ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം
കട്ടാങ്ങല്‍: ചാത്തമംഗലം സബ് രജിട്രാര്‍ ഓഫിസിന് സമീപം ജനവാസകേന്ദ്രത്തില്‍ പ്ലാസ്റ്റിക് സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കാനുള്ള കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ നീക്കത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ നടത്തി. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവും ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റിയംഗവുമായ എ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വീടുകളും ക്ഷേത്രവും സര്‍ക്കാര്‍ ഓഫിസുകളുമുള്ള പ്രദേശത്താണ് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാനായി അധികൃതര്‍ ശ്രമിക്കുന്നതെന്നും ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ ഒഴിഞ്ഞ സ്ഥലങ്ങള്‍ ഉള്ള സാഹചര്യത്തിലാണ് ജനവാസകേന്ദ്രത്തിലേക്ക് പ്ലാന്റ് കൊണ്ടു വരുന്നതെന്നും ആക്ഷന്‍ കമ്മിറ്റി നേതാക്കള്‍ പറഞ്ഞു. റവന്യൂ വിഭാഗത്തിന്റെ കൈവശമുള്ള 20 സെന്റ് സ്ഥലമാണ് പ്ലാന്റ് നിര്‍മിക്കാനായി ജില്ലാ കലക്ടര്‍ ബ്ലോക്ക് പഞ്ചായത്തിന് വിട്ടുകൊടുത്തിട്ടുള്ളത്. കോടഞ്ചേരി പഞ്ചായത്തില്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കൈവശമുള്ള ഒരേക്കര്‍ സ്ഥലത്തില്‍ പത്ത് സെന്റ് സ്ഥലം ഇതിനു പകരമായി കോടഞ്ചേരി പഞ്ചായത്തിന് മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മിക്കാന്‍ വിട്ടുനല്‍കിയിട്ടുണ്ട്. പൊലിസ് പിടികൂടുന്ന വാഹനങ്ങള്‍ ഇപ്പോള്‍ സൂക്ഷിക്കുന്നത് പ്ലാന്റ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്തിന് സമീപമാണ്. ഇവിടെ വാഹനങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങിയതോടെ ഇഴജന്തുക്കളുടെ ശല്യവും വാഹനങ്ങളില്‍ നിന്ന് ഒലിച്ചിറങ്ങുന്ന ഓയല്‍ കൊണ്ടുണ്ടാകുന്ന മാലിന്യവും കാരണം പൊറുതിമുട്ടിയ നാട്ടുകാര്‍ക്ക് മറ്റൊരു ദുരിതമായി മാറാന്‍ പോവുകയാണ് മാലിന്യ സംസ്‌കരണ പ്ലാന്റെന്ന് നാട്ടുകാര്‍ പറയുന്നു. ധര്‍ണയില്‍ ചെയര്‍മാന്‍ അരവിന്ദന്‍ മാനത്താനത്ത് അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ സുനിത, ഗ്രാമപഞ്ചായത്ത് മെംബര്‍ ശോഭന അഴകത്ത്, എം.കെ അനീഷ്, രാജ് നാരായണന്‍, ഷൈബു, ബീരാന്‍ കോയ, വിനോദ്, മുഹമ്മദ് പാലപ്ര, സദാനന്ദന്‍, ഹരിദാസന്‍ കള്ളാത്ത്കുഴി, പ്രഭില്‍ കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."