അപൂര്‍വ ചികിത്സയിലൂടെ നേട്ടം കൈവരിച്ച് മെഡിക്കല്‍ കോളജ്
ചേവായൂര്‍: സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായി ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സ വിജയകരമായി പൂര്‍ത്തിയാക്കിയ നേട്ടം കൈവരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗമാണു വിജയകരമായി ചികിത്സ പൂര്‍ത്തിയാക്കിയത്. രണ്ടുമാസം മുന്‍പ് വലതു കണ്ണിന്റെ കാഴ്ച തകരാറിലായി ഇവിടെ ചികിത്സ തേടിയെത്തിയ 69 വയസുള്ള സ്ത്രീയാണ് ചികിത്സയ്ക്ക് വിധേയയായത്. പരിശോധനകള്‍ക്കു ശേഷം എം.ആര്‍.ഐ സ്‌കാന്‍ ചെയ്തപ്പോള്‍ തലച്ചോറിലേക്ക് രക്തം കൊണ്ടുപോകുന്ന പ്രധാന ധമനിയില്‍ അന്വറിസം എന്ന രോഗാവസ്ഥയാണെന്നു കണ്ടെത്തുകയായിരുന്നു.
തലച്ചോറിലേക്കുള്ള രക്തക്കുഴല്‍ കുമിള പോലെ വീര്‍ത്തുപൊട്ടുന്ന രോഗമാണ് അന്വറിസം.ന്യൂറോളജി, ന്യൂറോ സര്‍ജറി, ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി വിഭാഗങ്ങളുടെ കൂട്ടായ തീരുമാനപ്രകാരം 'ഫ്‌ളോ ഡൈവര്‍ട്ടര്‍' ചികിത്സ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
തകരാര്‍ സംഭവിച്ച രക്തക്കുഴലിലൂടെ പ്രത്യേകമായി രൂപകല്‍പന ചെയ്ത സ്റ്റെന്റ് പോലുള്ള ഉപകരണം കടത്തിവിട്ട് രക്തപ്രവാഹം പൂര്‍വസ്ഥിതിയിലാക്കുന്ന ചികിത്സയാണിത്. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി ഡോക്ടര്‍മാരായ ഡോ. രാജേന്ദ്രന്‍, ഡോ. ദേവരാജന്‍, ഡോ. പി. നൗഫല്‍, ഡോ. കെ.ആര്‍ രാഹുല്‍, ഡോ. ബിബിന്‍, അനസ്‌തേഷ്യ വിഭാഗം ഡോക്ടര്‍മാരായ ഡോ. മുബാറക്, ഡോ. രാധ, ഡോ. ശ്യാം, ന്യൂറോളജി വിഭാഗം ഡോക്ടര്‍മാരായ ഡോ. ജെയിംസ് ജോസ്, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവരുടെ നേതൃത്വത്തിലാണു ചികിത്സ പൂര്‍ത്തിയാക്കിയത്.
സര്‍ക്കാര്‍ ആശുപത്രിയില്‍ ആദ്യം
തിരുവനന്തപുരം ശ്രീചിത്ര പോലുള്ള സര്‍ക്കാരിതര ആശുപത്രികളില്‍ മാത്രമാണ് നിലവില്‍ ഫ്‌ളോ ഡൈവര്‍ട്ടര്‍ ചികിത്സയുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയ്ക്ക് ലക്ഷങ്ങളാണു ചെലവ്. സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ആദ്യമായാണ് ഈ ചികിത്സ പൂര്‍ത്തീകരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ ഡോ. രാജേന്ദ്രന്‍ അറിയിച്ചു. ഇന്റര്‍വെന്‍ഷനല്‍ റേഡിയോളജി വിഭാഗത്തില്‍ അന്യൂറിസം കോയ്‌ലിങ്, തലച്ചോറിലെ രക്തക്കുഴല്‍ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള എമ്പോളൈസേഷന്‍ ചികിത്സ, കരോട്ടിഡ് ആര്‍ട്ടറി സ്റ്റെന്റിങ്, പുകവലി മൂലം കാലിലെ രക്തക്കുഴല്‍ അടഞ്ഞുണ്ടാകുന്ന വ്രണങ്ങള്‍ക്കുള്ള ആന്‍ജിയോപ്ലാസ്റ്റി ചികിത്സതുടങ്ങിയവ മെഡിക്കല്‍ കോളജില്‍ ലഭ്യമാണെന്ന് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."