കണ്‍ഫ്യൂഷന്‍ വേണ്ട, ഇത് രണ്ടും രണ്ടുമരുന്നാണ്, ഒരേ പേരില്‍ രണ്ടു മരുന്നുകള്‍ വിപണിയില്‍
കെ.ജംഷാദ്#
കോഴിക്കോട്: ഒരേ ബ്രാന്‍ഡ് നാമത്തില്‍ വ്യത്യസ്ത മരുന്നുകള്‍ വിപണിയില്‍. കുട്ടികള്‍ക്ക് അലര്‍ജിയെ പ്രതിരോധിക്കാന്‍ നല്‍കുന്ന മരുന്നും മുതിര്‍ന്നവര്‍ക്ക് ചുമ,കഫക്കെട്ടിന് നല്‍കുന്ന കുപ്പി മരുന്നുമാണ് ബ്രീസി എന്ന ബ്രാന്‍ഡ് നാമത്തില്‍ വിപണിയിലുള്ളത്.
രോഗികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ മാറിപോകാനും അതുവഴി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുന്നതുമാണ് ഒരേ പേരിലുള്ള രണ്ടു മരുന്നുകള്‍.
അക്ഷരങ്ങള്‍ പോലും ഒരേ പോലെയാണ്. എന്നാല്‍ രണ്ടു മരുന്നുകളുടെയും ഉപയോഗം രണ്ടാണ്. കുട്ടികള്‍ക്ക് അലര്‍ജി രോഗങ്ങള്‍ക്ക് നല്‍കുന്ന ലെവോസെട്രിസിന്‍, മോണ്‍ടെലുകാസ്റ്റ് മരുന്നുകളുടെ മിശ്രിതമാണ് ഇതിലൊന്ന്. 60 മില്ലി ലിറ്ററിന്റെ ബോട്ടിലാണ് മരുന്ന്. ഹൈദരാബാദിലെ എച്ച്.ടി.വൈ ഫോര്‍മുലേഷന്‍സ് നിര്‍മിച്ച മരുന്നിന് 2020 വരെ കാലാവധിയുണ്ട്.
മുതിര്‍ന്നവര്‍ക്ക് കഫക്കെട്ട്, ചുമ തുടങ്ങിയവക്ക് നല്‍കുന്ന മരുന്നിനും ഇതേ പേരാണുള്ളത്. ടെര്‍ബുട്ടാലിന്‍ സള്‍ഫേറ്റ്, ആംബ്രോക്‌സോണ്‍ ഹൈഡ്രോക്ലോറൈഡ്, ഗുയ്‌ഫെന്‍സിന്‍, മെന്തോള്‍ സിറപ്പ് എന്നിവയുടെ മിശ്രിതമാണ് ഈ മരുന്ന്. ചെന്നൈയിലെ കെര്‍ബ്‌സ് ഹെല്‍ത്ത് കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് 100 മില്ലി ലിറ്ററിന്റെ ബോട്ടിലില്‍ ഇതു നിര്‍മിക്കുന്നത്. ഇപ്പോള്‍ വിപണിയിലുള്ള ഈ മരുന്നിന് സെപ്തംബര്‍ 20 വരെ കാലാവധിയുണ്ട്.
രണ്ടു മരുന്നുകള്‍ക്കും ഏതാണ്ട് ഒരേ വിലയുമാണ്. അതിനാല്‍ മരുന്ന് മാറിപ്പോയാല്‍ തന്നെ കമ്പനി മാറിയതിനാല്‍ വിലയില്‍ വ്യത്യാസം വന്നതായിരിക്കുമെന്നേ ഉപഭോക്താവ് കരുതൂ. മരുന്നുകളുടെ ബ്രാന്‍ഡ് നാമം എഴുതരുതെന്നും രാസപഥാര്‍ഥങ്ങളുടെ പേര് മാത്രമേ എഴുതാവൂ എന്നും ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ഭൂരിഭാഗം പേരും പാലിക്കുന്നില്ല.
മെഡിക്കല്‍ ഷോപ്പുകളില്‍ മരുന്ന് കൈകാര്യം ചെയ്യുന്നവരില്‍ പലരും ഫാര്‍മസിസ്റ്റുകളല്ലാത്ത അവസ്ഥയും മരുന്നു മാറിപോകാനുള്ള സാഹചര്യം ഒരുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."