അടി, തിരിച്ചടി
നിസാം കെ. അബ്ദുല്ല
കൃഷ്ണഗിരി (വയനാട്): ചരിത്രസെമിയുടെ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ചയോടെ കേരളത്തിന്റെ തുടക്കം. ഉമേഷ് യാദവിന്റെ പേസിന് മുന്നില്‍ തകര്‍ന്ന കേരളം 106 റണ്ണിനാണ് കൂടാരം കയറിയത്. ഏഴ് വിക്കറ്റുകള്‍ നേടിയ ഉമേഷ് യാദവിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനത്തിനും ഇന്നലെ കൃഷ്ണഗിരി സാക്ഷിയായി. കേരളത്തിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോര്‍ പിന്തുടര്‍ന്ന വിദര്‍ഭ ആദ്യദിനം സ്റ്റംപ് എടുക്കുമ്പോള്‍ അഞ്ചിന് 171 എന്ന നിലയിലാണ്. 65 റണ്ണിന്റെ ലീഡാണ് വിദര്‍ഭക്കുള്ളത്.
ടോസ് നേടിയ വിദര്‍ഭ ക്യാപ്റ്റന്‍ പിച്ചിന്റെ ആനുകൂല്യം മുതലെടുക്കാന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ വിശ്വാസം കാത്ത് ഉമേഷ് യാദവും രഹനേഷ് കുര്‍ബാനിയും പന്തെറിഞ്ഞതോടെ കേരളത്തിന്റെ ബാറ്റിങ്പട ചീട്ടുകൊട്ടാരം പോലെ തകര്‍ന്നടിഞ്ഞു. മത്സരത്തിന്റെ നാലാം ഓവറില്‍ ആരംഭിച്ച തകര്‍ച്ച 29ാം ഓവറിന്റെ നാലാം പന്തില്‍ പൂര്‍ത്തിയായി. ഉമേഷ് യാദവിന്റെ രണ്ടാം ഓവറിലെ രണ്ടാംപന്തില്‍ ആദ്യം വീണത് മുഹമ്മദ് അസ്ഹറുദ്ദീനായിരുന്നു. സ്ലോബോള്‍ എറിഞ്ഞായിരുന്നു ഉമേഷ് യാദവ് അസ്ഹറുദ്ദീനെ കുടുക്കിയത്. പാഡിലേക്ക് വന്ന പന്തിന് ബാറ്റുവച്ച അസ്ഹറുദ്ദീന്‍ മിഡ് ഓണില്‍ യാഷ് താക്കൂറിന്റെ കൈകളില്‍ അവസാനിച്ചു. ടീംടോട്ടല്‍ ഒന്‍പതില്‍ നില്‍ക്കെയാണ് എട്ട് റണ്ണെടുത്ത അസ്ഹറുദ്ദീന്റെ മടക്കം. തൊട്ടടുത്ത ഓവറിലും ഉമേഷ് കേരള ക്യാംപില്‍ അപകടം വിതച്ചു.
ക്വാര്‍ട്ടറില്‍ കേരളത്തിന്റെ വിജയത്തില്‍ ബാറ്റ് കൊണ്ട് നിര്‍ണായ പങ്കുവഹിച്ച സിജോമോനെ പൂജ്യത്തിന് പുറത്താക്കിയായിരുന്നു പ്രഹരം. ബൗണ്‍സ് ചെയ്ത പന്തില്‍ ബാറ്റുവച്ച സിജോമോന്‍ ഒന്നാം സ്ലിപ്പില്‍ രാമസ്വാമിയുടെ കൈകളില്‍ അവസാനിച്ചു. ടീംടോട്ടല്‍ 17ലായിരുന്നു സിജോയുടെ മടക്കം. പിന്നാലെയെത്തിയ സച്ചിന്‍ കേരള ക്യാംപിന് പ്രതീക്ഷ നല്‍കി ആദ്യ പന്തില്‍ തന്നെ ബൗണ്ടറിയോടെ തുടങ്ങി. എന്നാല്‍ മറുവശത്ത് വിക്കറ്റുകള്‍ മുറപോലെ വീഴുന്നുണ്ടായിരുന്നു. ടീം ടോട്ടല്‍ 27ല്‍ നില്‍ക്കെ ഒന്‍പത് റണ്ണെടുത്ത രാഹുല്‍ രഹനേഷ് കുര്‍ബാനിയുടെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഫൈസ് ഫസലിന്റെ കൈകളില്‍ അവസാനിച്ചു. തൊട്ടുപിന്നാലെ ടീം ടോട്ടല്‍ 28ല്‍ വിനൂപും റണ്ണൊന്നുമെടുക്കാതെ വീണു. ഉമേഷ് യാദവിന്റെ പന്തില്‍ സെക്കന്‍ഡ് സ്ലിപ്പില്‍ ഫൈസ് തന്നെയായിരുന്നു ഫീല്‍ഡര്‍.
