മന്ത്രിയെ തടഞ്ഞതിനു പിന്നില്‍ പൊലിസിന്റെ ഏകോപനക്കുറവ്
തൊടുപുഴ: ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമനെ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തൊടുപുഴയില്‍ കരിങ്കൊടി കാണിക്കാനും വഴിയില്‍ തടഞ്ഞുനിര്‍ത്താനും സൗകര്യമൊരുക്കിയത് പൊലിസിന്റെ ഏകോപനമില്ലായ്മയെന്ന് വിലയിരുത്തല്‍. വൈക്കം ഭാഗത്തുനിന്ന് തൊടുപുഴയിലേക്കെത്തിയ മന്ത്രിക്ക് കരിങ്കുന്നം പൊലിസാണ് അവരുടെ അതിര്‍ത്തിയായ പാറക്കടവിലെ ജില്ലാ പൗള്‍ട്രിഫാം വരെ അനുഗമിച്ചത്. എന്നാല്‍, മന്ത്രിക്ക് എസ്‌കോര്‍ട്ട് നല്‍കേണ്ട തൊടുപുഴ പൊലിസ് കാത്തുകിടന്നത് പാറക്കടവ് പഞ്ചവടി പാലത്തിന് സമീപം. ഈ രണ്ട് കേന്ദ്രങ്ങള്‍ക്കുമിടയിലാണ് മന്ത്രിയെ തടയാന്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അവസരമുണ്ടായത്. മന്ത്രിയെ തടയാന്‍ നീക്കമുണ്ടെന്ന സൂചന മുന്‍കൂട്ടി വിജിലന്‍സും സ്‌പെഷ്യല്‍ ബ്രാഞ്ചും ലോക്കല്‍ പൊലിസിന് കൈമാറിയിരുന്നു. എന്നാല്‍, അത് തടയുന്നതിനുള്ള ഒരു പരിശ്രമവും ക്രമസമാധാന ചുമതലയുള്ള ലോക്കല്‍ പൊലിസിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല. കാഞ്ഞാര്‍ സബ് ഇന്‍സ്‌പെക്ടര്‍ മാത്യു ജോര്‍ജിനായിരുന്നു സംഭവദിവസം മന്ത്രിയുടെ സുരക്ഷാചുമതല.
കരിങ്കുന്നം പൊലിസിന്റെ പൈലറ്റ് വാഹനം മടങ്ങി പോകുമ്പോള്‍ നൂറു മീറ്റര്‍ അകലെ പഞ്ചവടി പാലത്തിന് സമീപമായിരുന്നു തൊടുപുഴ പൊലിസിന്റെ എസ്‌കോര്‍ട്ട് വാഹനം. ഈ രണ്ട് പോയിന്റിനുമിടയില്‍ മന്ത്രിയെ തടയാന്‍ യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് അവസരമൊരുക്കിയതിനു പിന്നില്‍ തൊടുപുഴ സ്‌റ്റേഷനിലെ കോണ്‍ഗ്രസ് അനുകൂല പൊലിസ് ഉദ്യോഗസ്ഥരാണെന്ന് ആരോപണം ഉയരുന്നുണ്ട്.
അതേസമയം മന്ത്രി തിലോത്തമനെ വഴിയില്‍ തടഞ്ഞ സംഘത്തെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് സി.പി.ഐ നേതൃത്വത്തില്‍ ജില്ലയില്‍ ഇന്ന് പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്ന് ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്‍ പറഞ്ഞു. ഗുരുതര വീഴ്ച വരുത്തിയ പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നും ശിവരാമന്‍ ആവശ്യപ്പെട്ടു. സംഭവത്തില്‍ കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരേ തൊടുപുഴ പൊലിസ് കേസെടുത്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."