ട്രംപിന്റെ കുടിയേറ്റ നിരോധനം പരിഷ്‌കരിച്ച ഉത്തരവ് ഇന്ന്
വാഷിങ്ടണ്‍: കുടിയേറ്റ വിലക്കുള്‍പ്പെടെയുള്ള നിര്‍ദേശമടങ്ങിയ എക്‌സിക്യൂട്ടിവ് കരാറിന്റെ പരിഷ്‌കരിച്ച പതിപ്പില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. സര്‍ക്കാര്‍വൃത്തങ്ങളെ ഉദ്ധരിച്ച് സി.എന്‍.എന്‍ ചാനലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത് അടക്കമുള്ള എക്‌സിക്യൂട്ടിവ് കരാറില്‍ ജനുവരി 27നാണ് ട്രംപ് ഒപ്പുവച്ചത്.
ഇത് അന്താരാഷ്ട്രതലത്തില്‍ വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുകയും അമേരിക്കയിലെ ഫെഡറല്‍ കോടതി ഉത്തരവ് സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു. ഇതിനെതിരേ നിയമനടപടിക്ക് നീങ്ങിയ ട്രംപ് വൈറ്റ് ഹൗസ് വൃത്തങ്ങളുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് പരിഷ്‌കരണത്തിന് തയാറായത്.നിരോധിത രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഇറാഖിനെ നീക്കംചെയ്യുകയും സിറിയന്‍ അഭയാര്‍ഥികള്‍ക്കുള്ള അനിശ്ചിതകാല നിരോധനം ചുരുക്കി 120 ദിവസമാക്കി കുറയ്ക്കുകയും ചെയ്യുന്നതടക്കമുള്ള പരിഷ്‌കരണങ്ങളാണു പുതിയ ഉത്തരവിലുണ്ടാകുക.
നേരത്തെ, അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍ മക്മാസ്റ്റര്‍ എന്നിവര്‍ ഇറാഖിനുവേണ്ടി വാദിച്ചിരുന്നു. ഐ.എസിനെതിരേ ഇറാഖ് നടത്തുന്ന സൈനിക നീക്കത്തെ ചൂണ്ടിക്കാട്ടിയായിരുന്നു ഇത്. ആഭ്യന്തര സുരക്ഷാ സെക്രട്ടറി ജെയിംസ് കെല്ലിയും നീക്കത്തിനു പിന്തുണയുമായെത്തിയിരുന്നു.
ഫെഡറല്‍ കോടതിയുടെ വിലക്കിനെതിരേ ജസ്റ്റിസ് ഡിപാര്‍ട്ട്‌മെന്റിനായി കോടതിയില്‍ ഹാജരായ അഭിഭാഷകരാണ് പുതുക്കിയ എക്‌സിക്യൂട്ടിവ് ഉത്തരവ് ഉടന്‍ പ്രഖ്യാപിക്കുമെന്ന വാര്‍ത്ത പുറത്തുവിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച കേസില്‍ നടന്ന വാദത്തിനിടെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ സര്‍ക്കാര്‍ അഭിഭാഷകര്‍ പുറത്തുവിടുകയുണ്ടായി.
അതേസമയം, പരിഷ്‌കരിച്ച എക്‌സിക്യൂട്ടിവ് ഉത്തരവില്‍ വൈറ്റ്ഹൗസ് അധികൃതര്‍ അന്തിമ തീരുമാനമെടുത്തതായുള്ള വാര്‍ത്ത സര്‍ക്കാര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."