തകര്‍ന്നടിഞ്ഞെന്ന് തോന്നിച്ച ഘട്ടത്തില്‍ ക്രീസിലെത്തിയ അരുണ്‍ കാര്‍ത്തിക് ക്യാപ്റ്റന് പിന്തുണ നല്‍കുമെന്ന് കരുതിയ ഘട്ടത്തിലും വീണു. ടീംടോട്ടല്‍ 40ല്‍ നില്‍ക്കെ നാല് റണ്ണെടുത്ത അരുണിനെ ഉമേശ് യാദവ് വിക്കറ്റ് കീപ്പര്‍ അക്ഷയ് വാഡ്കറിന്റെ കൈകളില്‍ അവസാനിപ്പിച്ചു. തൊട്ടുപിന്നാലെ ടീം ടോട്ടല്‍ 46ല്‍ 22 റണ്ണെടുത്ത കേരള ക്യാപ്റ്റന്റെ മിഡില്‍ സ്റ്റംപ് രഹനേഷ് കുര്‍ബാനി തകര്‍ത്തു. പിന്നാലെയെത്തിയ ജലജ് സക്‌സേനക്കും കാര്യമായൊന്നും ചെയ്യാനായില്ല. ടീംടോട്ടല്‍ 55ല്‍ ഏഴ് റണ്ണെടുത്ത ജലജും വീണു. ഉമേശ് യാദവിന് വിക്കറ്റ്. ഏഴാമനായെത്തിയ വിഷ്ണു വാലറ്റക്കാര്‍ക്കൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും ആരില്‍ നിന്നും പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ല. ബേസില്‍ തമ്പി 10 റണ്ണെടുത്ത് ഉമേഷ് യാദവിന്റെ പന്തില്‍ വികറ്റ് കീപ്പര്‍ അക്ഷയ് വാഡ്കറിന് പിടികൊടുത്തു. സന്ദീപിന് റണ്ണൊന്നുമെടുക്കാനായില്ല. ഉമേഷ് യാദവ് സന്ദീപിനെ ബൗള്‍ഡാക്കി. ആറ് റണ്ണെടുത്ത നിതീഷിനെ കുര്‍ബാനി സ്വന്തം പന്തില്‍ പിടിച്ചും പുറത്താക്കി. ഇതോടെ കേരളത്തിന്റെ പതനം പൂര്‍ണമായി. അതും ഒന്നാംദിനം ഉച്ചഭക്ഷണത്തിന് പിരിയും മുന്‍പ്. എക്‌സ്ട്രാ ആയി ലഭിച്ച മൂന്ന് റണ്ണുമടക്കം കേരളത്തിന്റെ സ്‌കോര്‍ ആ സമയത്ത് 106.
ഒരുഭാഗം തകര്‍ന്നടിയുമ്പോഴും പതറാതെ ബാറ്റ് വീശി പുറത്താകാതെ വിഷ്ണു നേടിയ 37 റണ്ണാണ് കേരളത്തിന്റെ ടോപ് സ്‌കോര്‍. ഉമേഷ് യാദവിന്റെ കരിയര്‍ ബെസ്റ്റ് കണ്ട മത്സരത്തില്‍ ബാക്കിവന്ന മൂന്ന് വിക്കറ്റുകളുമെടുത്തത് രഹനേഷ് കുര്‍ബാനിയാണ്. തുടര്‍ന്ന് ബാറ്റിങ് ആരംഭിച്ച വിദര്‍ഭ പതിയെ കളി തങ്ങളുടെ വരുതിയിലാക്കി തുടങ്ങി. ഓപ്പണര്‍മാരായ ഫൈസ് ഫസലും സഞ്ജയ് രാമസ്വാമിയും മോശം പന്തുകളെ മാത്രം നോക്കി പ്രഹരിച്ചതോടെ വിദര്‍ഭയുടെ സ്‌കോര്‍ പതിയെ ഉയര്‍ന്നു. സന്ദീപും ബേസിലും പന്തുകൊണ്ട് അക്രമിച്ചിട്ടും ഇരുവരും പതറിയില്ല. ഇതോടെ ബേസിലിനെ മാറ്റി കേരള നായകന്‍ നിതീഷിനെ പരീക്ഷിച്ചു. നീതീഷിന്റെ ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ അതിനുള്ള ഫലവും കണ്ടു. ഉത്തരാഖണ്ഡിനെതിരായ ക്വാര്‍ട്ടറിലെ സെഞ്ചൂറിയന്‍ രാമസ്വാമി ക്ലീന്‍ബൗള്‍ഡ്. കേരള ക്യാംപില്‍ പ്രതീക്ഷകള്‍ മുളപ്പിച്ച വിക്കറ്റായിരുന്നു അത്. വിദര്‍ഭ ഒന്നിന് 33 എന്ന നിലയിലായി. എന്നാല്‍ അവരുടെ സൂപ്പര്‍ ബാറ്റ്‌സ്മാന്‍ വസീം ജാഫറാണ് പിന്നീട് ക്രീസിലെത്തിയത്. ഫൈസും വസീമും വിദര്‍ഭയുടെ പ്ലാന്‍ നടപ്പാക്കുന്ന രീതിയില്‍ ബാറ്റുവീശി. 