അവസാനം കിഫ്ബി വഴിമാറുമോ
സ്വപ്നങ്ങളുടെയും സങ്കല്‍പങ്ങളുടെയും കിഫ്ബി തേരിലേറിയുള്ള യാത്ര. അതാണ് കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക്ക് അവതരിപ്പിച്ച പൊതുബജറ്റ്. സ്വപ്ന സന്നിഭമായ ഒരുബജറ്റിന്റെ ഭംഗി കെടുത്തുന്നതായിരുന്നു ബജറ്റ് ചോര്‍ച്ച. എം.ടി വാസുദേവന്‍ നായരുടെ മോഹിപ്പിക്കുന്ന കഥാ സാഗരത്തിലൂടെ ഒഴുകിയൊഴുകി പോകാമെന്ന് നിനച്ച ബജറ്റ് പ്രസംഗം പെട്ടെന്ന് ചിറകെട്ടിയത് പൊലെയായി ചോര്‍ച്ചാ ആരോപണം. ഇതുസംബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചീഫ് സെക്രട്ടറിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ചീഫ് സെക്രട്ടറി നിയമോപദേശം തേടിയിരിക്കുകയാണ്. നോട്ടു മരവിപ്പിക്കലിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന ഒരു അവസരത്തില്‍ കിഫ്ബിയുടെ സഹായത്തോടെ ക്ഷേമബജറ്റ് അവതരിപ്പിച്ച് കൈയടി നേടാമെന്ന തോമസ് ഐസക്കിന്റെ മോഹമാണ് അദ്ദേഹത്തിന്റെ വകുപ്പിലെ സെക്രട്ടറിയുടെ പ്രവര്‍ത്തനം മൂലം പൊലിഞ്ഞുപോയത്. ബജറ്റിനുള്ളില്‍ നിന്നുതന്നെ വരുമാനമാര്‍ഗങ്ങള്‍ ആരായുന്ന സാമ്പ്രദായിക ബജറ്റുകള്‍ക്ക് പകരം കിഫ്ബി (കേരളാ ഇന്‍ഫ്ര സ്‌ട്രെക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ്) യില്‍ നിന്ന് പണമെടുത്ത് വികസന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്നാണ് ധനമന്ത്രിയുടെ സ്വപ്നം. അതു സാക്ഷാത്കരിക്കണമെങ്കില്‍ കിഫ്ബിയില്‍ പണം വരണം. കഴിഞ്ഞ പ്രാവശ്യം ബജറ്റ് അവതരിപ്പിച്ചപ്പോഴും കിഫ്ബിയെ കൂട്ടുപിടിച്ചായിരുന്നു മന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചിരുന്നത്. അന്ന് എം.ടിക്ക് പകരം ശ്രീനാരായണഗുരുവായിരുന്നു എന്ന് മാത്രം. സര്‍ക്കാര്‍ വിശ്വസ്തതയുടെ അടയാളമായ ബോണ്ടുകള്‍ ഇറക്കിയും നിക്ഷേപങ്ങള്‍ സ്വീകരിച്ചും ചിട്ടി നടത്തിയും കിഫ്ബിയില്‍ പണം ശേഖരിക്കാമെന്നാണ് ധനമന്ത്രിയുടെ കണക്കുകൂട്ടല്‍. കഴിഞ്ഞ പ്രാവശ്യത്തേയും ഈ പ്രാവശ്യത്തേയും ബജറ്റുകള്‍ നോക്കുമ്പോല്‍ 50,000 കോടി രൂപയുടെ അടുത്തു വരും വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ്. ഇത് ലഭിക്കേണ്ടത് കിഫ്ബിയില്‍ നിന്നുമാണ്. ഇതുവരെ കിഫ്ബിയില്‍ വലിയതോതിലുള്ള മൂലധന നിക്ഷേപമൊന്നും വന്നിട്ടില്ല. നിക്ഷേപകരാല്‍ ആകര്‍ഷിക്കപ്പെടുന്ന ഒരു സംസ്ഥാനമല്ല കേരളം എന്ന പേരുദോഷം നേരത്തെതന്നെയുണ്ട്. അടിക്കടിയുണ്ടാകുന്ന ഹര്‍ത്താലുകള്‍, തൊഴില്‍ സമരങ്ങള്‍ എന്നിവ നിക്ഷേപകരെ കേരളത്തില്‍ വരുന്നതില്‍ നിന്ന് പിറകോട്ട് വലിക്കുന്നു. കിഫ്ബിയില്‍ ഇപ്പോഴുള്ള ആകെ മൂലധനം 4,000 കോടി രൂപയാണ്. ഇതുതന്നെ കേന്ദ്ര ഏജന്‍സിയായ 'നബാര്‍ഡ്' നല്‍കിയതുമാണ്. ഇത്തരമൊരവസ്ഥയില്‍ കെ.എസ്.എഫ്.ഇ ചിട്ടിയില്‍ മാത്രം വിശ്വാസമര്‍പ്പിച്ച്, ഗള്‍ഫുകാര്‍ ചിട്ടിയില്‍ ചേരുമെന്ന സ്വപ്നത്തിന്റെ ബലത്തില്‍ 50,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്താമെന്ന് വിഭാവനം ചെയ്യുന്നത് എത്രമാത്രം പ്രായോഗികമാകും?
