10.5 കിലോ കഞ്ചാവുമായി വിദ്യാര്‍ഥികള്‍ പിടിയില്‍
നിലമ്പൂര്‍: ഒരാഴ്ചയ്ക്കിടെ പൊലിസ് നടത്തിയ കഞ്ചാവ് വേട്ടയില്‍ ഇത്തവണ കുടുങ്ങിയതു രണ്ട് എന്‍ജിനിയിറിങ് വിദ്യാര്‍ഥികള്‍. 10.450 കിലോ കഞ്ചാവും ഇതു കടത്താനുപയോഗിച്ച നാനോ കാറും പിടികൂടി. പാലക്കാട് വാളയാര്‍ കഞ്ചിക്കോട് ഹൗസ് നമ്പര്‍ 666ല്‍ താമസിക്കുന്ന എന്‍. വിജയകുമാര്‍ (24), പത്തനംതിട്ട തിരുവല്ല കടപ്ര സ്വദേശി ചൈത്രംവീട്ടില്‍ അനന്തുരാജ് (22) എന്നിവരാണ് നിലമ്പൂരില്‍ പിടിയിലായത്.
ഇരുവരും കോയമ്പത്തൂരിലെ എന്‍ജിനിയറിങ് കോളജുകളിലാണ് പഠിക്കുന്നത്. ഇതരസംസ്ഥാനങ്ങളില്‍നിന്നുള്ള കഞ്ചാവ് മൊത്തക്കച്ചവടക്കാര്‍ കേരളത്തില്‍നിന്നുള്ള ഇടനിലക്കാര്‍ വഴി കഞ്ചാവും മയക്കുമരുന്നുകളും ഇതര സംസ്ഥാനങ്ങളിലെ കോളജുകളിലും സ്‌കൂളുകളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ മുഖേന വന്‍തോതില്‍ വില്‍പന നടത്തുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍, നിലമ്പൂര്‍ സി.െഎ കെ.എം ബിജു, ടൗണ്‍ ഷാഡോ പൊലിസ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് പ്രതികള്‍ മൈലാടി പാലത്തിനു സമീപത്തുവച്ച് പിടിയിലായത്.
കോയമ്പത്തൂരിലുള്ള മുജീബ് ഭായി എന്ന മൊത്തവിതരണക്കാരന്റെ കാരിയറുകളായാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മുജീബിനെതിരേ കോയമ്പത്തൂരിലെ വിവിധ സ്റ്റേഷനുകളില്‍ കഞ്ചാവുമായി ബന്ധപ്പെട്ടു കേസുകളുണ്ട്. കാരിയറുകളായി പ്രവര്‍ത്തിക്കുന്നതിനു താല്‍പര്യമില്ലെന്ന് അറിയിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് വീണ്ടും മേഖലയില്‍ നിലനിര്‍ത്തിയതെന്നു പിടിയിലായ വിദ്യാര്‍ഥികള്‍ മൊഴി നല്‍കിയിട്ടുണ്ട്.
പുകവലി ശീലമുള്ള വിദ്യാര്‍ഥികളെ കണ്ടെത്തി ആദ്യം സൗജന്യമായി ലഹരി ഉല്‍പന്നങ്ങള്‍ നല്‍കുകയാണ് പതിവ്. പിന്നീട് ഇതേക്കുറിച്ച് പറഞ്ഞു ഭീഷണിപ്പെടുത്തിയും മറ്റും ഇവരെ കരിയറുകളാക്കി ബൈക്കുകളും കാറുകളും നല്‍കി കേരളത്തിന്റെ വിവിധ ജില്ലകളിലേക്കു കഞ്ചാവ് കടത്താനായി ഉപയോഗിക്കുകയാണ്. കോളജിന്റെ സമീപത്തു വാടക വീടെടുത്തു താമസിക്കുന്ന സംഘം പല വിദ്യാര്‍ഥികളെയും ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും മലയാളികളായ വിദ്യാര്‍ഥികളെ സംഘത്തോടൊപ്പം കൂട്ടിയിട്ടുണ്ടെന്നും പിടിയിലായവര്‍ മൊഴി നല്‍കി.
അന്വേഷണ സംഘത്തില്‍ അഡീഷനല്‍ എസ്.ഐ അഷ്‌റഫ്, ടൗണ്‍ ഷാഡോ ടീം അംഗങ്ങളായ സി.പി മുരളി, എന്‍.ടി കൃഷ്ണകുമാര്‍, ടി. ശ്രീകുമാര്‍, എം. മനോജ് കുമാര്‍, മുഹമ്മദ് ഷാഫി, പ്രദീപ് കുമാര്‍, മാത്യൂ, വനിതാ സിവില്‍ പൊലിസ് ഓഫിസര്‍ റഹിയാനത്ത് എന്നിവരുമുണ്ടായിരുന്നു.
ലഹരിയെത്തുന്നത് കൊറിയര്‍ വഴി
നിലമ്പൂര്‍: നിലമ്പൂരില്‍ പത്തര കിലോ കഞ്ചാവുമായി പിടിയിലായ വിദ്യാര്‍ഥികളില്‍നിന്നു ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങള്‍. കഞ്ചാവ് ഉള്‍പ്പെടെ ലഹരി മരുന്നുകള്‍ കൊറിയര്‍ വഴിയും ഓണ്‍ലൈന്‍ മുഖേനയുമാണ് വില്‍പന നടത്തുന്നത്. യഥാര്‍ഥ വിലാസക്കാരനു നേരിട്ട് കിട്ടുമെന്നതിനാലാണ് കൊറിയര്‍ വഴി ഇവ അയക്കുന്നതെന്നാണ് വിവരം.
ബംഗളൂരു, തമിഴ്‌നാട് എന്നിവയുള്‍പ്പെടെ ഇതര സംസ്ഥാനങ്ങളില്‍നിന്നു പാഴ്‌സലായാണ് ഇവ എത്തുന്നത്. കഞ്ചാവിനു പുറമേ പെത്തടിന്‍, ബ്രൗണ്‍ഷുഗര്‍ എന്നിവയാണ് ഇത്തരത്തില്‍ കേരളത്തിലേക്കു കൊറിയര്‍ വഴി എത്തുന്നത്. നിരവധി പേര്‍ ഇത്തരത്തില്‍ സ്ഥിരമായി ലഹരി വസ്തുക്കള്‍ കൊറിയറില്‍ വരുത്തുന്നുണ്ടെന്ന് അന്വേഷണത്തില്‍ വിവരം ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ കൊറിയര്‍ സര്‍വിസുകള്‍ പൊലിസ് നിരീക്ഷിച്ചുവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."