ബജറ്റ് ചോര്‍ച്ചയുണ്ടാക്കുന്ന പുകിലുകള്‍
സര്‍ക്കാര്‍ വകുപ്പുകള്‍ യഥാര്‍ഥത്തില്‍ ഭരിക്കുന്നതു മന്ത്രിമാരല്ല. മന്ത്രിയുടെ ഓഫീസ് എന്നു പറയപ്പെടുന്ന സ്റ്റാഫാണ് ഭരണംനടത്തുന്നത്. ഉദ്യോഗസ്ഥരും പാര്‍ട്ടിക്കാരായ സില്‍ബന്ധികളുമൊക്കെ ചേര്‍ന്ന ഈ സംഘം ഭരണചക്രം തിരിക്കുമ്പോള്‍ അതിനു മേല്‍നോട്ടം വഹിക്കുകയാണു മന്ത്രി ചെയ്യുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ ഭരണയന്ത്രത്തിനു സംഭവിക്കുന്ന വീഴ്ചയുടെ ഉത്തരവാദിത്വം പൂര്‍ണമായും വന്നുവീഴുക മന്ത്രിയുടെ തലയിലായിരിക്കും. കടുപ്പമുള്ളതാണു വന്നു വീഴുന്നതെങ്കില്‍ മന്ത്രിപ്പണി പോകാന്‍വരെ അതു മതിയാകും.
കഴിഞ്ഞ സര്‍ക്കാരിന് ഏറ്റവുമധികം നാണക്കേടുണ്ടാക്കിയ സോളാര്‍ കേസ് ഉരുത്തിരിഞ്ഞുവന്നതു മുഖമന്ത്രിയുടെ ഓഫീസ്ചുമരുകള്‍ക്കുള്ളിലാണ്. സ്റ്റാഫിലെ ചിലരൊപ്പിച്ച വേലകള്‍ക്കു ദീര്‍ഘകാലം ഉത്തരംപറയേണ്ടിവന്നത് ഉമ്മന്‍ചാണ്ടിയാണ്. തരികിടക്കാരെ പുറത്തുകളഞ്ഞെങ്കിലും അവരുണ്ടാക്കിവച്ച കളങ്കം കഴുകിക്കളയാനാവാതെ യു.ഡി.എഫ് സര്‍ക്കാരിന്റെ ഖദര്‍കുപ്പായത്തില്‍ കുറേക്കാലം കിടന്നു.
അനുചരര്‍മൂലം പുലിവാലുപിടിച്ച വേറെയും മന്ത്രിമാര്‍ കേരള രാഷ്ട്രീയ ചരിത്രത്തിലുണ്ട്. അതില്‍ ഏറ്റവും അവസാനത്തെയാള്‍ മാത്രമാണ് തോമസ് ഐസക്. വേണമെങ്കില്‍ വലിയ രാഷ്ട്രീയവിഷയമായിത്തന്നെ അവതരിപ്പിക്കാവുന്ന ബജറ്റ് ചോര്‍ച്ച ഐസക് മനസാ വാചാ അറിയാതെ ഓഫീസില്‍നിന്നു സംഭവിച്ചതാണ്. മാധ്യമബന്ധ ചുമതലയുള്ള ഉദ്യോഗസ്ഥനു സംഭവിച്ച കൈപ്പിഴ. വെറും കൈപ്പിഴയ്ക്കപ്പുറം നിരന്തരസമ്പര്‍ക്കമുള്ള മാധ്യമസമൂഹത്തെ പരമാവധി നേരത്തെ സഹായിക്കാന്‍ കാട്ടിയ വ്യഗ്രതയുടെ പരിണിതഫലവും.
