സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ വന്‍ വര്‍ധന
ആഷിഖ് അലി ഇബ്രാഹിം
മുക്കം: സംസ്ഥാനത്ത് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതായി ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍. പത്ത് വര്‍ഷത്തിനിടെ ഏഴിരട്ടിയോളം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 2008ല്‍ 549 കേസുകളായിരുന്നു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നതെങ്കില്‍ 2018ല്‍ എത്തിയപ്പോഴേക്കും അത് 4008 ആയി. 2017ല്‍ 3478 ഉം 2016ല്‍ 2881ഉം 2015ല്‍ 2384 ഉം കേസുകള്‍ ആണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം 1204 കുട്ടികളാണ് സംസ്ഥാനത്ത് ബലാത്സംഗത്തിന് ഇരയായത്. 2017ല്‍ 1101ഉം 2016ല്‍ 958ഉം 2015ല്‍ 720 കുട്ടികളും ബലാത്സംഗത്തിന് ഇരകളായി. കഴിഞ്ഞവര്‍ഷം 22 കുട്ടികള്‍ കൊല്ലപ്പെട്ടു. 185 കുട്ടികളെ തട്ടിക്കൊണ്ടുപോയി. ബാല വിവാഹ നിയമപ്രകാരം 15 കേസുകളും മറ്റു അതിക്രമങ്ങളുടെ പേരില്‍ 2569 കേസുകളുമാണ് കഴിഞ്ഞവര്‍ഷം രജിസ്റ്റര്‍ ചെയ്തത്.
കുട്ടികള്‍ക്കെതിരേയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള (പോക്‌സോ) കേസുകളും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2013ല്‍ പോക്‌സോ നിയമപ്രകാരം 1016 കേസുകളായിരുന്നു സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍, 2018ല്‍ നവംബര്‍ വരെ മാത്രം 2900 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2017ല്‍ 2697 കേസുകളും 2016ല്‍ 2122 കേസുകളും ആയിരുന്നു പോക്‌സോ പ്രകാരം രജിസ്റ്റര്‍ ചെയ്തിരുന്നത്. കഴിഞ്ഞവര്‍ഷം കൂടുതല്‍ പോക്‌സോ കേസുകള്‍ (371) രജിസ്റ്റര്‍ ചെയ്തത് മലപ്പുറം പൊലിസ് ജില്ലയിലാണ്. 256 കേസുകള്‍ രജിസ്റ്റര്‍ ചെയ്ത തിരുവനന്തപുരം റൂറല്‍ പൊലിസ് ജില്ലയാണ് രണ്ടാമത്. നിരവധി വിദ്യാര്‍ഥി ക്ഷേമ പദ്ധതികളും മറ്റും ഊര്‍ജിതമായി നടപ്പാക്കുമ്പോള്‍ തന്നെ കുട്ടികള്‍ക്കെതിരേയുള്ള അതിക്രമങ്ങളില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടാകുന്നത് വലിയ ആശങ്കയാണ് ഉയര്‍ത്തുന്നതെന്ന് വിവിധ എന്‍.ജി.ഒകള്‍ ചൂണ്ടിക്കാട്ടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."