പാടിയും പറഞ്ഞും രണ്ടുപേര്‍
തന്‍ഫി കാദര്‍
ഫോട്ടോ: കെ.എം ശ്രീകാന്ത്
ഒരിക്കല്‍ മിയാന്‍ താന്‍സനോട് അക്ബര്‍ ചക്രവര്‍ത്തി അദ്ദേഹത്തിന്റെ ഗുരുവിനെ കാണണമെന്നും അവരുടെ ഒരു പാട്ട് കേള്‍ക്കണമെന്നും ആഗ്രഹം പ്രകടിപ്പിച്ചു. അങ്ങനെ താന്‍സന്‍ വേഷപ്രച്ഛന്നനായ അക്ബര്‍ ചക്രവര്‍ത്തിയെയും കൂട്ടി തന്റെ ഗുരുവായ സ്വാമി ഹരിദാസിന്റെ സവിധത്തിലെത്തി. മൂന്നു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഗുരു ശിഷ്യന്റെയും വേഷപ്രച്ഛന്നനായി വന്ന ചക്രവര്‍ത്തിയുടെയും മുന്നില്‍ തന്റെ മാന്ത്രിക സ്വരങ്ങള്‍ കൊണ്ടു പാലാഴി തീര്‍ത്തു. ചക്രവര്‍ത്തിയും താന്‍സനും തിരിച്ചു രാജകൊട്ടാരത്തിലേക്കു മടങ്ങി.
പിന്നീടൊരു ദിവസം രാജകൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്ന താന്‍സനോട് ഗുരുവിനെ സ്മരിപ്പിക്കുംവിധം ഒരു പാട്ട് കേള്‍പ്പിക്കാന്‍ അക്ബര്‍ ആവശ്യപ്പെട്ടു. എന്നാല്‍ താന്‍സന്റെ ആലാപനം ചക്രവര്‍ത്തിക്കു പൂര്‍ണമായും പിടിച്ചില്ല. തൃപ്തി വരാതിരുന്ന അക്ബര്‍ താന്‍സനോട് തന്നെ നേരിട്ട് അക്കാര്യം ബോധിപ്പിച്ചു. അതുകേട്ട താന്‍സന്‍ ചക്രവര്‍ത്തിക്കു നല്‍കിയ മറുപടി വളരെ രസകരമായിരുന്നു. താന്‍സന്‍ പറഞ്ഞു: ''പ്രഭോ, ഞാനിപ്പോള്‍ പാടിയത് രാജ്യത്തിന്റെ ചക്രവര്‍ത്തിക്കു വേണ്ടിയായിരുന്നു. എങ്കില്‍ എന്റെ ഗുരു പാടുന്നത് പ്രപഞ്ചത്തിന്റെ തന്നെ ചക്രവര്‍ത്തിക്കു വേണ്ടിയാണ്.''
സൂഫികള്‍ പാടിയതും പറഞ്ഞതും പ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിക്കു വേണ്ടിയാണ്. പ്രപഞ്ചത്തിന്റെ ചക്രവര്‍ത്തിയെപ്പോലെ അത്രതന്നെ നിഗൂഢമാണ് സൂഫികള്‍ പറഞ്ഞതും പാടിയതും. ദൈവാസ്തിക്യത്തിന്റെ അകംപൊരുളുകളിലേക്ക് പെട്ടിതുറക്കുകയായിരുന്നു സൂഫികള്‍. പലര്‍ക്കും അവയില്‍ ചിലതെല്ലാം തിരിഞ്ഞു. ഏറെപേര്‍ക്കും അവയൊക്കെ അജ്ഞേയമായിക്കിടന്നു. പില്‍ക്കാലത്ത് ആധ്യാത്മികജ്ഞാനം നേടിയ ചിലരെല്ലാം വന്ന് ആ സൂഫി ഗീതങ്ങളുടെ അകസാരങ്ങളുടെ കെട്ടഴിച്ചു. ലോകത്തെ പാടിക്കേള്‍പ്പിച്ചു.
