്തിന്റെ കടലില്‍ തീരുന്ന ത്യാഗത്തിന്റെ മരുഭൂമിയാണ്.
അസ്തമന കാലത്ത് ഭാരമോ?
ഇത് യൂട്ടിലിറ്റേറിയനിസത്തിന്റെ കാലമാണ്. പ്രയോജനാത്മകവാദം. ഉപകാരമുള്ള ഉപകരണങ്ങള്‍ക്കു മാത്രം സ്വീകാര്യതയും ബാധ്യതയും ഭാരവുമാകുന്നതിന് തിരസ്‌കാരവും നല്‍കുന്ന കാലം. പണം പറിക്കാനുള്ള മദിച്ചോട്ടത്തിനിടയില്‍ നേരംകിട്ടാതെ ഉഴറിപ്പിടയുന്ന ജീവിതഘട്ടങ്ങള്‍. ഇതൊക്കെയാണിപ്പോള്‍ ചുറ്റിടങ്ങള്‍. അതിനിടയില്‍ ഒഴുക്കില്‍ അലോസരം പണിയുന്ന കല്‍പ്പാളി പോലെ അവര്‍ ഒരു ഭാരമാകുന്നു. സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട കാഴ്ച്ചവസ്തുക്കളാവുന്നു. സാന്നിധ്യം അപമാനമായ അസ്വസ്ഥതയാവുന്നു. തണല്‍കിട്ടേണ്ട അസ്തമന ഘട്ടത്തില്‍ ബഹിഷ്‌കരണങ്ങളുടെ തീച്ചൂളയിലേക്കവര്‍ ആനയിക്കപ്പെടുന്നു. ഉമ്മറത്തെ ചാരുകസേര അങ്ങനെയാണവര്‍ക്ക് അന്യമായത്. പേരക്കുട്ടികള്‍ക്ക് ആനവണ്ടി കളിക്കാനും മരുമക്കള്‍ക്ക് കലിപ്പകറ്റി ശകാരിക്കാനും മാത്രം വിധിക്കപ്പെട്ട് പിടക്കുന്ന ഹൃദയത്തോടെ അവരവിടെ വീട്ടുതടങ്കലനുഭവിക്കുന്നു.
മലയാളിയുടെ മാനവിക ദുരന്തം
രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ വൃദ്ധസദനം എന്നതു മലയാളികള്‍ക്ക് പശ്ചാത്യരെ തെറിപറയാനുള്ള തെറ്റായിരുന്നു. കേവലം കേട്ടുകേള്‍വി മാത്രമായ അഡല്‍റ്റ് ഹോമുകള്‍ ഇപ്പോള്‍ കേരളത്തിലെ സന്നദ്ധസേവകരുടെ പ്രധാനവിഷയമാണ്. ഗവണ്‍മെന്റിന്റെയും മതസഭകളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധസദനങ്ങള്‍ തലങ്ങും വിലങ്ങും ഉയരുമ്പോള്‍ മലയാളി എത്തിപ്പെട്ട മാനവിക ദുരന്തത്തിന്റെ ആഴം ആവിഷ്‌കരിക്കാന്‍ പറ്റാതാകുന്നു.
വിദ്യാഭ്യാസവും ഉന്നത തൊഴിലും ലഭിച്ചതോടെ വന്നവഴി മറക്കുന്ന മക്കള്‍ ബിരുദക്കടലാസുകളേക്കാള്‍ വിലപ്പെട്ടത് പെറ്റമ്മയുടെ കോന്തലത്തുണ്ടാണെന്നു തിരിച്ചറിയുന്ന ഒരു കാലം അവനു വരികതന്നെ ചെയ്യും. ആഘോഷ ദിവസങ്ങളില്‍ ചാനല്‍ പരിപാടികളിലെ ടൈംറേറ്റ് ഉയര്‍ത്തുന്ന ഒരിനം, വൃദ്ധസദനത്തില്‍ മക്കളെ കാത്തിരിക്കുന്ന വൃദ്ധമാതാപിതാക്കളുമായുള്ള സംഭാഷണമാണിപ്പോള്‍ കേരളത്തില്‍.