മന്ത്രിയുടെ ബജറ്റ്പ്രസംഗം തീരുന്നതിന്റെ തൊട്ടടുത്ത നിമിഷം മാധ്യമങ്ങള്‍ക്കു ലഭ്യമാക്കാന്‍ കരുതിവച്ച വിവരങ്ങള്‍ ബജറ്റവതരണം പകുതിയായപ്പോള്‍ത്തന്നെ പുറത്തുചാടി പലവഴിക്കു വ്യാപിച്ചാണു കോലാഹലത്തിനിടയാക്കിയത്. നിയമസഭാസമ്മേളനം തടസ്സപ്പെടുകവരെ ചെയ്‌തേക്കാവുന്ന തരത്തില്‍ ഇതൊരു വലിയ ആയുധമാക്കുകയാണു പ്രതിപക്ഷം. ചോര്‍ന്ന ബജറ്റിന്റെ തുടര്‍നടപടികളുമായി സഹകരിക്കില്ലെന്ന നിലപാടിലാണവര്‍. അവര്‍ മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇതില്‍ പ്രതിപക്ഷത്തെ കുറ്റപ്പെടുത്താനാവില്ല. ബജറ്റ്പ്രസംഗം പൂര്‍ത്തിയാക്കിയശേഷം അതിന്റെ കോപ്പികള്‍ എം.എല്‍.എമാര്‍ക്കു നല്‍കുകയും അതിനുശേഷംമാത്രം മാധ്യമങ്ങള്‍ക്കു നല്‍കുകയും ചെയ്യുന്ന രീതിയാണു രാജ്യത്തെ നിയമസഭകളിലെല്ലാം തുടര്‍ന്നുപോരുന്നത്. അതിന്റെ ലംഘനം പ്രതിപക്ഷത്തിനു കിട്ടിയ വലിയൊരായുധംതന്നെയാണ്. അങ്ങനെയൊന്നു കിട്ടിയാല്‍ ഏതു പ്രതിപക്ഷവും അതു പരമാവധി ഉപയോഗിക്കും. ഇപ്പോള്‍ ഭരിക്കുന്ന എല്‍.ഡി.എഫ് പ്രതിപക്ഷത്തായിരുന്നെങ്കില്‍ ഇതിലപ്പുറം സംഭവിക്കും.
ചട്ടങ്ങളും നടപ്പു രാഷ്ട്രീയരീതികളുമൊക്കെ മാറ്റിവച്ചു സാമാന്യയുക്തിയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ സംഭവിച്ചത് ആനക്കാര്യമൊന്നുമല്ല. ബജറ്റ് അവതരണം ആരംഭിച്ചശേഷം മന്ത്രി പറയാന്‍ ബാക്കിയുള്ള ചില കാര്യങ്ങള്‍ പുറത്തുവന്നതുകൊണ്ട് ആകാശം ഇടിഞ്ഞുവീഴുകയില്ല. വിവരസാങ്കേതികവിദ്യ ഇത്രയേറെ വികസിച്ച ലോകത്തു വിവരങ്ങള്‍ ചോരാന്‍ സാധ്യത ഏറെയാണ്. അതു കേവലയാഥാര്‍ഥ്യം മാത്രം.
രാഷ്ട്രീയവാദമുഖങ്ങള്‍ക്കു യാഥാര്‍ഥ്യവുമായി പൂര്‍ണബന്ധമുണ്ടാകണമെന്നു ശഠിക്കാനാവില്ല. ഔദ്യോഗികരഹസ്യങ്ങള്‍ പുറത്തുവിടില്ലെന്നു സത്യപ്രതിജ്ഞ ചെയ്തു ചുമതലയേറ്റ മന്ത്രിയില്‍നിന്ന് ഇത്തരമമൊരു വീഴ്ച സംഭവിക്കാന്‍ പാടില്ലെന്ന വാദത്തിനു നമ്മുടെ രാഷ്ട്രീയസംവിധാനത്തില്‍ പ്രസക്തിയുണ്ട്. സ്റ്റാഫിനു സംഭവിച്ച പിഴവെന്നു വാദിച്ചു മന്ത്രിക്ക് ഒഴിഞ്ഞുമാറാനാവില്ല. സ്റ്റാഫിനെ നിയന്ത്രിക്കാനാവാത്തവര്‍ എന്തിനു മന്ത്രിപ്പണിക്കു പോകുന്നുവെന്ന വാദത്തിനു മന്ത്രിയുടെ വാദത്തേക്കാള്‍ ബലം ലഭിക്കുന്നതു സ്വാഭാവികം.
