ബജറ്റ് ചോര്‍ച്ച:ആരോപണത്തില്‍ കഴമ്പില്ലെന്ന് സര്‍ക്കാര്‍; അന്വേഷണം വേണമെന്ന് പ്രതിപക്ഷം
തിരുവനന്തപുരം: ബജറ്റ് ചോര്‍ന്നുവെന്ന പ്രതിപക്ഷ ആരോപണത്തില്‍ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സത്യപ്രതിജ്ഞാ ലംഘനവും നടന്നിട്ടില്ല. ഈ വിഷയത്തില്‍ നിയമസഭാ നടപടിക്രമം, രഹസ്യരേഖ സൂക്ഷിക്കല്‍ നിയമം എന്നിവയുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.
വി.ഡി സതീശന്‍ കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ബജറ്റോ ബജറ്റ് രേഖകളോ പുറത്തുപോയിട്ടില്ല.
ധനമന്ത്രിക്ക് വീഴ്ച്ച വന്നിട്ടില്ല. ബജറ്റ് ഹൈലൈറ്റ്‌സ് മാധ്യമങ്ങള്‍ക്ക് നല്‍കാറുണ്ട്. ബജറ്റ് നിര്‍ദേശങ്ങളെന്ന് കരുതാവുന്ന ചില വിവരങ്ങള്‍ അടങ്ങിയ ഈ കുറിപ്പ് ധനകാര്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പുറത്ത് വന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് സംഭവിച്ചിട്ടുണ്ട്. ഇതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ മാറ്റി നിര്‍ത്തുകയും ചെയ്തു.
ഈ വിവാദം ചായകോപ്പയിലെ കൊടുങ്കാറ്റായി മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബജറ്റ് ചോര്‍ച്ചയുണ്ടായത് ധനമന്ത്രിയുടെ ഓഫിസില്‍ നിന്നാണെന്ന് വി.ഡി സതീശന്‍ ആരോപിച്ചു. തെറ്റ് ചെയ്തത് ധനമന്ത്രി തന്നെ.
വാര്‍ത്താമാധ്യമങ്ങളില്‍ ഇടംപിടിക്കാനുള്ള ധനമന്ത്രിയുടെ വ്യഗ്രതയാണ് ഇതിനു കാരണമെന്നും സതീശന്‍ ആരോപിച്ചു. ബജറ്റ് ചോര്‍ന്നതിനെ കുറിച്ച് നിയമസഭാ സമിതിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നു പ്രതിപക്ഷ നേതാവ് ചോദിച്ചു. എന്നാല്‍, ബജറ്റ് അവതരണ വേളയില്‍ ചില കാര്യങ്ങള്‍ പുറത്തുപോയതില്‍ ബോധപൂര്‍വ്വമായ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. മാധ്യമങ്ങള്‍ക്കു നല്‍കാന്‍ തയാറാക്കിയ കുറിപ്പാണ് പുറത്തുപോയതെന്നും ധനമന്ത്രി പറഞ്ഞെങ്കിലും പ്രതിപക്ഷം ധനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യം ശക്തമായി ഉന്നയിച്ചു.
ഈ ആവശ്യം മുഖ്യമന്ത്രി തള്ളിയതോടെ സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധം തുടര്‍ന്നു.
പ്രതിഷേധം ശക്തമായതോടെ സഭ തല്‍കാലത്തേക്ക് നിര്‍ത്തിവച്ചു. കക്ഷി നേതാക്കളുമായി സ്പീക്കര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വീണ്ടും സഭ ചേര്‍ന്നു. തുടര്‍ന്ന് ചീഫ്‌സെക്രട്ടറിയുടെ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും, റിപ്പോര്‍ട്ടിന്റെ ഒരു ഭാഗം മാത്രമാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്തി.
പൂര്‍ണമായും അന്വേഷണ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമെങ്കില്‍ മന്ത്രിസഭാ യോഗത്തില്‍ യുക്തമായ തീരുമാനം കൈക്കൊള്ളാമെന്ന് ഉറപ്പുനല്‍കി. എന്നാല്‍, കേരള കോണ്‍ഗ്രസ് ബജറ്റ് ചര്‍ച്ച ബഹിഷ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."