HOME
DETAILS
MAL
എല്ലാം കഴിഞ്ഞ ശേഷം മോദി വാ തുറന്നു
backup
February 27 2020 | 03:02 AM
ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു ദിവസമായി ഡല്‍ഹിയില്‍ സംഘ്പരിവാറിന്റെ നേതൃത്വത്തില്‍ വംശീയാതിക്രമം നടക്കുകയാണ്. പൊലിസുകാരനടക്കം നിരവധി പേര്‍ കൊല്ലപ്പെടുകയും രാജ്യതലസ്ഥാനത്ത് അക്രമികള്‍ അഴിഞ്ഞാടുകയും ചെയ്തിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും മൗനവും കെടുകാര്യസ്ഥതയും വ്യാപകമായി വിമര്‍ശിക്കപ്പെട്ടതോടെ ഇന്നലെ പ്രധാനമന്ത്രി വിഷയത്തില്‍ പ്രതികരിച്ചു.
സമാധാനം പാലിക്കണമെന്ന് ആഹ്വാനം ചെയ്ത അദ്ദേഹം, സാഹോദര്യം നിലനിര്‍ത്താനും അഭ്യര്‍ഥിച്ചു. എന്നാല്‍, വൈകിപ്പോയിരുന്നു. അപ്പോഴേക്കും ഡല്‍ഹിയുടെ മിക്ക ഭാഗങ്ങളിലും ആക്രമണങ്ങള്‍ നടന്നുകഴിഞ്ഞിരുന്നു. ഡല്‍ഹി ഹൈക്കോടതിയും സുപ്രിംകോടതിയും വിഷയത്തില്‍ ഇടപെട്ടുകഴിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ ഓഫിസടക്കം നിലനില്‍ക്കുന്ന, രാജ്യതലസ്ഥാനത്ത് നടന്ന ഇത്തരം ഹീനമായ ആക്രമണങ്ങളില്‍ ഐക്യരാഷ്ട്രസഭയുടേതടക്കമുള്ള പ്രതികരണങ്ങള്‍ പുറത്തുവന്നതിനു ശേഷമായിരുന്നു വിഷയത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സമാധാനാഹ്വാനമെന്നതും ശ്രദ്ധേയമാണ്.
നേരത്തെ, ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ അമിത് ഷായടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചപ്പോഴും പ്രധാനമന്ത്രി പ്രതികരിച്ചിരുന്നില്ല. ഡല്‍ഹി ജാമിഅ മില്ലിയ്യയിലെയും മറ്റും വിദ്യാര്‍ഥികളും ഷഹീന്‍ബാഗിലെ പ്രതിഷേധക്കാരും നിരന്തരം ആക്രമിക്കപ്പെട്ടപ്പോഴും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. വിദ്യാര്‍ഥികള്‍ക്കും പ്രതിഷേധക്കാര്‍ക്കും നേരെ സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ വെടിവയ്പുവരെ നടത്തിയപ്പോഴും, ആരെതിര്‍ത്താലും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്നുതന്നെ ആവര്‍ത്തിച്ചിരുന്ന പ്രധാനമന്ത്രി, ആക്രമികള്‍ക്കെതിരേ ഒരക്ഷരവും പറഞ്ഞിരുന്നില്ല. എന്റെ സഹോദരീസഹോദരന്‍മാര്‍ സമാധാനം പാലിക്കണമെന്ന് അഭ്യര്‍ഥിക്കുന്നുവെന്നായിരുന്നു ഇന്നലെ മോദിയുടെ പ്രതികരണം. സാഹചര്യങ്ങള്‍ താന്‍ വിലയിരുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ആദ്യ പ്രതികരണത്തിലും ആക്രമണങ്ങളെ പ്രധാനമന്ത്രി അപലപിച്ചില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."