നിക്ഷേപകരെ ആകര്‍ഷിക്കാനൊരുങ്ങുന്ന ഒരു പദ്ധതിയും സര്‍ക്കാര്‍ തലത്തില്‍ ഉരുത്തിരിഞ്ഞിട്ടില്ല. നിക്ഷേപകര്‍ വന്നാല്‍ തന്നെ പലവിധ കടമ്പകളാണ് അവര്‍ക്ക് തരണം ചെയ്യേണ്ടിവരിക. എന്തിനു വെറുതെ കൈയിലുള്ള കാശ് മുടക്കി വയ്യാവേലി വലിച്ചുകയറ്റണം എന്ന ചിന്തയാണ് ഭൂരിപക്ഷ നിക്ഷേപകര്‍ക്കും കേരളത്തെ സംബന്ധിച്ചുള്ളത്. ബജറ്റിലൂടെ വരുമാനം കണ്ടെത്തി സംസ്്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ സാധ്യമാകില്ല എന്ന സന്ദേശം കൂടി തോമസ് ഐസക്കിന്റെ കിഫ്ബിയിലൂടെ നല്‍കുന്നുണ്ട്. സര്‍ക്കാറിന് നികുതിയിനത്തില്‍ ലഭ്യമാകുന്ന വരുമാനങ്ങളെല്ലാം ഉദ്യോഗസ്ഥര്‍ക്ക് ശമ്പളം നല്‍കുവാനും പെന്‍ഷന്‍ നല്‍കാനുമാണ് തികയുക. അഞ്ച് വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണത്തിലൂടെ ഇവര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ച് കൊടുക്കേണ്ടതുണ്ട്. എന്നാല്‍ വര്‍ധിക്കുന്ന ശമ്പളത്തിനനുസൃതമായ ക്രിയശേഷി സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്നുണ്ടാകുന്നില്ല എന്നത് കേട്ടുപോരുന്ന ഒരു പരാതിയുമാണ്. ഇത് വികസന പ്രവര്‍ത്തനങ്ങളെ കാര്യമായി ബാധിക്കുന്നു. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ വിഭാവനം ചെയ്യുന്ന വികസന പദ്ധതികളെല്ലാം ഇഴഞ്ഞുനീങ്ങുകയും ചെയ്യുന്നു. അതിനാല്‍ തന്നെ പദ്ധതിക്കായി വകയിരുത്തിയ തുകയില്‍ നിന്ന് ഭീമമായ ചെലവ് പദ്ധതി പൂര്‍ത്തിയാകുമ്പോഴേക്കും ഉണ്ടാകുന്നു. ഇതു പരിഹരിക്കാനായി കടമെടുക്കേണ്ടി വരുന്നു. ഇങ്ങനെയാണ് സംസ്ഥാനം കടക്കെണിയില്‍പെടുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ഒരു പറ്റം ഉദ്യോഗസ്ഥരെ വാര്‍ത്തെടുക്കാമെന്ന് കരുതിയാല്‍ നിലവിലുള്ള ഉദ്യോഗസ്ഥ സംഘടനകള്‍ സമ്മതിച്ച് തരണമെന്നില്ല.
കേരളത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഇത്തരം യാഥര്‍ഥ്യങ്ങളില്‍ നിന്നുവേണം സംസ്ഥാനത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ നോക്കിക്കാണാന്‍. അതിനാല്‍ തന്നെ കിഫ്ബി എന്ന ആശയം മഹത്തരമാണ്. അത് നടപ്പാകുമോ എന്നാണ് അറിയേണ്ടത്. കഴിഞ്ഞ ബജറ്റില്‍ മന്ത്രി തോമസ് ഐസക് ലക്ഷ്യം വച്ച 20,000 കോടിയുടെ പദ്ധതികള്‍ ഇപ്പോഴും കിഫ്ബി ഫയലുകളില്‍ സുഷുപ്തിയിലാണ്. ഏറ്റവും പ്രാധാന്യത്തോടെ അദ്ദേഹം അവതരിപ്പിച്ച ആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും രൂപംകൊടുത്ത പദ്ധതികള്‍ സഫലമാകുമോ എന്നാണ് അറിയേണ്ടത്. സംസ്ഥാനത്ത് പത്തില്‍ ഏഴുപേരും ജീവിത ശൈലീരോഗങ്ങള്‍ക്ക് അടിമകളാണ്. ഇതിനുവേണ്ടിയുള്ള മരുന്നുകളുടെ ചെലവ് ഭീമമാണ്. ഈ രണ്ട് പദ്ധതികള്‍ക്കെങ്കെലും അദ്ദേഹം ബജറ്റില്‍ ഇടംകണ്ടെത്തേണ്ടതായിരുന്നു. ഒരു വര്‍ഷം കെ.എഫ്.സി.ഇ വഴി ചിട്ടിയിലൂടെ 12,000 കോടി കിട്ടുമെന്ന മന്ത്രിയുടെ ആത്മവിശ്വാസം അദ്ദേഹത്തെ രക്ഷിക്കട്ടെ എന്നാശിക്കാനേ പറ്റൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."