വ്യാപാരികള്‍ക്ക് മുസ്‌ലിംലീഗിന്റെ ഐക്യദാര്‍ഢ്യം
ഇരിട്ടി: മുനിസിപ്പാലിറ്റി അധികൃതരുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാന്‍ മുസ്‌ലിം ലീഗ് ഇരിട്ടി മുനിസിപ്പല്‍ കമ്മിറ്റി തീരുമാനം.
ഇരിട്ടിയിലെ വ്യാപാരി സംഘടനകള്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും വ്യാപാരികള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുവാനും ഇന്നലെ ഇരിട്ടി സി.എച്ച് സൗധത്തില്‍ ചേര്‍ന്ന വ്യാപാരി പ്രതിനിധികളുടെയും മുസ്‌ലിം ലീഗ് മുനിസിപ്പല്‍ ഭാരവാഹികളുടെയും യോഗത്തില്‍ തീരുമാനമായി. ഇരിട്ടി നഗരസഭ രൂപീകൃതമായതിനു ശേഷം വ്യാപാരികളോട് വിവിധ വിഷയങ്ങളില്‍ ശത്രുതയോടെ പെരുമാറുന്നതായി വ്യാപാരി നേതാക്കള്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ലൈസന്‍സ് പുതുക്കാന്‍ വരുന്ന വ്യാപാരികളോട് കട പരിശോധിക്കണമെന്ന് പറഞ്ഞ് ദ്രോഹിക്കുന്നതായും അമിത ലൈസന്‍സ് ഫീ ഈടാക്കുന്നതായും പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിനു മുമ്പ് ഫെബ്രുവരിയില്‍ തന്നെ ഉദ്യോഗസ്ഥര്‍ കടകളില്‍ കയറി പ്ലാസ്റ്റിക് പ്ലെയ്റ്റുകളും നിരോധനത്തില്‍ വരാത്ത വസ്തുക്കളും പിടിച്ചെടുത്ത് പൊതു ജനങ്ങള്‍ക്കിടയില്‍ വ്യാപാരികളെ അപകീര്‍ത്തിപ്പെടുത്തിയെന്നും വ്യാപാരികള്‍ പറയുന്നു. മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കിയ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനവുമായി ബന്ധപ്പെട്ട് വ്യാപാരികള്‍ സഹകരിച്ചിരുന്നു. എന്നാല്‍ ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ പോളി പ്രൊപ്പിലിന്‍ ബാഗുകളും നിരോധിച്ചത് വ്യാപാരി ദ്രോഹ നടപടിയാണെന്നും ഇവര്‍ പറയുന്നു. ഇതേ തുടര്‍ന്ന് മാര്‍ച്ച് ഒന്നു മുതല്‍ വ്യാപാരികള്‍ സമര രംഗത്താണ്. മുന്‍സിപ്പാലിറ്റിയിലെ പ്രധാന പാര്‍ട്ടിയായ മുസ്‌ലിം ലീഗിന്റെ പിന്തുണ ലഭിച്ചതോടെ വിഷയം അധികൃതര്‍ പുന:പരിശോധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍. ഇരിട്ടി മുനിസിപ്പാലിറ്റിയില്‍ മുസ്‌ലിം ലീഗിന് മാത്രം ഒമ്പത് അംഗങ്ങളാണുള്ളത്. മുസ്‌ലിം ലീഗിലെ മൂന്ന് അംഗങ്ങള്‍ ചെയര്‍മാന്‍ തെരെഞ്ഞെടുപ്പില്‍ വിട്ടു നിന്നതിനെ തുടര്‍ന്നാണ് ന്യൂനപക്ഷമായ സി.പി.എം മുനിസിപ്പാലിറ്റിയുടെ ഭരണത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."