സൂഫികളുടെ പാട്ടുകള്‍ക്കു പിന്നിലൊളിഞ്ഞിരിക്കുന്ന സത്യങ്ങള്‍ പാടിയും പറഞ്ഞും മലയാളഹൃദയം പിടിച്ചടക്കുകയാണ് മലപ്പുറത്തുകാരായ സമീര്‍ ബിന്‍സിയും ഇമാം മജ്ബൂറും. അവര്‍ പാടുകയാണ്, സ്വയം ലയിച്ച്, മറ്റുള്ളവരെ തങ്ങളുടെ സംഗീതത്തില്‍ അലിയിച്ച്. ആനന്ദത്തിന്റെ പരകോടിയിലേക്ക് ആ സ്വരമാധുരി ആസ്വാദകരെ കൂട്ടിക്കൊണ്ടുപോകുന്നു. സംഗീതത്തിലൂടെ സൂഫീ സംഗീതധാരയുടെ ആത്മദര്‍ശനമാണ് അവര്‍ ലോകത്തോടു സംവദിക്കുന്നത്. മനുഷ്യനും സൃഷ്ടികര്‍ത്താവും ഗുരുവും ശിഷ്യനും പ്രണയിനിയും കാമുകനും തമ്മിലുള്ള സംവാദമാണ് അവര്‍ തങ്ങളുടെ സൂഫി കലാമുകളിലൂടെ, ഗസലുകളിലൂടെ, ആത്മഗീതങ്ങളിലൂടെയൊക്കെ സൃഷ്ടിക്കുന്നത്. അതിനായി ജലാലുദ്ദീന്‍ റൂമിയെയും റാബിയ ബസ്‌രിയെയും അമീര്‍ ഖുസ്‌റുവിനെയും ഇച്ച മസ്താനെയും നാരായണ ഗുരുവിനെയുമെല്ലാം അവര്‍ കടമെടുക്കുന്നു. അവരെ പാടിപ്പറയുന്നു. 'സൂഫിയാനാ കലാം' എന്നും മിസ്റ്റിക് വേഴ്‌സസ് എന്നും പറയുന്ന ഈ നാദധാരയില്‍ ജീവാത്മാവും പരമാത്മാവും തമ്മിലുള്ള ബന്ധവും പ്രപഞ്ച സ്‌നേഹവുമാണു പറയുന്നത്.
വരികളിലെ ആശയം വിശദീകരിച്ചുകൊണ്ടാണ് സംഗീത പരിപാടി മുന്നോട്ടുപോകുന്നത്. ഗാനമേളയുടെ ഫോര്‍മാറ്റിലല്ല, വേദിയില്‍ തോന്നുന്ന വെളിപാടിനനുസരിച്ചുള്ള വൈബ്രേഷനിലാണു പാട്ടുകള്‍ ഉണ്ടാകുന്നത്. അതു ശ്രോതാവിലേക്കു പടരുന്നു. ഒരു ധ്യാനം പോലെയാണ് സൂഫീ സംഗീതം. പാട്ടിലെ ചില സംഗതികള്‍ അനുവാചകനെയും ഗായകനെയും ഒരൊറ്റ വാഹനത്തില്‍ കയറ്റി സ്ഥലകാലബോധമില്ലാത്ത അവസ്ഥയിലേക്കു കൊണ്ടുപോകുന്നു.
ആരാണു പാടിയതെന്നറിയില്ല. പല പാട്ടുകളും കേട്ടുപരിചയമുള്ളവ. ചിലത് ഒട്ടും പരിചിതമല്ലാത്ത വരികള്‍. ചിലവരികളുടെ അര്‍ഥം പോലും മനസിലാക്കാന്‍ ഏറെ ബുദ്ധിമുട്ടേറിയത്. അന്താളിച്ചിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നില്‍ ബിന്‍സി അവയുടെ അര്‍ഥവും പൊരുളുകളും പറഞ്ഞു തുടങ്ങും. പാടുന്നത് ഏതു ഭാഷയിലും ആയിക്കൊള്ളട്ടെ, അതിന്റെ അര്‍ഥതലങ്ങള്‍ മനസിലാക്കാന്‍ സാധിച്ചില്ല എന്നിരിക്കട്ടെ, പക്ഷെ അത് അനുഭവിച്ചറിയാന്‍ ആത്മാവില്‍ സത്യവും സംഗീതവും പ്രണയവും ധ്യാനവും സൂക്ഷിക്കുന്ന ആര്‍ക്കും സാധിക്കും. അനുഭവം എന്നത് മനസില്‍ സംഭവിക്കുന്നതാണെന്നാണ് ബിന്‍സിയുടെ അഭിപ്രായം.