മാതാവിനെ ഉറുമ്പരിച്ച കഥ, മുത്തശ്ശിയെ ചങ്ങലക്കിട്ട കഥ, അടച്ചുപൂട്ടി അവശയാക്കിയ കഥ, തെരുവിലെറിഞ്ഞ് മണ്ണിലമര്‍ത്തിയ കഥ, കണ്ഠത്തില്‍ കഠാരയിറക്കി ഉന്മാദിച്ച കഥ... മക്കള്‍ സ്വന്തം മാതാവിനോട് ചെയ്ത ദുരന്തവാര്‍ത്തകളില്‍ ചിലതു മാത്രമാണിത്.
പിതാവാണ് ഉടമ
തള്ളിത്തുളുമ്പുന്ന വാത്സല്യവും അലതല്ലിക്കൂടുന്ന അലിവും അടിച്ചമര്‍ത്തി നമ്മെ നോക്കി നന്നാക്കിയ പിതാവാണ് നമ്മുടെ ഉടമ. നാമുറങ്ങി വീണ തൊട്ടിലിന്റെ തുണിക്കസവുകള്‍ നീക്കി പാതിരാത്രി കുഞ്ഞിളം കാലുകളിലേക്കു നീണ്ടത് ആ പിതൃ കൈകളാണ്. നേരം മുറിച്ചാടുന്ന ഘടികാരത്തിലെ പെന്‍ഡുലം സാക്ഷി! തൊട്ടിലില്‍ നിന്നും വാരിയെടുത്തു നമ്മുടെ കാല്‍പ്പള്ള മുഖത്തമര്‍ത്തി ചുംബിച്ചതും പിതാവാണ്. നാടുണരും മുന്‍പേ വന്ന തെളിവിനു മധുരംവച്ച് പണിപ്പാടത്തേക്കു പോകുമ്പോഴും തിളങ്ങുന്ന കണ്ണുകളോടെ നമ്മെ നോക്കിയ ആ മുഖത്തെ മറക്കരുത്.
എപ്പോഴാണ് പിന്നെ നാം അവരെ മറന്നു തുടങ്ങിയത്? അപശബ്ദ കാലത്തിന്റെ ദുരന്തശീലങ്ങള്‍ നമ്മെ വേട്ടയാടിത്തുടങ്ങിയതു മുതല്‍ മാതാപിതാക്കള്‍ക്ക് ചിലതു നഷ്ടപ്പെടാന്‍ തുടങ്ങി. എല്ലാ നഷ്ടങ്ങളും സഹിക്കാം, പക്ഷേ തങ്ങളുടെ ഹൃദയസിംഹാസനത്തില്‍ നിന്നും ഇറങ്ങിവരേണ്ടി വരുന്ന ഹതാശരായ മാതാപിതാക്കള്‍, അവരീ പ്രപഞ്ചത്തിന്റെ നെരിപ്പോടാണ്. മരണവും കൈവിട്ട രണ്ടഗ്നിനാളങ്ങള്‍.
