അതിജീവിച്ച നാടായി കേരളം രേഖപ്പെടുത്തപ്പെടും: മുഖ്യമന്ത്രി
തിരുവനന്തപുരം: വലിയൊരു ദുരന്തത്തില്‍ കഷ്ടപ്പെട്ട നാടെന്ന നിലയിലല്ല, നല്ല രീതിയില്‍ അതിജീവിച്ച നാടായാണ് നാളെ കേരളം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള നിര്‍മിതിക്കായി മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ പ്രവാസിമലയാളി വിദ്യാര്‍ഥികള്‍ ശേഖരിച്ച ചങ്ങാതിക്കുടുക്ക സഹായനിധി മുഖ്യമന്ത്രിക്കു കൈമാറുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒരുമയോടെയും ഐക്യത്തോടെയും പൂര്‍ത്തിയായ രക്ഷാപ്രവര്‍ത്തനത്തിനുശേഷം പുനര്‍നിര്‍മാണത്തിനു ലോകത്താകെയുള്ള മലയാളികള്‍ സഹായിക്കാന്‍ മുന്നോട്ടുവന്നതായും മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രി എ. കെ. ബാലന്‍ അധ്യക്ഷനായി. റീബില്‍ഡ് കേരള സി.ഇ.ഒ ഡോ. വി. വേണു, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, മലയാളം മിഷന്‍ ഡയരക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംസാരിച്ചു.
ചില്ലറത്തുട്ടുകളും വിദേശനാണ്യങ്ങളുമായൊക്കെ ഓരോ മലയാളം മിഷന്‍ വിദ്യാര്‍ഥിയും വീടുകളില്‍ മണ്‍കുടുക്കകളിലും പാത്രങ്ങളിലുമൊക്കെ കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ ശേഖരിച്ചുവച്ച പണമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമര്‍പ്പിച്ചത്. കേരളത്തിന് പുറത്ത് 10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലും 15 വിദേശരാജ്യങ്ങളിലുമായി പ്രവര്‍ത്തിക്കുന്ന മലയാളം മിഷന്റെ 25,000 ഓളം വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരും ചങ്ങാതിക്കുടുക്ക പദ്ധതിയില്‍ പങ്കുചേര്‍ന്നിരുന്നു.
ചങ്ങാതിക്കുടുക്ക സമര്‍പ്പണത്തോടനുബന്ധിച്ചു തിരുവനന്തപുരത്ത് നടക്കുന്ന മൂന്നു ദിവസത്തെ സഹവാസ ക്യാംപില്‍ 42 വിദ്യാര്‍ഥികളാണ് പങ്കെടുക്കുന്നത്. ഒന്‍പത് മുതല്‍ 14 വയസുവരെ പ്രായത്തിലുള്ള ആണ്‍കുട്ടികളും പെണ്‍കുട്ടികളും മലയാളം മിഷന്റെ ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, തെലങ്കാന, ഗോവ എന്നിവിടങ്ങളിലെ വിവിധ പഠനകേന്ദ്രങ്ങളിലെ വിദ്യാര്‍ഥികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."