എക്‌സൈസ് വകുപ്പിലെ ജീവനക്കാരുടെ കുറവ് മയക്കുമരുന്നു മാഫിയക്ക് വളമാകുന്നു
സ്വന്തം ലേഖിക
കൊച്ചി: സംസ്ഥാനത്ത് മയക്കുമരുന്ന് വ്യാപനം ദിനംപ്രതി കൂടിവരുമ്പോഴും മയക്കുമരുന്ന് എത്തിക്കുന്നവരെ പിടികൂടാന്‍ അംഗബലമില്ലാതെ വട്ടംചുറ്റി എക്‌സൈസ് വകുപ്പ്.
മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാനും തടയിടാനുമായി സംസ്ഥാന സര്‍ക്കാരിന്റെ വിമുക്തി ഉള്‍പ്പടെയുള്ള ബോധവത്കരണ പരിപാടി പുരോഗമിക്കുമ്പോള്‍ സ്‌കൂളുകളും പഞ്ചായത്തുകളുമൊക്കെ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്താനും മയക്കുമരുന്ന് എത്തിക്കുന്നവരെ പിടികൂടാനുമൊക്കെ പെടാപാടുപെടുകയാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍.
സംസ്ഥാനത്ത് ആകെ നാലായിരത്തോളം ജീവനക്കാര്‍ മാത്രമാണ് എക്‌സൈസ് വകുപ്പിലുള്ളത്. ഇതില്‍ ഓഫിസര്‍മാരായുള്ളവര്‍ 656 പേര്‍.
472 പേരെമാത്രമാണ് എന്‍ഫോഴ്‌സ്‌മെന്റ് ജോലിക്കായി കിട്ടുന്നത്. നിലവില്‍ അസി.ഇന്‍സ്‌പെക്ടര്‍ മുതല്‍ സി.ഐവരെ റാങ്കിലുള്ള 143 ഓഫിസര്‍മാരുടെ തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്.
ഇന്റലിജന്റസ് വിഭാഗത്തെ ശക്തിപ്പെടുത്താനുള്ള നിവേദനം സര്‍ക്കാരിന് സമര്‍പ്പിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് എക്‌സൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അശോക് കുമാര്‍ പറഞ്ഞു.
ഒരു ജില്ലയില്‍ ഒരു എക്‌സൈസ് ഇന്‍സ്‌പെക്ടറും അഞ്ച് പ്രിവന്റീവ് ഓഫിസര്‍മാരും മാത്രമാണ് എക്‌സൈസ് വിങ്ങിനുള്ളത്. രണ്ടോ മൂന്നോ റേഞ്ചുകളിലെ കാര്യങ്ങള്‍ ഒരു ഓഫിസര്‍ തന്നെയായിരിക്കും മിക്കവാറും നോക്കുന്നത്.
ഒരു റേഞ്ചില്‍നിന്ന് മറ്റൊരു റേഞ്ചിലേക്ക് എത്താന്‍ മണിക്കൂറുകള്‍ വേണ്ടിവരുമെന്നിരിക്കെയാണിത്. മൂന്നിലൊന്ന് ഓഫിസര്‍മാര്‍ ദിവസവും മയക്കുമരുന്ന് കേസുള്‍പ്പടെയുള്ളവയുമായി ബന്ധപ്പെട്ട് കോടതികളില്‍ കയറിയിറങ്ങേണ്ടതുമുണ്ട്. സ്‌കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് മയക്കുമരുന്നിനെതിരെയുള്ള ബോധവത്കരണ പരിപാടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും മയക്കുമരുന്ന് കേസുകളുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്.
ദിവസവും ഒന്നിലേറെ കേസുകളാണ് ഓരോ ജില്ലയിലും റിപ്പോര്‍ട്ട് ചെയ്യുന്നത്. ഓരോ ദിവസവും പുതിയ പുതിയ രീതികള്‍ മയക്കുമരുന്ന് വ്യാപനത്തിന് അവലംബിക്കുന്നതും ഉദ്യോഗസ്ഥരെ കുഴക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."