സാങ്കല്‍പിക തസ്തികയില്‍ വീണ്ടും വേതന വര്‍ധന ; ഖജനാവിന് നഷ്ടം 8 കോടി
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ പേര് പറഞ്ഞ് ധനവകുപ്പ് അത്യാവശ്യ തുക പോലും അനുവദിക്കാന്‍ തയാറാകാതിരിക്കുമ്പോള്‍ സാങ്കല്‍പിക തസ്തികയില്‍ മുന്‍കാല പ്രാബല്യത്തോടെ വീണ്ടും വേതനം വര്‍ധിപ്പിച്ചപ്പോള്‍ ഖജനാവിന് നഷ്ടം എട്ട് കോടി.
സാക്ഷരതാ മിഷനില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ സാങ്കല്‍പിക തസ്തികകളില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് വീണ്ടും വേതനം വര്‍ധിപ്പിച്ചത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്നുപോകുമ്പോഴാണ് ധനവകുപ്പിന്റെ അംഗീകാരത്തോടെയുള്ള ഈ തീവെട്ടികൊള്ള.
2015 വരെ 14,000, 11,500 രൂപ ക്രമത്തില്‍ വേതനം നല്‍കിയിരുന്ന ഈ തസ്തികകളില്‍ ഒറ്റയടിക്ക് 2016 സെപ്റ്റംബര്‍ മുതല്‍ മുന്‍കാല പ്രാബല്യത്തോടെ 39,500, 32,300 എന്നിങ്ങനെ വര്‍ധിപ്പിച്ചത് നേരത്തെ വിവാദമായിരുന്നു. മിനിമം വേതന പട്ടികയിലെ കാറ്റഗറി പതിനൊന്നില്‍ ഉള്‍പ്പെടുത്തി സീനിയര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ തസ്തികയുടെ മിനിമം വേതനമായ 39,500 രൂപയാണ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അനുവദിച്ചത്.
ജൂനിയര്‍ ഹയര്‍ സെക്കന്‍ഡറി ടീച്ചര്‍ തസ്തികയിലെ കാറ്റഗറി 10 പ്രകാരമുള്ള മിനിമം വേതനമാണ് ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ അനുവദിച്ചത്. 32,300 രൂപ. സംഭവം വിവാദമായതിനെ തുടര്‍ന്നു വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും ഉന്നതങ്ങളിലെ ഇടപെടലില്‍ അന്വേഷണം വഴിമുട്ടി.
ഇത്തരം ഒരു തസ്തിക ഇല്ലാതിരുന്നിട്ടും ഈ സാങ്കല്‍പിക തസ്തികകളില്‍ 2019 ജൂണ്‍ മുതല്‍ വീണ്ടും വേതനം വര്‍ധിപ്പിച്ച നടപടിയാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 42,305, അസിസ്റ്റന്റ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ 34,605 എന്നിങ്ങനെയാണ് വീണ്ടും വേതനം വര്‍ധിപ്പിച്ചത്. സാക്ഷരതാ മിഷനില്‍ നിലവില്‍ 14 ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരും 32 അസിസ്റ്റന്റ് ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാരുമാണ് ഉള്ളത്. സംസ്ഥാന സാക്ഷരതാ മിഷന്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ സാമ്പത്തികവും ഭരണപരവുമായ ചുമതലകള്‍ വഹിക്കാന്‍ നിലവില്‍ ജില്ലാ പഞ്ചായത്തു സെക്രട്ടറിമാര്‍ വ്യവസ്ഥാപിതമായി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ സാങ്കല്‍പിക തസ്തികകള്‍ എന്തിനു സൃഷ്ട്ടിച്ചുവെന്നു വ്യക്തമല്ല.
താല്‍കാലിക ജീവനക്കാര്‍ക്ക് അതേ തസ്തികയിലെ സ്ഥിരം ജീവനക്കാരുടെ മിനിമം വേതനം അനുവദിക്കണമെന്നാണ് 2018ലെ സുപ്രിം കോടതി ഉത്തരവ്. എന്നാല്‍ സാക്ഷരതാ മിഷനിലെ ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ പ്രൊജക്ട് അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ എന്നീ താല്‍കാലിക തസ്തികകള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ സ്ഥിരം തസ്തിക ഇല്ല. ഈ സാഹചര്യത്തില്‍ മറ്റ് വകുപ്പുകളില്‍ ഇത്തരം തസ്തികകളില്‍ താല്‍കാലികമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുവദിക്കുന്ന വേതനം മാനദണ്ഡമാക്കുന്നതിന് പകരം തോന്നിയതുപോലെ വേതനം അനുവദിച്ചിരിക്കുകയാണ്. ഈ സാങ്കല്‍പിക തസ്തികകളെ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെ കാറ്റഗറിയില്‍ ഉള്‍പ്പെടുത്തി ഇത്രയും വലിയ വേതനം അനുവദിക്കാന്‍ ധന വകുപ്പ് ഉദ്യോഗസ്ഥര്‍ 22 ലക്ഷത്തോളം രൂപ കോഴ കൈപ്പറ്റിയെന്നും ആരോപണം ഉണ്ട്.
വാര്‍ഡ്തല സംഘാടനത്തിനുള്ള ചുമതലയുള്ള പ്രേരക്മാര്‍ക്ക് നല്‍കുന്ന വേതനം 12,500 രൂപയാണ്. നോഡല്‍ പ്രേരക് മാര്‍ക്ക് 15,000 രൂപയും. ജില്ലാ പ്രേരക്മാരായി പ്രവര്‍ത്തിക്കുന്ന ജില്ലാ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് പരമാവധി 20,000 രൂപ വരെ മിനിമം വേതനം അനുവദിക്കാവുന്ന സ്ഥാനത്താണ് 42,305 എന്ന ഭീമമായ വേതനം നല്‍കിയിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."