പാക്കിസ്ഥാൻ സ്വദേശിയെ പണം ട്രാന്‍സ്ഫര്‍ ചെയ്യാൻ സഹായിച്ചു; അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷം മലപ്പുറം സ്വദേശിക്ക് മോചനം
ജിദ്ദ: പാക്കിസ്ഥാൻ സ്വദേശിക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് സ്വന്തം അക്കൗണ്ട് നല്‍കിയതിനെ തുടർന്ന് ജയിലിലായ മലയാളിക്ക് മോചനമായി. റിയാദില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറം സ്വദേശി സക്കീര്‍ ഹുസൈനാണ് അഞ്ചു മാസത്തെ ജയിൽ വാസത്തിന് ശേഷം മോചിതനായത്.നാട്ടിലേക്ക് പണമയക്കാനായി ബാങ്കിൽ ചെന്നപ്പോഴാണ് അവിടെ ഉണ്ടായിരുന്ന പാക്കിസ്ഥാനി സഹായം ആവശ്യപ്പട്ടത്. തനിക്ക് അത്യാവശ്യമായി പണം ആവശ്യമുണ്ടെന്നും അബഹയിലുള്ള സഹോദരൻ അയക്കാൻ തയ്യാറാണെന്നും തനിക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാത്തതിനാൽ സഹോദരന് പണം അയക്കാൻ സാധിക്കുന്നില്ലെന്നും അയാൾ സക്കീർ ഹുസൈനോട് പറഞ്ഞു. സഹോദരന്റെ പണം ലഭിക്കാൻ സക്കീർ ഹുസ്സൈന്റെ അക്കൗണ്ട് നമ്പർ തന്ന് സഹായിക്കണമെന്നും അപേക്ഷിച്ചു.ഇഖാമ പുതുക്കാനാണെന്നും പണം നൽകിയില്ലെങ്കിൽ ഹുറൂബ് ആക്കുമെന്നും പാക്കിസ്ഥാൻ സ്വദേശി പറഞ്ഞതിനെ തുടർന്ന് സഹതാപം തോന്നിയ സക്കീര്‍ തന്റെ അക്കൗണ്ട് നമ്പര്‍ പറഞ്ഞു കൊടുക്കുകയും ഉടന്‍തന്നെ അതിലേക്ക് 4500 റിയാല്‍ എത്തുകയും ചെയ്തു. അവിടെ വെച്ച് തന്നെ സക്കീർ ഹുസൈൻ പണം പിന്‍വലിച്ച് പാക്കിസ്ഥാൻ സ്വദേശിക്ക് നൽകുകയും ചെയ്തു.കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം സക്കീർ ഹുസൈനെ അബഹ പോലീസ് സ്റ്റേഷനിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് സക്കീർ ഹുസൈന്റെ സ്പോൺസർക്ക് പോലീസ് സ്റ്റേഷനിൽ നിന്നും അറിയിപ്പ് ലഭിച്ചു.തുടർന്ന് പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ അഹമ്മദ് അസീരി എന്ന സ്വദേശിയുടെ അക്കൗണ്ടിൽ നിന്നും 91000 റിയാൽ ഓൺലൈൻ വഴി തട്ടിയെടുത്തതായും ആ പണം വിവിധ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും അതിൽ ഒരു അക്കൗണ്ട് നമ്പർ സക്കീർ ഹുസൈന്റേതായതിനാൽ സാമ്പത്തിക തട്ടിപ്പിൽ സക്കീർ ഹുസൈനും പങ്കുണ്ട് എന്നായിരുന്നു പോലീസിന്റെ സംശയം.ബാങ്കിൽ നിന്നാണെന്ന് പറഞ്ഞു ഫോണിലൂടെ ബന്ധപ്പെട്ട് അക്കൗണ്ട് നമ്പറും പാസ്‌വേഡും മനസ്സിലാക്കി സഊദി പൗരന്റെ അക്കൗണ്ടിൽ നിന്നും വൻതുക തട്ടിയെടുക്കുകയായിരുന്നു തട്ടിപ്പ് സംഘം ചെയ്തത്. സക്കീർ ഹുസൈൻ കൂടി അടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയതെന്നും ആ തുക സംഘം കൂട്ടായി പങ്കിട്ടെടുക്കുകയായിരുന്നുവെന്നും ആരോപണമുണ്ടായി. നിരപരാധിത്വം തെളിയിക്കാൻ തെളിവുകളില്ലാത്തതിനാൽ സ്‌റ്റേഷനില്‍ ഹാജരായ സക്കീർ ഹുസൈനെ അറസ്റ്റു ചെയ്ത് ജയിലിലേക്ക് മാറ്റി.തുടർന്ന് അഞ്ചു മാസത്തോളം സക്കീർ ഹുസൈൻ ജയിലിലായിരുന്നു. കോടതിയിൽ പ്രോസിക്യൂഷന് സക്കീർ സാമ്പത്തിക തട്ടിപ്പിൽ പങ്കാളിയായിരുന്നു എന്ന് തെളിയിക്കാൻ സാധിക്കാതായതോടെ നിബന്ധനകളുടെ അടിസ്ഥാനത്തിൽ കോടതി സക്കീര്‍ ഹുസൈനെ കുറ്റവിമുക്തനാക്കുകയായിയുന്നു.ഇതിനിടയിൽ നിയമ നടപടികൾ ഭയന്ന് സക്കീർ ഹുസ്സൈന്റെ സ്‌പോണ്‍സര്‍ സക്കീറിനെ ഹുറൂബാക്കിയിരുന്നു. അതിനാൽ ആ നടപടിക്രമങ്ങൾ കൂടി പൂർത്തിയാക്കിയതിന് ശേഷമാണ് സക്കീർ ഹുസൈന് ജയിൽ മോചിതനാവാൻ സാധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."