കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ സി.പി.എമ്മും സര്‍ക്കാരും തകര്‍ക്കുന്നു: നരേന്ദ്രമോദി
തൃശൂര്‍: സി.പി.എമ്മിനേയും സംസ്ഥാന സര്‍ക്കാരിനേയും കടന്നാക്രമിച്ചു നരേന്ദ്ര മോദി. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ തകര്‍ക്കുകയാണ് സി.പി.എമ്മും സംസ്ഥാന സര്‍ക്കാരും ചെയ്യുന്നതെന്ന് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ യുവ മോര്‍ച്ചാ സംസ്ഥാന സമ്മേളന സമാപനം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു. ശബരിമല ഉള്‍പ്പെടെ എല്ലാ സാംസ്‌കാരിക ചിഹ്നങ്ങളേയും സര്‍ക്കാര്‍ ഇകഴ്ത്തുകയാണ്. ഇക്കാര്യത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമാണ്.
ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ഒരു നിലപാടും കേരളത്തില്‍ മറ്റൊരു നിലപാടുമാണ്. സ്ത്രീ ശാക്തീകരണം കോണ്‍ഗ്രസിന്റേയും സി.പി.എമ്മിന്റേയും അജന്‍ഡയല്ല. ആയിരുന്നെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മുത്വലാഖ് നിരോധന ബില്ലിനെ എതിര്‍ക്കില്ലായിരുന്നു. ഇത്രയും കാലത്തെ ചരിത്രത്തിനിടിയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ മുഖ്യമന്ത്രിയെ പോലും ചൂണ്ടിക്കാണിക്കാന്‍ കഴിയില്ലെന്നും മോദി പരിഹസിച്ചു.
കോണ്‍ഗ്രസിനും കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും ഭരണഘടനാ സ്ഥാപനങ്ങളോട് ഒരു മതിപ്പുമില്ല. അവര്‍ മാത്രമാണ് ശരിയെന്നാണ് അവര്‍ പറയുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ വരെ അവര്‍ ചോദ്യം ചെയ്യുകയാണ്. വിദേശത്ത് വച്ച് വോട്ടിങ് യന്ത്രത്തിനെതിരേ ആരോപണം ഉന്നയിക്കുക വഴി ഇന്ത്യന്‍ ജനാധിപത്യത്തെ അവഹേളിക്കുകയാണ് പ്രതിപക്ഷം ചെയ്തത്. കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് ഇതിന് പിന്നില്‍. രാജ്യത്തെ ജനകീയ വിധിയെ പോലും വിദേശ മണ്ണില്‍ വെച്ച് ചോദ്യം ചെയ്യുന്നു. ഇവര്‍ ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നു എന്നത് ഏറ്റവും വലിയ തമാശയാണ്. നമ്പി നാരായണന് പത്മഭൂഷണ്‍ കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് പറഞ്ഞ മോദി കോണ്‍ഗ്രസ് ശാസ്ത്രത്തെ ചാരപ്പണിക്ക് വേണ്ടിയും സോളാറിനെ അഴിമതിക്ക് വേണ്ടിയും ഉപയോഗിച്ചുവെന്നും കുറ്റപ്പെടുത്തി. അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ഒരു പോലെയാണ്. അഴിമതിക്കേസില്‍ പെട്ട് കേരളത്തില്‍ എത്ര മന്ത്രിമാരാണ് ഈ സര്‍ക്കാരിന്റെ കാലത്ത് തന്നെ രാജിവച്ചത്. എന്നാല്‍ നാലര വര്‍ഷം മുന്‍പ് ഒരു കാവല്‍ക്കാരനായാണ് താന്‍ ഡല്‍ഹിയിലെത്തിയത്. താന്‍ അവിടെയുള്ള കാലം ഒരു അഴിമതിയും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ചാ സംസ്ഥാന പ്രസിഡന്റ് കെ.പി പ്രകാശ് ബാബു അധ്യക്ഷനായി.ന കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള, വി. മുരളീധരന്‍ എം.പി, എം.ടി രമേശ്, ശോഭാ സുരേന്ദ്രന്‍, കെ .സുരേന്ദ്രന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."