ബിന്‍സിക്കൊപ്പം പ്രിയ സുഹൃത്തും സംഗീതത്തില്‍ ഗുരുതുല്ല്യനായ അക്ബറിന്റെ അനിയനും കൂടിയായ മജ്ബൂര്‍ പാരമ്പര്യ സംഗീതത്തിന്റെ സ്വരക്കൂട്ടില്‍ മുന്നിലുള്ളവരെ ആത്മസംഗീതത്തിന്റെ ലോകത്തെത്തിക്കുന്നു. അക്ബറുമായുള്ള സൗഹൃദമാണ് ബിന്‍സിയെ പാട്ടിന്റെ വഴിയില്‍ കൂടുതല്‍ അടുപ്പിച്ചത്. സൂഫിസത്തോടും ഗൂഢാര്‍ഥഗാനങ്ങളോടും ചെറുപ്പം മുതലേ ഉണ്ടായിരുന്ന അഭിനിവേശം അലിഗഢ് സര്‍വകലാശാലയിലെ പഠനകാലം ഊട്ടിയുറപ്പിച്ചു. അവിടെ വച്ചു തന്നെ ഉസ്താദ് പര്‍വേസ് ശൈഖില്‍നിന്ന് ഹിന്ദുസ്ഥാനി സംഗീതത്തിലുള്ള പ്രണയ പ്രയാണത്തിന് തുടക്കമിട്ടു. ആ വഴിയിലേക്ക് അക്ബര്‍ തന്റെ തബലയോടൊപ്പം അനിയന്‍ മജ്ബൂറിനെയും കൂട്ടി. അങ്ങനെയാണ് സൂഫിയാനാ കലാമുകള്‍ തേടിയുള്ള അലച്ചില്‍ തുടങ്ങുന്നത്. മജ്ബൂര്‍ കൂട്ടിനു ചേര്‍ന്നതോടെ സമീറിന്റെ അന്വേഷണ നിരീക്ഷണങ്ങള്‍ക്കും വേഗം കൂടി. അറബി, ഉറുദു, പേര്‍ഷ്യന്‍, ഹിന്ദി ഭാഷകളിലെ സൂഫിയാനാ കലാമുകള്‍ക്കു പിന്നാലെ, തമിഴിലെയും മലയാളത്തിലെയും ഇനിയും പുറംലോകം അധികം ശ്രദ്ധിച്ചിട്ടില്ലാത്ത സൂഫി കാവ്യങ്ങളുടെ ലോകവും അവര്‍ ഒന്നിച്ചു മലയാളത്തിലെത്തിച്ചു. അതോടെ ഇവരുടെ സ്വീകാര്യതയും കൂടിവന്നു.
മലയാളത്തിലെ സൂഫികവികളെയും, അവരുടെ ദിവ്യപ്രണയത്തിന്റെ പാട്ടുകളും സാധാരണക്കാരനു പരിചയപ്പെടുത്താനും, അതുവഴി ജനപ്രിയമാക്കാനും കഴിഞ്ഞുവെന്നതു തന്നെയാണ് ഈ കൂട്ടുകെട്ടിന്റെ പുതിയകാല പ്രസക്തി. അധികം ആരും ശ്രദ്ധിക്കാതെ പോയ ഈ സംഗീതശാഖയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ വലിയൊരു പങ്കുവഹിക്കാനായതില്‍ ഇരുവര്‍ക്കും നിസ്സംശയം അഭിമാനിക്കാം. എന്നാല്‍, ഇതോടൊപ്പം മറ്റൊരു സങ്കടകരമായ കാര്യം കൂടി സമീറിനു പങ്കുവയ്ക്കാനുണ്ട്. അജ്ഞാതരോ, അപ്രശസ്തരോ ആയ സൂഫി കവികള്‍ രചിച്ച പാട്ടുകള്‍ പില്‍ക്കാലത്ത് പലരും തട്ടിയെടുത്ത് സ്വന്തം പേരിലാക്കിയതു തന്നെയാണ് അക്കാര്യം. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മസ്താന്‍ കെ.വി അബൂബക്കര്‍ മാസ്റ്റര്‍ പൊന്നാനിയുടെ 'പട്ടാപ്പകല്‍ ചൂട്ടും മിന്നിച്ച് ' എന്ന ഗാനം. ഇത് ഒരു മലയാള സിനിമയിലാണ് മറ്റൊരാളുടെ പേരില്‍ ഉപയോഗിക്കപ്പെട്ടത്!
