ജല വില്‍പനയും കുഴല്‍കിണര്‍ നിര്‍മാണവും നിരോധിച്ചു; ദുരുപയോഗം തടയാന്‍ സ്‌ക്വാഡുകള്‍
മലപ്പുറം: രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജില്ലയിലെ ജല ദുരുപയോഗം തടയുന്നതിനു തിരൂര്‍, പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനുകളില്‍ ആര്‍.ഡി.ഒ-സബ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലിസ്- റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്‌ക്വാഡുകള്‍ രൂപീകരിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാതല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു.
പുഴകളില്‍നിന്ന് അനുമതിയില്ലാതെ ടാങ്കര്‍ ലോറികളില്‍ വെള്ളമെടുക്കുന്നതു നിരോധിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലവില്‍പന നിരോധിക്കാനും തീരുമാനിച്ചു. ജലദുരുപയോഗം തടയുന്നതിനു കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിരുന്നു.
മെയ് 31 വരെ സ്വകാര്യ കുഴല്‍കിണര്‍ നിര്‍മാണം നിരോധിക്കും. കുടിവെള്ളക്ഷാമം അതിരൂക്ഷമായ ഇടങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ കുഴല്‍കിണര്‍ നിര്‍മാണത്തിനു സമ്മതപത്രം നല്‍കും. വരള്‍ച്ച സംബന്ധിച്ചു പൊതുജനങ്ങളുടെ പരാതി സ്വീകരിക്കുന്നതിനു ടോള്‍ഫ്രീ നമ്പറും മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തും. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബി.എസ്.എന്‍.എല്‍, നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ എന്നിവയെ യോഗം ചുമതലപ്പെടുത്തി.
വരള്‍ച്ച നേരിടുന്നതിന് ജില്ലയ്ക്കു സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ തയാറാക്കാനും ദുരന്തനിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുര്‍റഷീദ്, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, അഗ്നിശമന-രക്ഷാ സേന ജില്ലാ ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."