റമദാന്‍ പഠിപ്പിക്കുന്നത് നല്ല ചിന്തകള്‍
റമദാന്‍ മാസത്തിലാണ് ഖുര്‍ആന്‍ അവതരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി ധ്യാനനിരതനായപ്പോള്‍ ജിബ്രിയേല്‍ ദൂതന്‍ വായിക്കുക എന്ന സന്ദേശം നല്‍കുകയാണ്. മുഹമ്മദ് നബി ഇതുകേട്ട് ഞെട്ടിത്തരിക്കുകയായിരുന്നു. തനിക്കു വായിക്കാനറിയില്ലെന്നു പ്രവാചകന്‍ പറഞ്ഞപ്പോള്‍ അതു നിന്റെ ഹൃദയത്തില്‍ എഴുതിത്തരാമെന്നു പറഞ്ഞു. ഇതാണു പിന്നീടു ഖുര്‍ആനായി ഭൂമിയില്‍ അവതരിച്ചത്.
നോമ്പിന്റെ ആദ്യ പത്തുദിനം തങ്ങള്‍ ചെയ്ത പാപങ്ങള്‍ സ്വീകരിക്കണമെന്ന അപേക്ഷയോടെയാണ് ഓരോ വിശ്വാസിയും പള്ളിയിലേക്കു കടന്നുപോയത്. രണ്ടാമത്തെ പത്തുദിനം പാപങ്ങളില്‍ നിന്നു നമുക്കു മോചനം തരണമേയെന്ന അഭ്യര്‍ഥനയോടെയാണു പ്രാര്‍ഥനയ്ക്കായി പോകുന്നത്. അവസാന പത്തുനാള്‍ എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞ് സ്വര്‍ഗീയ കവാടം നമുക്കുമുന്നില്‍ തുറന്നിടണമെന്ന അപേക്ഷയാണ് ഓരോ വിശ്വാസിയും അല്ലാഹുവിന്റെ മുന്നിലേക്കു വയ്ക്കുന്നത്. ഇത്തരം നല്ല ചിന്തകളാണു റമദാന്‍ മാസത്തില്‍ ഓരോ വിശ്വാസിയെയും പഠിപ്പിക്കുന്നത്.
എല്ലാ മതങ്ങളെയും ഒന്നായി കാണാനുള്ള വിശുദ്ധിയിലേക്കുള്ള പാത തുറക്കലാണു റമദാന്‍ മാസത്തിന്റെ പ്രത്യേകത. നമ്മള്‍ അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് വിശുദ്ധിയുടെ പാതയിലേക്കു നമ്മെ കൊണ്ടുവരികയാണു റമദാന്‍. നോമ്പും സക്കാത്തുമെല്ലാം ഇത്തരമൊരു വിശ്വാസത്തിന്റെ അടയാളങ്ങളാണ്. മനുഷ്യരാശിക്കു വിശ്വാസത്തിന്റെ വെള്ളിവെളിച്ചം പകര്‍ന്നുനല്‍കുന്ന റമദാന്‍ കാലം പുണ്യകാലമെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല. റമദാന്‍ മാസത്തില്‍ ഖുര്‍ആന്‍ പാരായണം നടത്തുന്നതു നമ്മെ കൂടുതല്‍ വിശുദ്ധരാക്കും. ഈയുള്ളവനും റമദാന്‍ നോമ്പെടുത്തും ഖുര്‍ആന്‍ പാരായണം നടത്തിയും പുണ്യമാസത്തെ സ്വീകരിക്കാറുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."