വേനല്‍ മഴയില്‍ പ്രതീക്ഷയര്‍പ്പിച്ച് മലയോരം
നിലമ്പൂര്‍: കടുത്ത വരള്‍ച്ചയ്ക്കിടയില്‍ ആശ്വാസവുമായി ശനിയാഴ്ച മലയോരത്ത് വിവിധ ഭാഗങ്ങളില്‍ വേനല്‍ മഴ ലഭിച്ചു. വരും ദിവസങ്ങളിലും വേനല്‍ മഴയുടെ തുടര്‍ച്ചയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് മലയോരം.
ശനിയാഴ്ച വൈകിട്ടാണ് പൂക്കോട്ടുംപാടം, ചോക്കാട്, കാളികാവ്, വണ്ടൂര്‍, കരുവാരക്കുണ്ട്, മമ്പാട്, കാട്ടുമുണ്ട ഭാഗങ്ങളില്‍ ശക്തമായും നിലമ്പൂര്‍ ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നേരിയ തോതിലും മഴ ലഭിച്ചത്. പുഴകള്‍ വറ്റിവരളുകയും കാട്ടുതീ വ്യാപകമാകുകയും ചെയ്തതോടെ വന്യമൃഗങ്ങള്‍ അടക്കം ജനവാസ കേന്ദ്രങ്ങളിലേക്ക് എത്തുന്നതിനിടയിലാണ് ആശ്വാസമായി വേനല്‍മഴ ലഭിച്ചത്. തുലാവര്‍ഷവും കാലവര്‍ഷവും ചതിച്ചതോടെ വേനല്‍മഴ മാത്രമാണ് ഇനിയുള്ള ഏക ആശ്രയം.
ഇന്നലെ രാവിലെയും വിവിധയിടങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്തു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് നേരത്തേതന്നെ മഴ നിലച്ചതോടെയാണ് കടുത്ത വരള്‍ച്ച ഉണ്ടായത്. വന്‍തോതിലാണ് പച്ചക്കറി കൃഷികളും നെല്‍പ്പാടങ്ങളും ഉള്‍പ്പെടെ കരിഞ്ഞുണങ്ങിയത്. നിലമ്പൂര്‍ മേഖലയില്‍ മാത്രം നൂറ് ഹെക്ടറിന് മുകളില്‍ നെല്‍കൃഷിയാണ് നിലച്ചത്. ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷമെങ്കിലും കൃഷി ലാഭമാകുമെന്നു കരുതിയ കശുവണ്ടി കര്‍ഷകര്‍ക്കും വേനല്‍ച്ചൂട് തിരിച്ചടിയായി.
പല ഭാഗങ്ങളിലും പൂക്കുലകള്‍ കൂട്ടത്തോടെ കരിഞ്ഞുണങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കിലോയ്ക്ക് 150 രൂപ വിലയാണ് കശുവണ്ടിക്കുള്ളത്. ഡിസംബര്‍-ജനുവരിയിലെ തണുത്ത കാലാവസ്ഥയില്‍ നല്ലനിലയില്‍ കശുമാവുകള്‍ പൂക്കുകയും ചെയ്തിരുന്നു. എന്നാല്‍, വ്യാപകമായ വേനല്‍ച്ചൂടില്‍ 70 ശതമാനം പൂക്കളും കരിഞ്ഞ നിലയിലാണ്. വേനല്‍മഴ ലഭിച്ചാല്‍ ശേഷിക്കുന്ന പൂക്കളെങ്കിലും അവശേഷിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."