കടലില്‍ മത്സ്യം കിട്ടാക്കനി തീരദേശ മേഖല വറുതിയില്‍
തുറവൂര്‍: കടലില്‍ മത്സ്യ ദൗര്‍ലഭ്യം മൂലം തീരപ്രദേശം കടുത്ത വറുതിയിലായി. കഴിഞ്ഞ മൂന്നു മാസമായി കടലില്‍ മീനുകള്‍ കുറഞ്ഞതായി മത്സ്യത്തൊഴിലാളികള്‍ പറയുന്നു. കൊടും ചൂടും മഴയുടെ കുറവുമാണ് തീരക്കടലില്‍ മത്സ്യം കുറയാന്‍ കാരണമെന്നു തൊഴിലാളികള്‍ വ്യക്തമാക്കി.ഇന്ധനവും ഭക്ഷണവുമായി പുലര്‍ച്ചെ കടലില്‍ പോയി നഞ്ഞ വലയുമായി വെറും കൈയൊടെ കയറി വരുമ്പോള്‍ ആയിരക്കണക്കിന് രൂപയുടെ നഷ്ടമാണ് തൊഴിലാളികള്‍ക്കുണ്ടാകുന്നത്.
കടുത്ത സാമ്പത്തിക പ്രശ്‌നങ്ങളും ഇതിനിടെ തൊഴിലാളികള്‍ നേരിടുകയാണ്. പള്ളിത്തോട് ചാപ്പക്കടവില്‍ മിക്ക വലിയ വള്ളങ്ങളും കടലില്‍ ഇറക്കിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ചെറിയ വള്ളങ്ങള്‍ മാത്രമാണ് ഇപ്പോള്‍ കടലില്‍ പോകുന്നത് .ഇവയ്ക്ക് കുറഞ്ഞ അളവിലുള്ള മത്സ്യങ്ങള്‍ ലഭിക്കുന്നുള്ളു. കൊഴുവ, നന്തന്‍ തുടങ്ങിയ ചെറിയ മീനുകളാണ് ലഭിക്കുന്നത്. വിപണിയില്‍ നല്ല വിലയുണ്ടെന്നാണ് തൊഴിലാളികള്‍ പറയുന്നത്. കടലില്‍ മത്സ്യം കുറഞ്ഞതോടെ അന്ധകാരനഴി മുതല്‍ ചെല്ലാനം വരെയുള്ള തീരപ്രദേശത്തെ മത്സ്യമേഖല പ്രതിസന്ധിയിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."