ഭക്ഷ്യമന്ത്രിക്ക് തൊടുപുഴയില്‍ കരിങ്കൊടി; 10 മിനിട്ടോളം മന്ത്രിയെ വഴിയില്‍ തടഞ്ഞിട്ടു
തൊടുപുഴ: അരിയുള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെ ക്രമാതീതമായ വിലക്കയറ്റത്തിലും റേഷന്‍ സംവിധാനം താറുമാറാക്കിയതിലും പ്രതിഷേധിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമനെ കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി.
തൊടുപുഴയിലെ ഒരു ചടങ്ങില്‍ പങ്കെടുക്കുന്നതിനായ് വൈക്കത്തുനിന്നു വന്ന മന്ത്രിയെ കോലാനി ജങ്ഷനില്‍ ഉച്ചകഴിഞ്ഞ് രണ്ടോടെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. മുദ്രാവാക്യം വിളികളുമായി മന്ത്രിയുടെ വാഹനത്തിന് മുന്നിലേക്ക് എടുത്തുചാടുകയായിരുന്ന പ്രവര്‍ത്തകര്‍ പത്തുമിനിറ്റോളം മന്ത്രിയെ വഴിയില്‍ തടഞ്ഞുവച്ചു.
സമരക്കാരെ പിന്തിരിക്കാന്‍ ശ്രമിച്ച പൊലിസ് നടപടി സംഘര്‍ഷത്തിനിടയാക്കി. പിന്നീട് കൂടുതല്‍ പൊലിസെത്തി പ്രവര്‍ത്തകരെ നീക്കം ചെയ്തു.
സമരത്തിന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി, എം.ജി.സര്‍വകലാശാല സെനറ്റ് മെമ്പര്‍ ടോണി തോമസ്, മാത്യു കെ.ജോണ്‍, സിബി ജോസഫ്, മുഹമ്മദ് അസ്ലം, സിജോ ജോസഫ്, ഫസല്‍ സുലൈമാന്‍, ഷെരീഫ് പെരുമ്പിള്ളിച്ചിറ എന്നിവര്‍ നേതൃത്വം നല്‍കി.
അതേസമയം മന്ത്രി പി തിലോത്തമനെ കെ.എസ് യു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടുകയും വഴിയില്‍ തടയുകയും ചെയ്ത സംഭവം ഇന്റലിജന്‍സ് വിഭാഗത്തിനും പൊലിസിനും പറ്റിയ ഗുരുതര വീഴ്ച്ച മൂലമാണെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പാലുകൊടുത്തു വളര്‍ത്തുന്ന നിരവധി കേസുകളില്‍ പ്രതികളായ ഗുണ്ടണ്ടാ സംഘങ്ങളാണ് മന്ത്രിയെ തടഞ്ഞത്. പൊലിസും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ജാഗ്രത കാട്ടിയിരുന്നെങ്കില്‍ ഈ സംഭവം ഒഴിവാക്കാമായിരുന്നു.
കുറ്റക്കാര്‍ക്കെതിരേ കടുത്ത നടപടി സ്വീകരിക്കണമെന്നും സംഭവത്തില്‍ വീഴ്ച്ചവരുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."