ഇവിടെ പിഴച്ചതു മന്ത്രിയുടെ ഓഫീസ് ജീവനക്കാരനു മാത്രമാണോയെന്നതും പരിശോധിക്കപ്പെടേണ്ടതുണ്ട്. സെക്കന്റുകള്‍ക്കുപോലും മത്സരപ്രാധാന്യമുള്ള മാധ്യമമേഖലയിലെ സുഹൃത്തുക്കള്‍ക്കു പണി എളുപ്പമാക്കിക്കൊടുക്കുകയെന്ന സദുദ്ദേശത്തോടെയും വിവരങ്ങള്‍ അവര്‍ അനവസരത്തില്‍ പുറത്തുവിടില്ലെന്ന വിശ്വാസത്തോടെയുമാണ് അത് ഇ മെയില്‍ വഴി ജീവനക്കാരന്‍ എത്തിച്ചുകൊടുത്തതെന്നതാണു യാഥാര്‍ഥ്യം.
മന്ത്രിയുടെ പ്രസംഗം തീരുന്നതിനുമുമ്പു വിവരങ്ങള്‍ പുറത്തുവിടുന്നതു ശരിയല്ലെന്ന അറിവുണ്ടായിട്ടും പ്രസംഗം തീരുന്നതുവരെ കാത്തിരിക്കാനുള്ള വിവേകം പലരും കാട്ടിയില്ല. അയച്ചയാള്‍ തങ്ങളിലര്‍പ്പിച്ച വിശ്വാസത്തിനു വില കല്‍പിച്ചതുമില്ല. മാധ്യമങ്ങളുടെ സാങ്കേതിക വൈവിധ്യങ്ങള്‍ക്കൊപ്പം പെരുകി അതിവിപുലമായി മാറിയ മാധ്യമപ്രവര്‍ത്തകസമൂഹത്തില്‍ നിയമസഭാചട്ടങ്ങളും കീഴ്‌വഴക്കങ്ങളും അറിയാത്തവരുടെ സാന്നിധ്യത്തിനു സാധ്യത ഏറെയുമാണ്. അതെന്തൊക്കെയായാലും ഫലമനുഭവിക്കുന്നതു മന്ത്രിയും സര്‍ക്കാരുമാണ്.
*** *** ***
വര്‍ഷങ്ങള്‍ക്കുമുമ്പ് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയാവശ്യപ്പെട്ട് അന്നത്തെ പ്രതിപക്ഷമായിരുന്ന എല്‍.ഡി.എഫ് സെക്രട്ടേറിയറ്റിനു മുന്നില്‍ വലിയ സമരം നടത്തുന്ന സന്ദര്‍ഭം. പല ഭാഗങ്ങളില്‍ നിലയുറപ്പിച്ചു ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ ലൈവായി വാര്‍ത്ത നല്‍കുന്നു. മുഖ്യമന്ത്രിയുടെ രാജി മാത്രമല്ല ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ന്റെയും രാജി പ്രതിപക്ഷം ആവശ്യപ്പെടുന്നുണ്ടെന്നൊക്കെ ചെറുപ്പക്കാരനായ ഒരു ദൃശ്യമാധ്യമപ്രവര്‍ത്തകന്‍ ആവേശത്തോടെ ലൈവില്‍ പറയുന്നു.
മുഖ്യമന്ത്രി രാജിവച്ചാല്‍ പിന്നെ ആഭ്യന്തര മന്ത്രി രാജിവയ്‌ക്കേണ്ടതില്ല. മുഖ്യമന്ത്രിയുടെ രാജിയോടെ മന്ത്രിസഭ തന്നെ ഇല്ലാതാകും. നാട്ടിന്‍പുറങ്ങളിലെ സാധാരണക്കാരായ രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കുപോലും അറിയാവുന്ന ലളിതമായ ഇക്കാര്യം ലേഖകന് അറിയില്ലെന്നു വ്യക്തം.
അതറിയാത്തവര്‍ മാധ്യമപ്രവര്‍ത്തക സമൂഹത്തില്‍ അതിന്യൂനപക്ഷമായിരിക്കുമെന്നുറപ്പാണ്. എന്നാല്‍, എണ്ണത്തില്‍ കുറവാണെങ്കിലും ഇത്തരക്കാര്‍ ഉണ്ടെന്നുള്ളതു സത്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."