കണ്ണൂര്‍ സിറ്റിയില്‍ ജീവിച്ചിരുന്ന ഇച്ച മസ്താനും അദ്ദേഹത്തിന്റെ വിരുത്തങ്ങളും വളരെ ചുരുക്കം പേര്‍ക്കു മാത്രമേ അറിവുണ്ടായിരുന്നുള്ളൂ. സമീറും മജ്ബൂറും ഇച്ച മസ്താനെ പാടാന്‍ തുടങ്ങിയതോടെ സിനിമപ്പാട്ടുകളും മാപ്പിളപ്പാട്ടുകളും സജീവമായിരുന്ന കണ്ണൂര്‍ സിറ്റിയിലെ തട്ടിന്‍പുറങ്ങളില്‍നിന്ന് സൂഫീവിരുത്തങ്ങളും കേട്ടുതുടങ്ങി.
സൂഫി സംഗീതം ഭേദചിന്തകള്‍ക്കതീതമായ ദിവ്യപ്രണയമാണെന്ന് ഇവര്‍ പറയും. ഇച്ച മസ്താന്‍ നാരായണ ഗുരുവിനെ കണ്ടത് അത്തരമൊരു മഹാ മൗനധ്യാനങ്ങളുടെ സുന്ദര സൗഹൃദത്തിന് ഉദാഹരണമായി അവര്‍ എടുത്തുപറയുന്നു. ബിന്‍സിയുടെയും മജ്ബൂറിന്റെയും രാഗസദസുകളില്‍ ഖുര്‍ആനും നബിവചനങ്ങളും സംസ്‌കൃത ശ്ലോകങ്ങളും നാരായണ ഗുരുവിന്റെയും നിത്യ ചൈതന്യ യതിയുടെയും ശീലുകളും ക്രിസ്തു-ബുദ്ധ വചനങ്ങളും കബീര്‍ ദാസിന്റെ ദോഹെകളുമൊക്കെ ഒരുപോലെ എത്തുന്നത് ഇതുകൊണ്ടാണ്.
സാമൂഹിക ശാസ്ത്രം, മലയാളം, അറബി എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയ സമീര്‍ മങ്കട പള്ളിപ്പുറം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സാമൂഹികശാസ്ത്ര അധ്യാപകന്‍ കൂടിയാണ്. അധ്യാപികയായ ബീഗം ജാഷിദയും മക്കള്‍ ഇശ്ഖ് റൂഹിയും ശംസ് തബ്രീസിയും റാസ് മിലനും അടങ്ങുന്നതാണ് ബിന്‍സിയുടെ കുടുംബം.
മലപ്പുറത്ത് ഹിന്ദുസ്ഥാനി സംഗീതത്തോടുള്ള പ്രണയത്തെ നട്ട അസീസ് ഭായിയുടെ ഇളയ മകനായ മജ്ബൂറിന് സംഗീതം കുടുംബത്തിലെ ഒരംഗമാണ്. മലപ്പുറത്തെ അറിയപ്പെട്ട പാട്ടുകാരനായ ഉപ്പയുടെ ശിക്ഷണവും മജ്ബൂറിന്റെ പാട്ടിന്റെ ലോകത്തേക്കുള്ള യാത്ര സുഗമമാക്കി. സഹോദരങ്ങളായ അക്ബര്‍, നിസ അസീസി, മുജീബ് റഹ്മാന്‍, മുഹമ്മദ് സലീല്‍ എന്നിവരെല്ലാം സംഗീതജ്ഞര്‍. സമീര്‍ ബിന്‍സിയുമൊത്തുള്ള യാത്രയ്ക്കിടെ ലഭിച്ച മറ്റൊരു സൗഭാഗ്യമാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിലെ ഏറ്റവും ഹിറ്റായ ഗാനം 'കിനാവ് കൊണ്ടൊരു കളിമുറ്റം' എന്ന പാട്ട് പാടാനുള്ള അവസരം കൈവന്നത്. സൗണ്ട് എന്‍ജിനീയറായ മജ്ബൂര്‍ മഞ്ചേരിയില്‍ റെക്കോര്‍ഡിങ് സ്റ്റുഡിയോ നടത്തുകയാണ്. ഭാര്യ നിഷാനയും മക്കള്‍ അലി മുറാദും ഖാബിലാ ഫാത്തിമയും അടങ്ങുന്നതാണ് മജ്ബൂറിന്റെ കുടുംബം. മജ്ബൂറിന്റെ സഹോദരന്‍ അക്ബറാണ് വേദികളില്‍ തബലയുമായി ഇവര്‍ക്കു കൂട്ട്. മിഥുലേഷ് ചോലക്കല്‍ ശബ്ദപിന്തുണയും നല്‍കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."