വാളാട് ടൗണില്‍ മദ്യമാഫിയ വിലസുന്നു; നടപടി വേണമെന്ന് നാട്ടുകാര്‍
വാളാട്: വാളാട് ടൗണില്‍ മദ്യമാഫിയ പിടിമുറുക്കുന്നു. രാപകല്‍ ഭേദമില്ലാതെ ഏത് സമയത്തും ആവശ്യക്കാര്‍ക്ക് മദ്യം ഇവിടെ യഥേഷ്ടം ലഭിക്കും. ഇതിനൊപ്പം കഞ്ചാവ് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ വില്‍പനയും തകൃതിയാണ്. അധികൃതരെ വെല്ലുവിളിച്ചാണ് ടൗണ്‍ കേന്ദ്രീകരിച്ച് ഇവയുടെ വില്‍പന പൊടിപൊടിക്കുന്നത്.
മാസങ്ങള്‍ക്ക് മുന്‍പ് തലപ്പുഴ എസ്.ഐ സി.ആര്‍ അനില്‍കുമാര്‍ വ്യാപകമായ മദ്യവില്‍പനക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചിരുന്നു. പലരുടെയും പേരില്‍ കേസെടുക്കുകയും ചെയ്തു. ഇതോടെ കുറച്ചുകാലം മദ്യവില്‍പനക്കാരുടെയും മദ്യപന്‍മാരുടെയും ശല്യം വാളാട് ടൗണിലും പരിസര പ്രദേശങ്ങളിലും കുറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ പൊലിസ് കാര്യമായി ശ്രദ്ധിക്കാതെയായതോടെ വീണ്ടും പഴയപടിയായി മാറി. ടൗണിലെ കച്ചവട സ്ഥാപനങ്ങളുടെ പിന്‍ഭാഗത്തുള്ള സ്വകാര്യ തോട്ടങ്ങളിലാണ് മദ്യവില്‍പന നടക്കുന്നത്. മദ്യപന്‍മാര്‍ ഉപയോഗിച്ചതിന് ശേഷം അലക്ഷ്യമായി വലിച്ചെറിഞ്ഞ ചാക്കുകണക്കിന് കുപ്പികള്‍ ഇവിടങ്ങളില്‍ കാണാനാകും.
മദ്യവില്‍പനക്കായി പ്രത്യേകം ഗ്രൂപ്പുകള്‍ തന്നെ സജീവമായി പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ആരോപണം. കഞ്ചാവ് വില്‍പനയും ഇവിടങ്ങളില്‍ വ്യാപകമാകുന്നതായി പരാതിയുണ്ട്.
സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് വരെ രഹസ്യമായി ലഹരി വസ്തുക്കള്‍ എത്തിക്കുന്ന മാഫിയയും ഇവിടങ്ങളിലുണ്ടെന്ന പരതിയും വ്യാപകമാണ്. മദ്യം വാങ്ങുന്നതിന് മാത്രമായി ദൂരസ്ഥലങ്ങളില്‍ നിന്നും ആളുകള്‍ ഇവിടെയെത്തുന്നുണ്ട്.
മദ്യമാഫിയ കാരണം സമീപത്തെ ആദിവാസി കോളനികളിലുള്ളവര്‍ മദ്യത്തിന്റെ അടിമയായി മാറിയിട്ടുണ്ട്. ഇതോടെ കോളനികളില്‍ അടിപിടികള്‍ നടക്കുന്നതും നിത്യസംഭവങ്ങളാണ്. രണ്ടുമാസം മുന്‍പ് ആദിവാസി അമ്മമാര്‍ തന്നെ വാളാട് ടൗണിലെ മദ്യവില്‍പനക്കെതിരേ പരസ്യമായി രംഗത്തെത്തിയിരുന്നു. അമ്പലക്കുന്ന് പണിയ കോളനിയിലെ പത്തിലധികം അമ്മമാരാണ് ടൗണിലെ മദ്യവില്‍പനക്കെതിരേ രംഗത്തെത്തിയത്. മദ്യ വില്‍പനക്കാരെ അടിച്ചോടിക്കാന്‍ വടികളുമായാണ് അമ്മമാര്‍ വാളാടും പരിസര പ്രദേശങ്ങളിലും റോന്തുചുറ്റിയത്. ഇവരുടെ
അപ്രതീക്ഷിത നീക്കത്തില്‍ പകച്ച മദ്യപന്‍മാരും മദ്യവില്‍പനക്കാരും ആഴ്ചകളോളം ടൗണില്‍ എത്തിയിരുന്നില്ല.
എന്നാല്‍ മദ്യമാഫിയ ആദിവാസികളായ പുരുഷന്‍മാരെ ഉപയോഗിച്ച് തന്ത്രപുര്‍വം മദ്യവില്‍പനക്കെതിരേ രംഗത്തിറങ്ങിയ സ്ത്രീകളെ ഭീഷണിപ്പെടുത്തിയതോടെ ഇവര്‍ പിന്‍ വാങ്ങുകയായിരുന്നു. മദ്യവില്‍പനക്കെതിരേ പൊലിസും, എക്‌സൈസും നടപടി കര്‍ശനമാക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."