ഒക്ടോബര്‍- ഡിസംബര്‍ പാദത്തിലെ ജി.ഡി.പിയില്‍ നേരിയ വളര്‍ച്ച; 4.7 ശതമാനം
ന്യൂഡല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിലെ ഒക്ടോബര്‍- ഡിസംബര്‍ പാദത്തില്‍ ജി.ഡി.പി വളര്‍ച്ചാനിരക്കില്‍ നേരിയ വര്‍ധന. 4.7 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. വാര്‍ഷിക ജി.ഡി.പി 5 ശതമാനത്തിലൊതുങ്ങുമെന്ന് കണക്കാക്കുന്ന ജി.ഡി.പിയില്‍ ചെറിയ തോതിലെങ്കിലും വളര്‍ച്ച രേഖപ്പെടുത്തിയ ഏക പാദമാണിത്.
രണ്ടാം പാദത്തില്‍ 4.5 ശതമാനമായിരുന്നു വളര്‍ച്ച. ഏപ്രില്‍- ജൂണില്‍ ജി.ഡി.പി വളര്‍ച്ച കൂപ്പുകുത്തിയിരുന്നു. ജൂലൈ-സെപ്റ്റംബറില്‍ 4.5 ശതമാനത്തിലേക്ക് ജി.ഡി.പി വളര്‍ച്ച വീണ്ടും താഴ്ന്നു. 2013 ന് ശേഷമുള്ള ഏറ്റവും മോശം വളര്‍ച്ചയായിരുന്നു അത്. സമ്പദ്വ്യവസ്ഥയിലെ സര്‍വ മേഖലകളും തളര്‍ന്നതാണ് തിരിച്ചടിയായത്.
ഇതിനിടെയാണ് നേരിയ വര്‍ധന മൂന്നാം പാദത്തിലുണ്ടായത്. എന്നാല്‍ കൊറോണ വൈറസ് ബാധ ആഗോള സമ്പദ്‌വ്യവസ്ഥയില്‍ ചെലുത്തുന്ന സ്വാധീനം അവസാന പാദത്തില്‍ വളര്‍ച്ചയെ ബാധിച്ചേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഗ്രാമങ്ങളിലെ ആവശ്യകത, സ്വകാര്യ ഉപഭോഗം, സര്‍ക്കാരിന്റെ ചെലവ് എന്നിവ ചെറിയ തോതില്‍ വര്‍ധിച്ചതാണ് മൂന്നാം പാദത്തില്‍ ഗുണകരമായത്. ഇതുമൂലമാണ് ഡിസംബര്‍ പാദത്തില്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിനുള്ള ചില സൂചനകള്‍ കാണിച്ചതെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫൈനാന്‍സ് ആന്റ് പോളിസി (എന്‍.ഐ.പി.എഫ്.പി)യിലെ സാമ്പത്തിക ശാസ്ത്രജ്ഞനായ എന്‍.ആര്‍ ഭാനുമൂര്‍ത്തി പറഞ്ഞു. എന്നാല്‍ നിലവിലെ പാദത്തില്‍ 4.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നത് വെല്ലുവിളിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ സാമ്പത്തിക വര്‍ഷത്തെ ജി.ഡി.പി വളര്‍ച്ച അഞ്ച് ശതമാനമായിരിക്കുമെന്ന് വാര്‍ഷിക ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ 11 വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 2020-21 സാമ്പത്തിക വര്‍ഷത്തേക്ക് കേന്ദ്രം ആറ് ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."