മത്സ്യത്തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റും സാറ്റ്‌ലൈറ്റ് ഫോണുകളും നല്‍കും: മന്ത്രി
കൊല്ലം: ഐ.എസ്.ആര്‍.ഒയുടെ സഹായത്തോടെ വികസിപ്പിച്ച വാര്‍ത്താവിനിമയ ഉപകരണമായ നാവിക് വിതരണോദ്ഘാടനം നീണ്ടകരയില്‍ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിച്ചു. സമ്പൂര്‍ണ സുരക്ഷ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികള്‍ക്ക് ആധുനിക ഉപകരണങ്ങള്‍ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ആഴക്കടലില്‍ പോകുന്നവര്‍ക്കാണ് തുടക്കത്തില്‍ നാവിക് നല്‍കുക. 500 പേര്‍ക്ക് സൗജന്യമായാണ് ഐ.എസ്.ആര്‍.ഒ നല്‍കിയത്. കൂടുതല്‍ പേര്‍ക്ക് ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാര്‍.
15,000 തൊഴിലാളികള്‍ക്ക് ലൈഫ് ജാക്കറ്റുകളും നല്‍കും. ഇതിനായി 250 രൂപ അടച്ച് രജിസ്റ്റര്‍ ചെയ്യണം. സാറ്റലൈറ്റ് ഫോണുകളുടെ സുരക്ഷയും ആഴക്കടലില്‍ പോകുന്നവര്‍ക്കായി ഒരുക്കുന്നുണ്ട്. ബോട്ടുടമകള്‍ക്ക് ഫോണ്‍ പകുതി വിലയ്ക്കും തൊഴിലാളികള്‍ക്ക് 90 ശതമാനം സബ്‌സിഡിയോടെയുമാകും ലഭ്യമാക്കുക. സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി എല്ലാ ജില്ലകളിലും മാസ്റ്റര്‍ കണ്ട്രോള്‍ റൂമുകള്‍ സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എന്‍. വിജയന്‍പിള്ള എം. എല്‍.എ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് സേതുലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിയാസ്, മത്സ്യഫെഡ് ഡയറക്ടര്‍ മനോഹരന്‍, ജില്ലാ മാനേജര്‍ പ്രശാന്തകുമാര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എച്ച്. സലീം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."