രക്ഷിതാക്കള്‍ പഠിക്കേണ്ട പാഠം
മാതാപിതാക്കളെ പുറംകാലു കൊണ്ട് തട്ടിത്തെറിപ്പിച്ച് ജീവിതത്തിന്റെ പരിഗണനയില്‍ നിന്നു പുറത്താക്കുന്ന മക്കള്‍ ഒന്നറിയണം, സുന്ദരിയായ ഭാര്യ തരുന്ന സുഖം കണ്ടപ്പോഴേക്ക് പെറ്റമ്മയുണ്ണിച്ച അപ്പച്ചോറ് മറന്നുപോകുന്ന തലമുറ ഒന്നോര്‍ക്കണം, പകിട്ടും പത്രാസും തരുന്ന ശമ്പളവഴിയില്‍ എത്തിത്തുടങ്ങിയപ്പോള്‍ കുരച്ചു കാര്‍ക്കിക്കുന്ന പിതാവിനെ പുച്ഛിക്കുന്ന പുത്തന്‍ തലമുറയും അറിയണം, നിങ്ങളുടെ ശരീരത്തിലെ എല്ലാ അവയവത്തിനും ജീവിതധര്‍മങ്ങളുണ്ട്. പക്ഷെ ജീവിത ധര്‍മമില്ലാത്ത ഒരവയവമുണ്ട് ശരീരത്തില്‍. കുപ്പായം പൊക്കിയാല്‍ അടിപ്പള്ളയില്‍ തെളിയുന്ന പൊക്കിള്‍ കുഴി. അതോര്‍ക്കണം. അതാണു ശരീരത്തിലെ വേദപാഠം. ഒന്‍പതര മാസം നാം അന്നം സ്വീകരിച്ച സ്‌നേഹനാളിയാണ് നാഭിയില്‍ ഇപ്പോഴും. നാളെ മരിച്ചു മണ്ണിലേക്ക് നാം ചേരുമ്പോഴും മാതൃമഹത്വത്തിന്റെ കാഹളം മന്ത്രിച്ച് അതവിടെയുണ്ടാകും.
പക്ഷെ, രക്ഷിതാക്കള്‍ പഠിക്കേണ്ട ഒരു പാഠമുണ്ട്. ചരിത്രം ആവര്‍ത്തിക്കുന്നുവെന്നതാണ് ചരിത്രത്തിന്റെ ചരിത്രം. മക്കള്‍ക്കു സ്‌നേഹം കൊടുക്കേണ്ട കാലത്ത്, മുത്തം നല്‍കി മൂപ്പിക്കേണ്ട സമയത്തു നല്‍കാതെ അകലത്തിലാക്കുന്നവര്‍ പിന്നീട് ഇരകളായി മാറുകയാണ്. കളിക്കാനവര്‍ക്ക് പടക്കോപ്പുകള്‍, തിമിര്‍ക്കാന്‍ പാര്‍ക്കുകള്‍, ഉറങ്ങാന്‍ നക്ഷത്രഹര്‍മ്യം ഇതൊക്കെ നല്‍കി. പക്ഷേ തിരക്കുള്ള പിതാവിന്റെ ചൂടു മാത്രം കിട്ടിയില്ല. മാതാവിന്റെ കരസ്പര്‍ശം ലഭിച്ചില്ല. ആ കുട്ടിയാണ് ഭാവിയില്‍ ക്രൂരതകൊണ്ട് കടംവീട്ടുന്നത്. അതിനാല്‍ മക്കളെ ചേര്‍ത്തു വളര്‍ത്തുക, അവര്‍ മാര്‍ക്കുല്‍പ്പാദന യന്ത്രങ്ങളല്ല, ശാസന കേള്‍ക്കാന്‍ മാത്രമുള്ള അടിമകളല്ല. പരിലാളന കാംക്ഷിക്കുന്ന പൂക്കളാണ്.
മരിച്ചാലും തീരാത്ത കടപ്പാടാണ് നമുക്കു മാതാപിതാക്കളോട്. ശ്മശാനത്തിലെ മൈലാഞ്ചിച്ചെടികള്‍ക്ക് ചുവട്ടില്‍ നൊന്തുപെറ്റ് പോറ്റിയവര്‍ നിങ്ങളുടെ കാലടിയൊച്ചയും കാത്ത് അവിടെത്തന്നെയുണ്ട്. ഇടക്കിടെ ഒന്നവിടമണയണം. അവരുടെ നെഞ്ചിനു മുകളില്‍ വളര്‍ന്ന ചെടികളിലൂടെ തലോടണം. ഒരില നുള്ളി ദുഃഖം അമര്‍ത്തണം. കണ്‍മറയത്തെ പെറ്റമ്മയെ മണക്കുമപ്പോള്‍. പി താവിനെ കിട്ടുമപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."