ഗവര്‍ണര്‍, മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍...ഹരിയാനയിലെ ബി.ജെ.പി സര്‍ക്കാറില്‍ ഭൂരിഭാഗത്തിനും പൗരത്വ രേഖകളില്ല
ചണ്ഡിഗഡ്: ഹരിയാന ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാറിലെ ഭൂരിഭാഗവും പൗരത്വം തെളിയിക്കാനാവശ്യമായ യാതൊരു രേഖയും കൈവശമില്ലാത്തവര്‍. ബി.ജെ.പി നേതാവും ഹരിയാന മുഖ്യമന്ത്രിയുമായ മനോഹര്‍ ലാല്‍ ഖട്ടാര്‍ അടക്കമുള്ളവരുടെ പൗരത്വം തെളിയിക്കുന്ന രേഖകള്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈവശമില്ലെന്നാണ് റിപ്പോര്‍ട്ട്.
പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ഖട്ടാര്‍ അനധികൃത കുടിയേറ്റം തടയുമെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ ഹരിയാനയില്‍ നടപ്പാക്കുമെന്നും കഴിഞ്ഞ സെപ്തംബറില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തിയ മുഖ്യമന്ത്രിക്ക് തന്നെ പൗരത്വം തെളിയിക്കാനുള്ള രേഖയില്ലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നത്.
ഹരിയാന ഗവര്‍ണര്‍ സത്യദേവ് നാരായണ്‍ ആര്യ, സംസ്ഥാന മന്ത്രിമാര്‍ എന്നിവരും പൗരത്വം തെളിയിക്കാന്‍ രേഖകളില്ലാത്തവരുടെ ഗണത്തില്‍പ്പെടുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.
ജനുവരി 20ന് പാനിപ്പട്ട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുപ്രവര്‍ത്തകനാണ് അപേക്ഷ നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."