ഡല്‍ഹി വംശഹത്യ പാര്‍ലമെന്റിന്റെ ഇരു സഭകളും മൂന്നാം ദിനവും സ്തംഭിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹി വംശഹത്യ ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നുണ്ടായ ബഹളംമൂലം ഇന്നലെയും പാര്‍ലമെന്റിന്റെ ഇരു സഭകളും സ്തംഭിച്ചു. ബഹളത്തിനിടെ ഡയരക്ട് ടാക്‌സ് വിവാദ് സെ വിശ്വാസ് ബില്‍ ലോക്‌സഭ പാസാക്കി. ആഭ്യന്തര മന്ത്രി അമിത്ഷായുടെ രാജി ആവശ്യപ്പെട്ട് ലോക്‌സഭയില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായ മുദ്രാവാക്യം വിളികളുയര്‍ത്തിയതിനെ തുടര്‍ന്നു ലോക്‌സഭ ആദ്യം ഉച്ചവരെ നിര്‍ത്തിവച്ചു. പിന്നാലെ സഭ ചേര്‍ന്നെങ്കിലും ബഹളം തുടര്‍ന്നതിനാല്‍ ഇന്നലത്തേയ്ക്കു പിരിയുകയായിരുന്നു.
രാജ്യസഭ ബഹളംമൂലം രാവിലെതന്നെ അന്നേ ദിവസത്തേക്കു പിരിഞ്ഞിരുന്നു. ആദായനികുതി സംബന്ധിച്ച കേസുകള്‍ തീര്‍പ്പാക്കുന്നതിനുള്ളതാണ് ഡയരക്ട് ടാക്‌സ്-വിവാദ് സെ വിശ്വാസ് ബില്‍ 2020. തര്‍ക്കവും അപ്പീലും പിഴയും ഒഴിവാക്കാനുള്ള നിര്‍ദേശങ്ങളാണ് ബില്ലിലുള്ളത്. ബില്‍ ആദായനികുതി കമ്മിഷണര്‍, അപ്പലെറ്റ് ട്രൈബ്യൂണല്‍, ഹൈക്കോടതികള്‍, സുപ്രിംകോടതി എന്നിവിടങ്ങളില്‍ നികുതിദായകരോ സര്‍ക്കാരോ ജനുവരി 31 വരെ നല്‍കിയ അപ്പീലുകള്‍ക്കു ബാധകമാണ്. തര്‍ക്കത്തിലുള്ള നികുതി, പലിശ, പിഴ, ഉറവിടത്തില്‍നിന്ന് ഈടാക്കിയ നികുതി തുടങ്ങിയവയുമായി ബന്ധപ്പെട്ട അപ്പീലുകള്‍ക്കും ബാധകമാകും.
അപ്പീലിലെ തര്‍ക്കം നികുതിയുമായി ബന്ധപ്പെട്ടതാണെങ്കില്‍ മാര്‍ച്ച് 31നു മുന്‍പു തര്‍ക്കത്തിലുള്ള തുക മുഴുവന്‍ അടച്ച് തീര്‍പ്പാക്കാം. മാര്‍ച്ച് 31നു ശേഷമാണ് അടയ്ക്കുന്നതെങ്കില്‍ തര്‍ക്കത്തിലുള്ള നികുതിയുടെ 10 ശതമാനം കൂടുതല്‍ നല്‍കേണ്ടിവരും. പിഴ, പലിശ, ഫീസ് എന്നിവ സംബന്ധിച്ച തര്‍ക്കമാണ് അപ്പീലുകളെങ്കില്‍ മാര്‍ച്ച് 31നു മുന്‍പ് ആ തുകയുടെ 25 ശതമാനം അടച്ച് തീര്‍പ്പാക്കാം. മാര്‍ച്ച് 31നു ശേഷമാണെങ്കില്‍ തര്‍ക്കത്തിലുള്ള തുകയുടെ 30 ശതമാനം കൂടുതല്‍ നല്‍കണം എന്നിങ്ങനെയാണ് ബില്ലിലെ വ്യവസ്ഥ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."