HOME
DETAILS
MAL
നിര്‍ഭയ കേസ്: മരണവാറന്‍ഡ് റദ്ദാക്കണമെന്ന് പ്രതികള്‍
backup
March 01 2020 | 03:03 AM
ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ മൂന്നിനു വധശിക്ഷ നടപ്പാക്കണമെന്ന മരണവാറന്‍ഡ് നിലനില്‍ക്കേ ഇതു റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ കോടതിയില്‍. അക്ഷയ് സിങ്, പവന്‍ ഗുപ്ത എന്നീ പ്രതികളാണ് ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് ഡല്‍ഹി പാട്യാല ഹൗസ് കോടതിയെ സമീപിച്ചത്. നാലു പ്രതികള്‍ക്കുമെതിരായ മരണവാറന്‍ഡ് റദ്ദാക്കണമെന്നാണ് ആവശ്യം.
ഹരജിയെ തുടര്‍ന്ന് അഡീഷനല്‍ സെഷന്‍സ് ജഡ്ജി ധര്‍മേന്ദര്‍ റാണ തിഹാര്‍ ജയില്‍ അധികൃതര്‍ക്കു നോട്ടിസയച്ചിട്ടുണ്ട്. നാളെത്തന്നെ ഇവരുടെ മറുപടി ആവശ്യപ്പെട്ടാണ് ഹരജി. രാഷ്ട്രപതിക്കു പുതിയ ദയാഹരജി സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഹരജിയില്‍ അക്ഷയ് സിങ് അവകാശപ്പെടുന്നത്. നേരത്തെ ഇയാളുടെ ദയാഹരജി രാഷ്ട്രപതി തള്ളിയിരുന്നു. പവന്‍ ഗുപ്ത കഴിഞ്ഞ ദിവസം സുപ്രിംകോടതിയില്‍ തിരുത്തല്‍ ഹരജി ഫയല്‍ ചെയ്തിരുന്നു. ഇതിലും തീരുമാനമായിട്ടില്ല. മറ്റു മൂന്നു പ്രതികളുടെയും തിരുത്തല്‍ ഹരജികള്‍ സുപ്രിംകോടതി നേരത്തെ തള്ളിയിരുന്നു.
മാര്‍ച്ച് മൂന്നിനു രാവിലെ ആറിനു പ്രതികളെ തൂക്കിലേറ്റാനാണ് നിലവില്‍ മരണവാറന്‍ഡ് പുറപ്പെടുവിച്ചിരിക്കുന്നത്. നേരത്തെ ജനുവരി 22നും പിന്നീട് ഫെബ്രുവരി ഒന്നിനും ഇവരെ തൂക്കിലേറ്റാന്‍ മരണ വാറന്‍ഡ് പുറപ്പെടുവിച്ചിരുന്നെങ്കിലും പ്രതികള്‍ ഓരോരുത്തരായി ഹരജി നല്‍കിയതോടെ ഇതു നീണ്ടുപോകുകയായിരുന്നു. പ്രതികള്‍ മനഃപൂര്‍വം ശിക്ഷ നടപ്പാക്കുന്നത് വൈകിക്കുന്നതായി ഇതോടെ ആരോപണമുയരുകയും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.
പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്ന കേന്ദ്രത്തിന്റെ ഹരജി ഫയലില്‍ സ്വീകരിച്ച സുപ്രിം കോടതി ഇത് മാര്‍ച്ച് അഞ്ചിനു പരിഗണിക്കാനായി മാറ്റിവച്ചിരിക്കുകയാണ്. മാര്‍ച്ച് മൂന്നിനു വധശിക്ഷ നടപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍ അഞ്ചിന് ഹരജി പരിഗണിക്കാമെന്നാണ് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ സുപ്രിം കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നത്. നാലു പ്രതികളെയും ഒരുമിച്ചുതന്നെ തൂക്കിലേറ്റണമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേയായിരുന്നു കേന്ദ്രം സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."