HOME
DETAILS
MAL
വേനല്‍ കടുത്തിട്ടും കുടിവെള്ളത്തിന്റെ ഗുണനിലവാര പരിശോധനയ്ക്ക് സംവിധാനമില്ല
backup
March 03 2020 | 11:03 AM
കൊച്ചി: വേനല്‍ കടുക്കുകയും ലോകം മുഴുവന്‍ പകര്‍ച്ചവ്യാധി ഭീഷണി നേരിടുകയും ചെയ്യുമ്പോഴും സംസ്ഥാനത്ത് വിതരണം ചെയ്യുന്ന കുടിവെള്ളം പരിശോധിക്കാന്‍ സംവിധാനങ്ങളില്ല.
ഇക്കുറി പ്രതീക്ഷിച്ചതിലും മുന്‍പേ വേനല്‍ കടുത്തതോടെ കുടിവെള്ളത്തിന് മിക്കയിടങ്ങളിലും കടുത്ത ക്ഷാമം അനുഭവപ്പെട്ട് തുടങ്ങി. ഇത് ലോറികളില്‍ കുടിവെള്ളം എത്തിക്കുന്നവര്‍ക്ക് കൊയ്ത്തുകാലമായി മാറുകയും ചെയ്തു. കൊച്ചി കേന്ദ്രമായി ഇത്തരത്തില്‍ കുടിവെള്ളം വിതരണംചെയ്യുന്ന വന്‍ സംഘം തന്നെയുണ്ട്. സംസ്ഥാനത്തെ മിക്ക നഗരങ്ങളിലെയും പ്രധാന റോഡുകളിലൂടെയും ഇടറോഡുകളിലൂടെയും ഒരുപോലെ കുടിവെള്ള ടാങ്കറുകള്‍ ചീറിപ്പായുകയാണ്. വീടുകള്‍, ഹോട്ടലുകള്‍, ഫ്‌ളാറ്റുകള്‍, സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍ തുടങ്ങി ഒട്ടുമിക്കയിടങ്ങളിലും കുടിവെള്ളം എത്തിക്കുന്നത് ഇത്തരം ലോറികളാണ്. എന്നാല്‍, ഈ ലോറികളില്‍ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് നിലവില്‍ കാര്യക്ഷമമായ സംവിധാനങ്ങളില്ല.
കഴിഞ്ഞ ഡിസംബറില്‍ നിയമസഭാ പെറ്റീഷന്‍സ് കമ്മിറ്റിക്ക് ഇതു സംബന്ധിച്ച് പരാതികള്‍ ലഭിച്ചിരുന്നു. കാക്കനാട്, മൂവാറ്റുപുഴ, തൃപ്പൂണിത്തുറ ഭാഗങ്ങളിലെ ഉപേക്ഷിക്കപ്പെട്ട കുളങ്ങളില്‍ നിന്നും കരിങ്കല്‍ ക്വാറികളില്‍ നിന്നും ശേഖരിക്കുന്ന വെള്ളം ശുദ്ധീകരിക്കുക പോലും ചെയ്യാതെ 'കുടിവെള്ളം' എന്ന പേരില്‍ വിതരണംചെയ്യുന്നുവെന്നാണ് പരാതി. എറണാകുളം കലക്ടറേറ്റില്‍ നടത്തിയ സിറ്റിങ്ങില്‍ പെറ്റീഷന്‍സ് കമ്മിറ്റി ഇക്കാര്യം പരിശോധിക്കുകയും തുടര്‍ നടപടികള്‍ക്കായി പരിസ്ഥിതി വകുപ്പിനെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അനക്കമൊന്നും ഉണ്ടായില്ല. രാജമാണിക്യം ജില്ലാ കലക്ടറായിരിക്കെ എറണാകുളം ജില്ലയിലെ ഉപേക്ഷിക്കപ്പെട്ട ക്വാറികളും കുളങ്ങളുമൊക്കെ ശുദ്ധീകരിച്ച് കുടിവെള്ളസ്രോതസുകളാക്കുന്നതിന് പദ്ധതി ആവിഷ്‌കരിച്ചിരുന്നു. പിന്നീട്, ഈ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ഉപേക്ഷിക്കപ്പെട്ടതോടെ ജനങ്ങള്‍ വീണ്ടും ഇവിടേക്ക് ചപ്പുചവറുകളും മറ്റും വലിച്ചെറിയാന്‍ തുടങ്ങി. അറവുമാലിന്യങ്ങള്‍ വരെ ഇങ്ങനെ തള്ളുന്നുണ്ട്. ഇങ്ങനെ ഉപേക്ഷിക്കപ്പെട്ട പാറക്കുളങ്ങളും മറ്റും ഇപ്പോള്‍ കുടിവെള്ള കച്ചവട ലോബികളുടെ കൈയിലാണ്.
ജലശുദ്ധീകരണ സംവിധാനങ്ങളുള്ള സ്ഥലങ്ങളില്‍പോലും അവ ഉപയോഗപ്പെടുത്താന്‍ കുടിവെള്ള കച്ചവടക്കാര്‍ മടിക്കുകയാണ്. വാട്ടര്‍ ട്രീറ്റ്‌മെന്റ് നടത്തി കുടിവെള്ളം ലോറിയില്‍ നിറയ്ക്കണമെങ്കില്‍ സമയമേറെ പിടിക്കും. എന്നാല്‍, കുളങ്ങളില്‍ നിന്നും പാറക്കുളങ്ങളില്‍ നിന്നും നേരിട്ട് നിറച്ചാല്‍ മിനുട്ടുകള്‍ മതി. ഇത്തരത്തില്‍, നേരിട്ട് കുളങ്ങളില്‍ നിന്നും മറ്റും വെള്ളം നിറച്ച് അതില്‍ ചില രാസവസ്തുക്കള്‍ ചേര്‍ത്താണ് ചില ടാങ്കര്‍ ലോറിക്കാര്‍ 'ശുദ്ധീകരിച്ച കുടിവെള്ളം' എന്ന പേരില്‍ വിതരണം ചെയ്യുന്നതെന്ന ആരോപണവും നിയമസഭാ സമിതിക്ക് മുന്‍പാകെ എത്തിയിരുന്നു.
അതിനിടെ, സംസ്ഥാനത്തെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളുടെ ലാബുകളോട് ചേര്‍ന്ന് പ്രത്യേക സംവിധാനം ആരംഭിക്കാനുള്ള ആലോചനയുമായി ഹരിത കേരളം മിഷന്‍ രംഗത്തെത്തിയിട്ടുണ്ട്. ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്ക് പരിശീലനം നല്‍കി പദ്ധതി നടപ്പാക്കാനാണ് ആലോചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."