ജനജാഗ്രതാ സമിതി രൂപീകരണം; ജില്ലാതല യോഗം ചേര്‍ന്നു
നിലമ്പൂര്‍: വന്യജീവികളുടെ ശല്യം തടയുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേനെ ജനജാഗ്രതാ സമിതി രൂപീകരിക്കുന്നതിന്റെ ഭാഗമായി വനംവകുപ്പ് ജനപ്രതിനിധികളുടെയും കര്‍ഷകരുടെയും ജില്ലാതല യോഗം നിലമ്പൂരില്‍ നടന്നു. അടുത്തയാഴ്ചതന്നെ പഞ്ചായത്തുകള്‍തോറുമുള്ള ജനജാഗ്രതാ സമിതികളുടെ രൂപീകരണം തുടങ്ങാന്‍ തീരുമാനിച്ചു.
പഞ്ചായത്ത് പ്രസിഡന്റുമാരുടെ അധ്യക്ഷതയിലാണ് യോഗം ചേരുക. ഗ്രാമപഞ്ചായത്ത്, പ്രസിഡന്റുമാര്‍ അധ്യക്ഷന്മാരായും റെയ്ഞ്ച് ഓഫിസര്‍ കണ്‍വീനറുമായാണ് ജനജാഗ്രതാ സമിതികള്‍ രൂപീകരിക്കുക. വനംവകുപ്പിനെ കൂടാതെ വിവിധവകുപ്പ് ഉദ്യോഗസ്ഥരും കര്‍ഷക പ്രതിനിധികളും ജനജാഗ്രതാ സമിതികളില്‍ അംഗങ്ങളാകും.
നിലമ്പൂരില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ്, വൈസ് ചെയര്‍മാന്‍ പി.വി ഹംസ, ജില്ലാപഞ്ചായത്ത് അംഗങ്ങളായ ഒ.ടി ജയിംസ്, ടി.പി അഷ്‌റഫലി, നഗരസഭ കൗണ്‍സിലര്‍ എന്‍.വേലുക്കുട്ടി, നിലമ്പൂര്‍ നോര്‍ത്ത്, സൗത്ത് ഡി.എഫ്.ഒ മാരായ ഡോ. ആര്‍ ആടലരശന്‍, എസ് സണ്‍, എ.സി.എഫ് രഞ്ജിത് കുമാര്‍, വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, റെയ്ഞ്ച് ഓഫിസര്‍മാര്‍, കര്‍ഷക പ്രതിനിധികള്‍, വിവിധ സംഘടന നേതാക്കള്‍ എന്നിവര്‍ സംസാരിച്ചു.
അതേസമയം, യോഗത്തില്‍ വനം വകുപ്പിനെതിരേ രൂക്ഷമായ വിമര്‍ശനങ്ങളുയര്‍ന്നു. ചില വനം ഉദ്യോഗസ്ഥരുടെ പെരുമാറ്റം വനം ജീവനക്കാരും ജനങ്ങളും തമ്മിലുള്ള ശത്രുതക്ക് കാരണമാകുന്നുണ്ടെന്ന് ചിലര്‍ ആരോപിച്ചു. കാട്ടാന ഉള്‍പ്പടെയുള്ള വന്യജീവികള്‍ കൃഷിയിടത്തിലേക്കിറങ്ങുന്നത് നിയന്ത്രിക്കാന്‍ വനത്തില്‍ കുളങ്ങളുടെ നിര്‍മാണം, മുളംകാടുകളും ഫലവൃക്ഷങ്ങളും വച്ചുപിടിപ്പിക്കല്‍ തുടങ്ങിയവ നടത്തണമെന്ന് ആവശ്യമുയര്‍ന്നു.
വനത്തില്‍ ജലസംഭരണികള്‍ സ്ഥാപിക്കുക, വനാതിര്‍ത്തികളില്‍ കൂടുതല്‍ വാച്ചര്‍മാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. കോളനികളിലേക്കുള്ള വനപാത യാത്രയോഗ്യമാക്കുന്നതിന് 2005 ലെ വനവകാശ നിയമപ്രകാരം വനപാത ടാറിങ് കൂടാതെ യാത്രയോഗ്യമാക്കുന്നതിന് തടസമില്ലെന്ന് വനം വകുപ്പ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."