എൻജിനീയറിങ് പ്രൊഫഷനിൽ സ്വദേശിവൽക്കരണം: വിദേശ എൻജിനീയർമാർ ആശങ്കയിൽ
ജിദ്ദ: സഊദിയിൽ എൻജിനീയറിംഗ് പ്രൊഫഷനിൽ സ്വദേശിവൽക്കരണ പ്രഖ്യാപനം ഒരു മാസത്തിനകം ഉണ്ടാകുമെന്നുമെന്ന് മാനവ വിഭവ ശേഷി, സാമൂഹിക വികസന മന്ത്രി വ്യക്തമാക്കി. കഴിഞ്ഞ ദിവസം റിയാദിൽ നടന്ന ബിസിനസ് മീറ്റിലാണ് ഒരു ലക്ഷത്തിലധികം വരുന്ന വിദേശ എൻജിനീയർമാരെ ആശങ്കയിലാക്കുന്ന പ്രഖ്യാപനം ഉണ്ടായത്.എൻജിനീയറിങ് സ്വദേശി വൽക്കരണത്തിനുള്ള പ്രവർത്തനങ്ങൾക്കു തുടക്കം കുറിച്ചിരിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ കുറവ് വരുത്തുകയും സ്വദേശികളായ എൻജിനീയർമാരുടെ തൊഴിലവസരങ്ങൾ വർദ്ധിക്കുകയും ചെയ്യുക എന്ന ദീർഘകാല ലക്ഷ്യത്തിന്റെ ഫലമായി കാലാനുസൃതമായി വിദേശ എൻജിനീയർമാരുടെ എണ്ണത്തിൽ വൻ കുറവ് ഉണ്ടായിട്ടുണ്ട്.
സഊദി അറേബ്യയിൽ 1,25,000 വിദേശ എൻജിനീയർമാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ. ഏറ്റവും പുതിയ കണക്കാണിത്. ഓരോ വർഷം കഴിയും തോറും കർശനമായ നിബന്ധനകൾ മൂലം വിദേശ എൻജിനീയർമാരുടെ എണ്ണം കുറഞ്ഞു വരികയാണ്. കഴിഞ്ഞ വർഷത്തേക്കാൾ 24000 എൻജിനീയർമാരുടെ കുറവാണ് ഈ വർഷം ഉണ്ടായത്.അതെ സമയം സ്വദേശി എൻജിനീയർമാരുടെ എണ്ണത്തിൽ കാലാനുസൃതമായിട്ടുള്ള വർദ്ധനയും കാണിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 3000 എൻജിനീയർമാർ വർദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ രാജ്യത്ത് 41000 സ്വദേശി എൻജിനീയർമാർ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.ഇപ്പോൾ തന്നെ കർശന നിബന്ധനകളാണ് വിദേശ എഞ്ചിനീയർമാർക്കുള്ളത്. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്‌സിൽ രജിസ്റ്റർ ചെയ്ത് അംഗത്വം ലഭിച്ചവർക്ക് മാത്രമേ എൻജിനീയറായി ജോലി ചെയ്യാൻ അനുവാദം നൽകുകയുള്ളൂ. കൗൺസിലും ജവാസാത്തും തമ്മിൽ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതിനാൽ ഇഖാമ പുതുക്കണമെങ്കിൽ കൗൺസിൽ അംഗത്വം നിർബന്ധമാണ്. അഞ്ചു വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മാത്രമാണ് വിസ നൽകുന്നത്. പിന്നീട് അംഗത്വം നിശ്ചിത കാലയളവിൽ പുതുക്കുകയും വേണം.സ്വദേശി വൽക്കരണം പ്രഖ്യാപിക്കുന്നതോടെ വിദേശ എഞ്ചിനീയർമാർക്ക് ഇഖാമ പുതുക്കാൻ സാധിക്കാത്ത അവസ്ഥ ഉണ്ടാവുകയും ഫൈനൽ എക്സിറ്റിന് നിർബന്ധിതരാവുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."