യജമാനനും കുടുംബത്തിനും രക്ഷകയായ 'ചീരു തത്ത' അവസാനം വീടിനൊപ്പം യാത്രയായി
വാടാനപ്പള്ളി: വീട് കത്തിപ്പടരുന്ന വിവരം വിളിച്ചറിയിച്ച് തന്റെ യജമാനും കുടുംബത്തിനു രക്ഷകയായ 'ചീരു എന്ന തത്ത'അവസാനം വീടിനൊപ്പം ബലിദാനിയായി.സ്വന്തം വീട് കത്തിയമര്‍ന്നെങ്കിലും അതോടൊപ്പം കത്തിയമര്‍ന്ന ചീരു വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും തീരാ വേദനയായി.
ഏങ്ങണ്ടിയൂര്‍ ഏത്തായ് തുഷാര ക്ലബിന് സമീപം പടിയത്ത് അമ്മിണി വേലായുധന്റെ വീടാണ് കഴിഞ്ഞ ബുധനാഴ്ച രാത്രി പതിനൊന്നരയോടെ തീപിടിച്ചത്. അന്നു രാത്രി രാത്രി പത്തുമണിയോടെയാണ് അമ്മിണിയും മകന്‍ ബിജു, മരുമകള്‍ ഷിബിന, 4 വയസുകാരനായ പേരക്കുട്ടി അനൈകൃഷ്ണ എന്നിവര്‍ ഉറങ്ങാന്‍ കിടന്നത്. പാതി ഇഷ്ടികയും സിമന്റും തേച്ചുപിടിപ്പിച്ച വീടിന്റെ ഭൂരിഭാഗവും ഓലമേഞ്ഞതായിരുന്നു.
രാത്രി പതിനൊന്നര മണിയോടെ വീടിനകത്തെ കൂട്ടില്‍ നിന്ന് ചീരു തത്ത ചേച്ചീ എന്ന് പലവട്ടം വിളിച്ചതായി വീട്ടുകാര്‍ പറഞ്ഞു. മരുമകള്‍ ഷീബയേയാണ് ചേച്ചീ എന്ന് തത്ത വിളിച്ചത്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇവര്‍ വളര്‍ത്തുന്ന ചീരു തത്ത വീട്ടുകാരുമായി മൊബൈല്‍ ഫോണില്‍ സംസാരിക്കാറുള്ളത് നാട്ടുകാര്‍ക്ക് കൗതുക കാഴ്ചയായിരുന്നു. ചീരു തത്തയുടെ വിളികേട്ട് മിനിറ്റുകള്‍ക്ക് പിന്നാലെ വീടിന്റെ വടക്കു ഭാഗത്ത് നിന്ന് നല്ല വെളിച്ചം കണ്ട വീട്ടുകാര്‍ അമ്മിണിയും കുടുംബാംഗങ്ങളും വാതില്‍ തുറന്ന് പുറത്തേക്ക് ഓടി ബഹളം വെച്ചു. വീടൊന്നാകെ കത്തിയത് മൂലം ചീരു തത്തയെ രക്ഷപ്പെടുത്താനുള്ള വീട്ടുകാരുടെ ശ്രമവും വിഫലമായി.
ഇതിനിടെ അയല്‍വാസികളുടെ നേതൃത്വത്തില്‍ മോട്ടോര്‍ പമ്പ് ഉപയോഗിച്ച് തീയണയക്കാന്‍ നടത്തിയ ശ്രമം പാഴായി. തുടര്‍ന്ന് ബക്കറ്റുകളിലും, പാത്രങളിലും വെള്ളം എടുത്ത് ഒഴിച്ചാണു തീ അണച്ചത്. ഇതിനിടയില്‍ എല്ലാം കത്തിയമര്‍ന്നു. വിവരമറിഞ്ഞ് വാടാനപ്പള്ളി പൊലിസും കെ.എസ്.ഇ.ബി അധികൃതരും സ്ഥലത്തെത്തി വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. വീടിനൊപ്പം ചീരു തത്തയും കത്തി ചാമ്പലാകുന്നത് കണ്ട മരുമകള്‍ ഷിബിന ഇതിനിടെ കുഴഞ്ഞു വീണു. ഇവര്‍ക്ക് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.
ടി.വി, ഫ്രിഡ്ജ്, റേഷന്‍, ആധാര്‍ കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, വൈദ്യുതി അലങ്കാരത്തിനുള്ള ലൈറ്റുകള്‍ ഉള്‍പ്പടെ വീട് പൂര്‍ണമായും കത്തി നശിച്ചു. അടുപ്പും ഗ്യാസും സിലിണ്ടറും വീടിന്റെ തെക്ക് ഭാഗത്തായിരുന്നു. എന്നാല്‍ തീ പടര്‍ന്ന് പിടിച്ചത് വടക്കു ഭാഗത്ത് നിന്നായിരുന്നുവെന്നും ഇക്കാര്യം അന്വേഷിക്കേണ്ടതുണ്ടെന്നും വാര്‍ഡംഗം ഉഷ സുകുമാരന്‍ പറഞ്ഞു.
ഏങ്ങണ്ടിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി അശോകന്‍ സ്ഥലത്തെത്തിയിരുന്നു. തീപിടിത്തത്തില്‍ വീട്ടുവളപ്പിലെ ഏതാനും വൃക്ഷങ്ങളും നശിച്ചു. കത്തിയമര്‍ന്ന വീടിനുള്ളിലെ ഇരുമ്പ് കൂട്ടില്‍ മുക്കാല്‍ പങ്കും വെന്തുരുകിയ ചീരു തത്തയുടെ ജഡം നൊമ്പരമുണര്‍ത്തുന്ന കാഴ്ചയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."