വീടില്ലാത്തതിനാല്‍ ദുരിതാശ്വാസ ക്യാംപില്‍നിന്ന് തിരിച്ചുപോകാന്‍ വിഷമിച്ച വീട്ടമ്മയ്ക്ക് സ്വപ്നഭവനം ഒരുങ്ങുന്നു
അന്തിക്കാട്: പ്രളയാനന്തരം രോഗബാധിതനായ ഭര്‍ത്താവുമായി ദുരിതാശ്വാസ ക്യാംപിലെത്തി തിരികെ പോകാന്‍ വീടില്ലാതെ വിഷമിച്ച വീട്ടമ്മയുടെ കണ്ണീരിന് സുമനസുകളുടെ കാരുണ്യ സ്പര്‍ശം. സഹായമായി ലഭിച്ച ഏഴു ലക്ഷത്തില്‍പരം രൂപയില്‍ സുമനസുകളുടെ കാരുണ്യത്തില്‍ ഒരുങ്ങുന്നത് ഇവര്‍ക്കായുള്ള സ്വപ്നഭവനം. മണലൂരില്‍ പ്രളയമെത്തിയപ്പോള്‍ ദുരിതാശ്വാസ ക്യാംപില്‍ വിജി ലിവര്‍ സിറോസിസ് ബാധിതനായ ഭര്‍ത്താവ് രമേഷിനെ താങ്ങിയെടുത്താണ് എത്തിച്ചത്. പ്രളയം കഴിഞ്ഞ് ക്യാംപിലെ അന്തേവാസികള്‍ ഒഴിഞ്ഞു പോയെങ്കിലും കുടുംബ പ്രശ്‌നങ്ങള്‍ മൂലവും ഇവരുടെ പേരില്‍ വസ്തുവില്ലാത്തതിനാലും ഇവര്‍ക്കു മാത്രം തിരികെ മടങ്ങാനായില്ല. വയര്‍ വന്നു വീര്‍ക്കുന്ന അസുഖമാണ് രമേഷിന്. ഒന്നിടവിട്ട ദിവസങ്ങളില്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജില്‍ എത്തിക്കണം. അഞ്ചു മുതല്‍ ഏഴു ലിറ്റര്‍ വെള്ളം വയറില്‍ നിന്നും കുത്തിയെടുക്കണം. മാസം 20,000 രൂപ ചികിത്സക്ക് വേണം. ഭര്‍ത്താവിന് രോഗംബാധിച്ചതോടെ തൃശൂരിലെ തുണിക്കടയില്‍ ഉണ്ടായിരുന്ന ജോലി വിജി വര്‍ഷങ്ങര്‍ക്കു മുന്‍പ് നിര്‍ത്തിയിരുന്നു.
പത്ര മാധ്യമങ്ങളാണ് ഇവരുടെ വിഷമങ്ങളെ പുറം ലോകത്തെത്തിച്ചത്. വാര്‍ത്ത ശ്രദ്ധയില്‍ പെട്ട പൊതു പ്രവര്‍ത്തകയും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫുമായ രഞ്ജിനി അനിലനാണ് ആദ്യം ക്യാമ്പിലെത്തി സാന്ത്വന സഹായം നല്‍കിയത്. ജില്ലാ ഭരണകൂടവുമായി ബന്ധപ്പെട്ട് ഇവര്‍ക്ക് വേണ്ട സഹായങ്ങളും ഇവര്‍ ചെയ്തു കൊടുത്തു. വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് സുമനസുകളുടെ ധനസഹായം വിജിയുടെ അക്കൗണ്ടിലേക്ക് എത്തി.
നാലുലക്ഷം രൂപയാണ് ഇവരുടെ പുനരധിവാസത്തിനു ലഭിച്ചത്. ഇതിനിടയില്‍ കാരുണ്യ പ്രവൃത്തികളാല്‍ ജനശ്രദ്ധ നേടിയ ഫിറോസ് കുന്നുംപറമ്പില്‍ മൂന്നുലക്ഷം രൂപയും ഇവര്‍ക്ക് നല്‍കി. തുടര്‍ന്ന് ഇവര്‍ക്ക് വേണ്ടി നാല് സെന്റ് സ്ഥലവും വാങ്ങി. രജിസ്‌ട്രേഷന്‍ നടപടികളും കഴിഞ്ഞു. വീട് കൂടി ഇവര്‍ക്ക് വേണ്ടതിനാല്‍ ഈ വിവരങ്ങള്‍ രഞ്ജിനി അനിലന്‍ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പെടുത്തിയിരുന്നു.
സ്ഥലം ഉണ്ടെങ്കില്‍ വീടു പണിതു നല്‍കാമെന്ന് ആലുക്കാസ് ഉറപ്പു നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം രജിസ്‌ട്രേഷന്‍ നടന്ന സ്ഥലത്തിന്റെ മറ്റു രേഖകള്‍ കൂടി ഹാജരാക്കിയാല്‍ ഒരു മാസത്തിനകം വീടു പണി ആരംഭിക്കും. ദുരിതാശ്വാസ ക്യാംപയിരുന്ന മണലൂര്‍ പഞ്ചായത്ത് പട്ടിക ജാതി വ്യവസായ കേന്ദ്രത്തിലെ ഒരു മുറിയിലാണ് ഇവരിപ്പോഴും. രണ്ടു മക്കളെ ബന്ധു വീടുകളിലാണ് താമസിപ്പിച്ചിരിക്കുന്നത്.
സുമനസുകളുടെ സഹായത്താല്‍ താമസസൗകര്യമൊരുങ്ങുമ്പോഴും പ്രതിദിനമുള്ള ചികിത്സാ ചെലവും ഈ കുടുംബത്തിന് വേദനകള്‍ നല്‍കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."