പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി: സ്ത്രീകളുടെയും കുട്ടികളുടെയും സമുച്ചയം ഒരു മാസത്തിനകം തുറക്കും
പെരിന്തല്‍മണ്ണ: ആവശ്യത്തിനു ജീവനക്കാരെ നിയമിക്കാത്തതിനെ തുടര്‍ന്ന് ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായും പ്രവര്‍ത്തനം തുടങ്ങാതിരുന്ന പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായുള്ള പുതിയ സമുച്ചയം ഒരുമാസത്തിനകം തുറക്കാന്‍ നീക്കങ്ങളാരംഭിച്ചു. പുതിയ ബ്ലോക്ക് പ്രവര്‍ത്തനം ആരംഭിക്കുന്നതിനൊപ്പം നൂതന പദ്ധതികളും നടപ്പാക്കുമെന്നു സൂപ്രണ്ടിന്റെ ചുമതലവഹിക്കുന്ന ഡോ. എ. ഷാജി പറഞ്ഞു.
ജീവനക്കാരുടെ കുറവാണ് പുതിയ ബ്ലോക്ക് പ്രവര്‍ത്തനം തുടങ്ങുന്നതിനു തടസം. കഴിഞ്ഞ മാര്‍ച്ച് അവസനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 'കായകല്പ' അവാര്‍ഡില്‍ സംസ്ഥാനത്തുനിന്നു പെരിന്തല്‍മണ്ണ ജില്ല ആശുപത്രി രണ്ടാംസ്ഥാനം നേടിയിരുന്നു. സമ്മാനത്തുകയായി ലഭിച്ച 20 ലക്ഷം രൂപയുപയോഗിച്ച് ആശുപത്രിയില്‍ സൗന്ദര്യവല്‍ക്കരണവും രോഗീസൗഹൃദ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
എന്‍.എ.ബി.എച്ച് അംഗീകാരം ലഭിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഇതിനോടകം തുടങ്ങിയിട്ടുണ്ട്. എന്‍.ആര്.എച്ച്.എം ഫണ്ടില്‍ അനുവദിച്ച ആറു കോടി രൂപ ഉപയോഗപ്പെടുത്തി പുതിയ കെട്ടിടം നിര്‍മിക്കും. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഓരോ മെഡിക്കല്‍ വാര്‍ഡുകളും സര്‍ജിക്കല്‍ വാര്‍ഡുകളും ഈ കെട്ടിടത്തിലുണ്ടാകും. ഇതോടൊപ്പം ട്രോമാകെയര്‍ യൂനിറ്റ്, ഡയാലിസിസ് കേന്ദ്രം, അത്യാഹിത വിഭാഗത്തിന്റെ നവീകരണം എന്നിവയും ഉടന്‍ നടപ്പാക്കുമെന്ന് സൂപ്രണ്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."