24ാം ഓവറിന്റെ അവസാന പന്തില്‍ അവര്‍ കേരളത്തിന്റെ സ്‌കോര്‍ മറികടക്കുകയും ചെയ്തു. കേരളത്തിന്റെ പ്രതീക്ഷകളൊക്കെ മങ്ങിയെന്ന് തോന്നിച്ച നിമിഷത്തില്‍ രക്ഷകനായി വീണ്ടും നിതീഷെത്തി. ഇത്തവണ 34 റണ്ണെടുത്ത വസീം ജാഫറാണ് നീതീഷിന്റെ പേസിന് മുന്നില്‍ വീണത്. ഫസ്റ്റ് സ്ലിപ്പില്‍ അരുണ്‍ കാര്‍ത്തിക് പിടികൂടുമ്പോള്‍ വിദര്‍ഭ 113 റണ്ണെടുത്തിരുന്നു. 80 റണ്ണിന്റെ കൂട്ടുകെട്ടിലൂടെ വിദര്‍ഭക്ക് ഇന്നിങ്‌സ് ലീഡ് നേടിക്കൊടുത്തായിരുന്നു വസീമിന്റെ മടക്കം. പിന്നാലെയെത്തിയ അഥര്‍വ തെയ്‌ദെ ക്യാപ്റ്റനൊപ്പം ചേര്‍ന്ന് ലീഡ് വര്‍ധിപ്പിച്ചു തുടങ്ങി. ഇരുവരും ചേര്‍ന്ന് ടീമിനെ 170ലെത്തിച്ചു. വിദര്‍ഭ ശക്തമായ നിലയിലായെന്ന് തോന്നിച്ച ഘട്ടത്തില്‍ സന്ദീപ് കേരളത്തിന് പ്രതീക്ഷയുമായെത്തി. 75 റണ്ണെടുത്ത ഫൈസിനെ വിക്കറ്റ് കീപ്പര്‍ അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു സന്ദീപ്.
ഒന്നാംദിവസം അവസാനിക്കന്‍ മിനുട്ടുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു സന്ദീപിന്റെ ബ്രേക്ക്ത്രൂ. പിന്നാലെയെത്തിയ വിദര്‍ഭയുടെ നൈറ്റ് വാച്ച്മാന്‍ രഹനേഷ് കുര്‍ബാനിയെ നിലയുറപ്പിക്കും മുന്‍പ് ബേസില്‍ തമ്പിയും വിക്കറ്റ് കീപ്പര്‍ അസ്ഹറുദ്ദീന്റെ കൈകളിലെത്തിച്ചു. ഇതോടെ കാണികളിലും കേരള ക്യാംപിലും പ്രതീക്ഷകള്‍ വര്‍ധിച്ചു. തൊട്ടുപിന്നാലെ ആദ്യദിനത്തിലെ അവസാന ഓവറിലെ അവസാന പന്തില്‍ നിലയുറപ്പിച്ച് ബാറ്റ് വീശിയ അഥര്‍വ തെയ്‌ദെയെയും സന്ദീപ് പവലിയനിലേക്ക് മടക്കി. നിതീഷ് പിടികൂടുകയായിരുന്നു തെയ്‌ദെയെ. ഇതോടെ ആദ്യ ദിനത്തില്‍ അഞ്ചിന് 171 എന്ന നിലയില്‍ കളിയവസാനിച്ചു. കേരളത്തിനായി സന്ദീപ്, നിതീഷ് എന്നിവര്‍ രണ്ടു വീതം വിക്കറ്റുകളും ബേസില്‍ ഒരു വിക്കറ്റും വീഴ്ത്തി. ഇന്ന് ആദ്യ സെഷനില്‍ വിദര്‍ഭയെ കൂടുതല്‍ റണ്ണെടുക്കാന്‍ സമ്മതിക്കാതെ എറിഞ്ഞിടുകയായിരിക്കും കേരളത്തിന്റെ ലക്ഷ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."