പുത്തനങ്ങാടി ശുഹദാ ആണ്ടുനേര്‍ച്ച 28 മുതല്‍
പെരിന്തല്‍മണ്ണ: അങ്ങാടിപ്പുറം പുത്തനങ്ങാടി ശുഹദാ മഖാമിലെ ആണ്ടുനേര്‍ച്ച 28 മുതല്‍ ഫെബ്രുവരി മൂന്നുവരെ നടക്കും. 28ന് വൈകീട്ട് നാലിന് മഹല്ല് പ്രസിഡന്റ് പാതാരി അബ്ദുല്ല ഹാജി പതാക ഉയര്‍ത്തുന്നതോടെ ഏഴ് ദിവസത്തെ പരിപാടികള്‍ക്ക് തുടക്കമാകുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുടര്‍ന്ന് നടക്കുന്ന മഖാം സിയാറത്തിന് കെ.കെ.സി.എം തങ്ങള്‍ വഴിപ്പാറ നേതൃത്വം നല്‍കും. രാത്രി ഏഴിന് മതപ്രഭാഷണം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
ശമീര്‍ ദാരിമി കൊല്ലം മുഖ്യപ്രഭാഷണംനടത്തും. തുടര്‍ദിവസങ്ങളില്‍ രാത്രി ഏഴിന് ഹാഫിള് കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, എ.എം നൗഷാദ് ബാഖവി, അല്‍ ഹാഫിള് കബീര്‍ ബാഖവി, സിംസാറുല്‍ ഹഖ് ഹുദവി, അല്‍ ഹാഫിള് സിറാജുദ്ദീന്‍ ഖാസിമി എന്നിവര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. 31ന് രാത്രി എട്ടിന് മജ്‌ലിസുന്നൂര്‍ ആത്മീയ സദസ്, ഫെബ്രുവരി ഒന്നിന് ശുഹദാ ഇസ്‌ലാമിക് കോളജ് വിദ്യാര്‍ഥി സംഘടന (സിസ)യുടെ അഖിലകേരള മാലപ്പാട്ട് മത്സര ഗ്രാന്‍ഡ് ഫിനാലെയും ഇശല്‍ നിലവ് പരിപാടിയുമുണ്ടാകും. രണ്ടിന് രാത്രി ഏഴിന് ദുആ സമ്മേളനം സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഏലംകുളം ബാപ്പു മുസ്‌ലിയാര്‍ ദുആയ്ക്ക് നേതൃത്വം നല്‍കും.
നേര്‍ച്ച സമാപനമായ മൂന്നിന് രാവിലെ പത്തിന് ഖത്തം ദുആ, മൗലീദ്പാരായണ സദസ് കെ.എസ് ഉണ്ണിക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ നേതൃത്വം നല്‍കും. 11.30ന് പതിനായിരത്തിലേറെപ്പേര്‍ പങ്കെടുക്കുന്ന അന്നദാനത്തോടെ നേര്‍ച്ച സമാപിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ഖത്വീബ് സുബൈര്‍ ഫൈസി ചെമ്മലശ്ശേരി, മഹല്ല് ഭാരവാഹികളായ പാതാരി അബ്ദുല്ല ഹാജി, പാതാരി ഹംസപ്പ, ചോലയില്‍ ഹസൈനാര്‍, എന്‍.ടി.സി മജീദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."