ഫിഫ അണ്ടര്‍ 17 ലോകകപ്പ്: അര്‍ജന്റീനയും ഉറുഗ്വെയും ഇന്ത്യയിലേക്കില്ല
സാന്റിയാഗോ: അണ്ടര്‍ 17 ലോകകപ്പിനു യോഗ്യത നേടാന്‍ സാധിക്കാതെ അര്‍ജന്റീനയും ഉറുഗ്വെയും പുറത്ത്. യോഗ്യതാ പോരാട്ടമായ ലാറ്റിനമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പിന്റെ ഗ്രൂപ്പ് സ്റ്റേജില്‍ തന്നെ പുറത്തായതാണു ഇരു ടീമുകള്‍ക്കും തിരിച്ചടിയായത്. ഇന്ത്യയില്‍ നടാടെ അരങ്ങേറുന്ന ലോക പോരാട്ടത്തില്‍ ഇരു ടീമുകളും കളിക്കില്ല എന്നത് കേരളത്തിലെ ഫുട്ബോള്‍ പ്രേമികള്‍ക്കടക്കം നിരാശ പകരുന്നതാണ്.
പത്തു ടീമുകള്‍ മാറ്റുരച്ച ചാംപ്യന്‍ഷിപ്പില്‍ നിന്നു ഇരു ടീമുകളേയും കൂടാതെ ബൊളീവിയ, പെറു ടീമുകളും പുറത്തേക്കുള്ള വഴി കണ്ടു. പത്തു ടീമുകളെ രണ്ടു ഗ്രൂപ്പുകളാക്കി തിരിച്ച മത്സരത്തില്‍ നാലില്‍ മൂന്നു കളികളും തോറ്റാണു അര്‍ജന്റീന നിരാശപ്പെടുത്തിയത്. ഉറുഗ്വെ രണ്ടു മത്സരങ്ങളില്‍ പരാജയവും ഒരോ വിജയവും സമനിലയും സ്വന്തമാക്കി.
അര്‍ജന്റീന ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരങ്ങളില്‍ വെനസ്വലയോടും പരാഗ്വെയോടും 1-0ത്തിനു പരാജയപ്പെട്ടപ്പോള്‍ മൂന്നാം മത്സരത്തില്‍ പെറുവിനെ 3-0ത്തിനു കീഴടക്കി. നിര്‍ണായകമായ അവസാന പോരില്‍ ചിരവൈരികളായ ബ്രസീലിനോടു 2-0ത്തിനു പരാജയപ്പെട്ടതോടെ അവരുടെ വഴിയടഞ്ഞു.
ഉറുഗ്വെ ആദ്യ മത്സരത്തില്‍ ഇക്വഡോറിനോടു 1-0ത്തിനു പരാജയപ്പെട്ടപ്പോള്‍ രണ്ടാം മത്സരത്തില്‍ കൊളംബിയയോടു 3-1ന്റെ തോല്‍വി വഴങ്ങി. മൂന്നാം പോരാട്ടത്തില്‍ ചിലിയുമായി 1-1നു സമനില പാലിച്ച അവര്‍ അവസാന മത്സരത്തില്‍ ബൊളീവിയയെ 2-0ത്തിനും പരാജയപ്പെടുത്തി.
ബ്രസീല്‍, ചിലി, കൊളംബിയ, ഇക്വഡോര്‍, പരാഗ്വെ, വെനസ്വല ടീമുകള്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയിട്ടുണ്ട്. ഇതില്‍ നാലു ടീമുകള്‍ക്കാണു ലോകകപ്പ് യോഗ്യത സ്വന്തമാക്കാന്‍ സാധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."