ജീവനം പദ്ധതി: രോഗിക്ക് നേരിട്ട് പണം നല്‍കരുതെന്ന് സര്‍ക്കാര്‍; ആശയറ്റ് രോഗികള്‍
കല്‍പ്പറ്റ: വയനാട്ടിലെ വൃക്ക രോഗികള്‍ക്ക് ഏറെ ആശ്വാസമായിരുന്ന ജില്ലാ പഞ്ചായത്തിന്റെ ജീവനം പദ്ധതിക്ക് സര്‍ക്കാരിന്റെ നിര്‍ദേശം തിരിച്ചടിയാവുന്നു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ വയനാട് ജില്ലാ പഞ്ചായത്ത് കോഴിക്കോട്, മലപ്പുറം ജില്ലാ പഞ്ചായത്തുകള്‍ വൃക്ക രോഗികളെ സഹായിക്കാനായി ആരംഭിച്ച സ്‌നേഹസ്പര്‍ശം, കിഡ്‌നി പേഷ്യന്റ് വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുടെ മാതൃക പിന്‍പറ്റി ആരംഭിച്ചതാണ് ജീവനം പദ്ധതി. നൂതന പദ്ധതിയായി 2018-19 വര്‍ഷത്തില്‍ ആരംഭിച്ച പദ്ധതിക്കായി പൊതുജനങ്ങളില്‍ നിന്നടക്കം തുക കണ്ടെത്തിയായിരുന്നു ആദ്യ വര്‍ഷത്തെ പ്രവര്‍ത്തനം. ഒരു വര്‍ഷത്തേക്ക് ഒരു കോടി രൂപയാണ് പദ്ധതിയുടെ ചെലവ് കണക്കാക്കിയിരുന്നത്. വയനാട്ടില്‍ വൃക്ക സംബന്ധമായ രോഗം കൊണ്ട് ബുദ്ധിമുട്ടുന്ന ആളുകള്‍ക്ക് ഡയാലിസിസ്, മറ്റ് ആവശ്യങ്ങള്‍ എന്നിവക്കായി 3000 രൂപ തോതില്‍ നല്‍കുന്നതാണ് പദ്ധതി. ഒപ്പം വൃക്ക മാറ്റിവെച്ച രോഗികള്‍ക്ക് മരുന്ന്, കിടപ്പ് രോഗികള്‍ക്ക് അവരെ പരിചരിക്കാന്‍ വളണ്ടിയറെ നിയോഗിക്കുക എന്നീ പ്രവര്‍ത്തനങ്ങളും പദ്ധതിയുടെ ഭാഗമായി ജില്ലാ പഞ്ചായത്ത് ചെയ്തു വരുന്നുണ്ട്. ഇത് വിജയകരമായി ആദ്യ വര്‍ഷം പൂര്‍ത്തീകരിക്കാനും ജില്ലാ പഞ്ചായത്തിന് സാധിച്ചു. എന്നാല്‍ തുടര്‍ വര്‍ഷങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നുള്ള പണപ്പിരിവ് സാധ്യമാകില്ലെന്ന് കണ്ടതോടെ ത്രിതല പഞ്ചായത്തുകളുടെ പ്ലാന്‍ ഫണ്ടില്‍ നിന്ന് തുക വകയിരുത്തി പദ്ധതി മുന്നോട്ട് കൊണ്ടുപോകാനുള്ള അനുമതി തരണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് സര്‍ക്കാരിലേക്ക് കത്ത് സമര്‍പ്പിച്ചു. കത്തിന് മറുപടിയായി സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത് രോഗികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ പാടില്ലെന്നാണ്. ഡയാലിസിസ് നടത്തുന്ന ആശുപത്രികളുടെ അക്കൗണ്ടിലേക്ക് പണം കൈമാറുന്ന രീതിയില്‍ പദ്ധതി നടപ്പാക്കാമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം. ഒപ്പം കിടപ്പ് രോഗികളെ പരിചരിക്കല്‍ പാലിയേറ്റീവ് കെയര്‍ യൂനിറ്റുകളുമായി ചേര്‍ന്ന് നടപ്പാക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ വയനാട്ടിലെ രോഗികളെ സംബന്ധിച്ചിടത്തോളം ഇത് അവര്‍ക്ക് തിരിച്ചടിയായി മാറിയിരിക്കുകയാണ്. ജില്ലയില്‍ പദ്ധതിയുടെ ഭാഗമായുള്ളത് നിലവില്‍ 400 ആളുകളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."